കൊച്ചി: സ്ഥാവര വസ്തുക്കളുടെ ജപ്തി ചെണ്ട കൊട്ടി നാട്ടുകാരെ അറിയിക്കുന്ന രീതി അവസാനിപ്പിച്ചതിനു പിന്നാലെ, കിണ്ണം മുട്ടി വിളംബരം ചെയ്യുന്ന നടപടിയും ചരിത്രമാകുന്നു. രാജഭരണകാലത്ത് തുടങ്ങി സിവിൽ നടപടിക്രമത്തിന്റെ ഭാഗമായി ഇന്നും തുടരുന്ന ഈ കാലഹരണപ്പെട്ട രീതി ഒഴിവാക്കാൻ ഹൈക്കോടതി റൂൾ കമ്മിറ്റി തീരുമാനിച്ചതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
ജപ്തി ചെയ്യുന്ന വസ്തുവിന് സമീപത്തു വെച്ച് ചെണ്ടകൊട്ടിയോ മറ്റു പരമ്പരാഗത രീതികളിലോ വിളംബരം ചെയ്യണമെന്നും ഉത്തരവിന്റെ പകർപ്പ് കോടതിയിലും വസ്തുവിലും പതിപ്പിക്കണമെന്നുമാണ് നിലവിലെ നിയമം. ചെണ്ടകൊട്ടിയുള്ള വിളംബരം ഇപ്പോൾ അപൂർവ്വമാണെങ്കിലും, കിണ്ണം മുട്ടിയുള്ള അറിയിപ്പ് പല കോടതികളുടെയും നടപടികളുടെ ഭാഗമായി ഇപ്പോഴും തുടരുന്നുണ്ട്. പാലക്കാട് ജില്ലാ കോടതി നൽകിയ വിവരാവകാശ മറുപടിയിൽ, 2022 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ മാത്രം 56,000 രൂപ വിളംബര ചാർജായി ഈടാക്കിയതായി ചൂണ്ടിക്കാണിച്ചിരുന്നു.
ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്ത് കൊല്ലത്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവമടക്കം ഉന്നയിച്ച്, ഈ അനാചാരം അവസാനിപ്പിക്കാൻ ബോബൻ മട്ടുമന്ത നൽകിയ ഹർജിയെത്തുടർന്നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് വിഷയം റൂൾ കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്. ജപ്തി നടപടികൾ അറിയിക്കാൻ ആധുനിക മാധ്യമങ്ങളും സാങ്കേതികവിദ്യകളും ലഭ്യമാണെന്ന കാര്യവും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.




