മുംബൈ: ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ‘ഫ്ളൈ ദുബായ്’ വിമാനത്തെ വൻ ദുരന്തത്തിൽനിന്ന് രക്ഷിച്ചത് ഇന്ത്യൻ വംശജനായ പൈലറ്റ് സ്മിത്ത് മചാറിന്റെ സമയോചിതമായ ഇടപെടൽ. കോക്പിറ്റിനുള്ളിൽ ഒമാൻ സ്വദേശിയായ സഹപൈലറ്റ്, ക്യാപ്റ്റനായ സ്മിത്തിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും വിമാനം തകർക്കാനുമായിരുന്നു സഹപൈലറ്റിന്റെ ശ്രമം. കുത്തേറ്റ ശേഷവും മച്ചാർ സഹപൈലറ്റിനെ വീര്യത്തോടെ ചെറുത്തുതോൽപ്പിച്ചു.
വിമാനം സുരക്ഷിതമാക്കിയ ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രംഗത്തെത്തി. പൈലറ്റിന്റെ അസാധാരണ ധീരതയെ അഭിവാദ്യം ചെയ്തുകൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി എക്സിൽ കുറിച്ചു. വിനാശകരമായ ആകാശ ദുരന്തം തടഞ്ഞതിന് സ്മിത് മച്ചാറിനെ പേരെടുത്തു പറഞ്ഞാണ് നെതന്യാഹു പ്രശംസിച്ചത്.
ശരീരത്തിൽ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റിട്ടും അദ്ദേഹം ചെറുത്തുനിൽക്കുകയും കോക്ക്പിറ്റ് വാതിൽ തുറന്ന് യാത്രക്കാരെയും ജീവനക്കാരെയും ആക്രമണകാരിയെ കീഴടക്കാൻ പ്രാപ്തരാക്കുകയുമായിരുന്നു. സ്മിത് മച്ചാറിന്റെ അടിയന്തര ഇടപെടലിലൂടെ 174 യാത്രക്കാരുടെ ജീവനാണ് രക്ഷപ്പെട്ടതെന്നും നെതന്യാഹു കുറിച്ചു.
ലിങ്ക്ഡ്ഇൻ പ്രഫൈൽ പ്രകാരം 2022 ജൂൺ മുതൽ ഫ്ലൈ ദുബായിയുടെ ബോയിങ് 737 വിഭാഗത്തിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചു വരികയാണ് മുംബൈ സ്വദേശിയായ മച്ചാർ. അതിനുമുമ്പ് സ്പൈസ് ജെറ്റിൽ 11 വർഷം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അവിടെ സീനിയർ കമാൻഡറായും പരിശീലകനായും ലൈൻ ട്രെയിനിങ് ക്യാപ്റ്റനായും പ്രവർത്തിച്ച അദ്ദേഹത്തിന് ബോയിങ് 737-800, 737 മാക്സ് 8, 9 എന്നീ വിമാനങ്ങളിൽ 9,750 മണിക്കൂർ പറന്നതിന്റെ അനുഭവസമ്പത്തുമുണ്ട്.
ഏറ്റുമുട്ടിയ പൈലറ്റുമാർ റഷ്യൻ, യുക്രൈൻ പൗരന്മാരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരങ്ങൾ. പിന്നീടാണ് ഇന്ത്യക്കാരനായ പൈലറ്റിനെ ഒമാൻകാരനായ സഹപൈലറ്റ് ആക്രമിച്ചെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒമാനി പൈലറ്റ് ഫ്ലൈ ദുബായിൽ ചേർന്നിട്ട് ഒരു വർഷമാകുന്നതേയുള്ളൂവെന്നും ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സാഹചര്യം കൂടുതൽ വഷളാകുന്നതിന് മുൻപ് സഹപൈലറ്റിനെ കീഴ്പ്പെടുത്താൻ യാത്രക്കാരും മറ്റു വിമാനജീവനക്കാരും ഇടപെട്ടിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, യാത്രക്കാരനായി വിമാനത്തിലുണ്ടായിരുന്ന മറ്റൊരു ഓഫ്-ഡ്യൂട്ടി പൈലറ്റാണ് വിമാനം സൗദിയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കാൻ സഹായിച്ചത്. എന്നാൽ യാത്രക്കാരുടെയോ ഓഫ്-ഡ്യൂട്ടി പൈലറ്റിന്റെയോ പങ്കിനെക്കുറിച്ച് അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കുത്തേറ്റ ക്യാപ്റ്റന്റെ ആരോഗ്യാവസ്ഥ ഗുരുതരമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരു ഇസ്രയേലി ദന്തഡോക്ടറാണ് പരുക്കേറ്റ ക്യാപ്റ്റന് പ്രാഥമിക അടിയന്തര ചികിത്സ നൽകിയതെന്ന് യാത്രക്കാർ പറയുന്നു. രണ്ടു പൈലറ്റുമാരും നിലവിൽ തബൂക്കിലെ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ ചികിത്സയിലാണ്.




