2024-ൽ PNAS എന്ന ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഒരു ലിറ്റർ കുപ്പി വെള്ളത്തിൽ ശരാശരി 2,40,000 പ്ലാസ്റ്റിക് കണികകൾ അടങ്ങിയിട്ടുണ്ട്. ഇതിൽ 90 ശതമാനത്തോളവും അതിസൂക്ഷ്മമായ നാനോപ്ലാസ്റ്റിക്കുകളാണ്. മുൻകാലങ്ങളിലെ പരിശോധനാ രീതികളിൽ ഇവ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
എന്നാൽ ഈ വിവരങ്ങളെ വളരെ ജാഗ്രതയോടെ വേണം സമീപിക്കേണ്ടതെന്ന് ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. സഞ്ജയ് റെയ്ന വ്യക്തമാക്കുന്നു. ഈ പഠനം വെള്ളത്തിലെ കണികകളുടെ അളവ് മാത്രമാണ് പരിശോധിച്ചതെന്നും, അത് മനുഷ്യശരീരത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
വെള്ളം കുടിച്ചതിനു ശേഷം എന്താണ് സംഭവിക്കുന്നതെന്ന് ഈ പഠനം വ്യക്തമാക്കുന്നില്ല. ഈ പ്ലാസ്റ്റിക് കണികകൾ എത്രത്തോളം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുണ്ടെന്നോ, അവ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നോ, ദീർഘകാലാടിസ്ഥാനത്തിൽ ഏതെങ്കിലും രോഗങ്ങൾക്ക് കാരണമാകുന്നുണ്ടോ എന്നോ നമുക്കിതുവരെ കൃത്യമായി അറിയില്ല. കുപ്പിവെള്ളത്തിലെ കണികകളുടെ എണ്ണം അടിസ്ഥാനമാക്കി ഒരാളുടെ ആരോഗ്യ അപകടസാധ്യത കണക്കാക്കാൻ നിലവിൽ വൈദ്യശാസ്ത്രത്തിൽ വഴികളൊന്നുമില്ല.
മൈക്രോപ്ലാസ്റ്റിക്കുകൾക്കും നാനോപ്ലാസ്റ്റിക്കുകൾക്കും മനുഷ്യന്റെ കോശങ്ങളിലേക്കും അവയവങ്ങളിലേക്കും കടന്നുചെല്ലാൻ സാധിക്കുമോ, അവ എത്രകാലം ശരീരത്തിൽ തങ്ങിനിൽക്കും, ദീർഘകാല ഉപയോഗം കൊണ്ട് എന്തൊക്കെ സംഭവിക്കും തുടങ്ങിയ ചോദ്യങ്ങൾക്ക് ശാസ്ത്രലോകം ഇന്നും ഉത്തരം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ അനിശ്ചിതത്വം ഭയപ്പെടാനുള്ള കാരണമല്ലെന്നും, മറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയാണ് കാണിക്കുന്നതെന്നും ഡോ. റെയ്ന പറയുന്നു.
ഒരു കുപ്പിയിലെ വെള്ളം കുടിക്കുന്നത് കൊണ്ട് രോഗം ഉണ്ടാകുമെന്ന് നിലവിൽ ഒരു രോഗിയോടും ഉറപ്പിച്ചു പറയാൻ കഴിയില്ല. അതേസമയം, ഇത് ദീർഘകാലം ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രത്യാഘാതങ്ങൾ തള്ളിക്കളയാനും കഴിയില്ല. ഇതിനായി പരിഭ്രാന്തിപ്പെടാതെ പ്രായോഗികമായ ചില മുൻകരുതലുകൾ എടുക്കുകയാണ് വേണ്ടത്.
ശുദ്ധമായ കുടിവെള്ളം ലഭ്യമായ സ്ഥലങ്ങളിൽ, സിംഗിൾ-യൂസ് പ്ലാസ്റ്റിക് കുപ്പികളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഫിൽട്ടർ ചെയ്ത ടാപ്പ് വെള്ളമോ ശരിയായി പരിപാലിക്കുന്ന വാട്ടർ ഫിൽട്ടറുകളോ ഉപയോഗിക്കാം. കുപ്പിവെള്ളം വാഹനങ്ങൾക്കുള്ളിൽ ചൂടേൽക്കുന്ന രീതിയിൽ വെക്കാതിരിക്കുക, സാധ്യമാകുന്നിടത്ത് സ്റ്റീൽ അല്ലെങ്കിൽ ഗ്ലാസ് കുപ്പികൾ ഉപയോഗിക്കുക തുടങ്ങിയ ലളിതമായ മുൻകരുതലുകൾ സ്വീകരിക്കാം. ഒപ്പം, ഏത് സ്രോതസ്സിൽ നിന്നുള്ള വെള്ളമാണെങ്കിലും ശരീരം നിർജ്ജലീകരണം സംഭവിക്കാതെ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
ഈ ഗവേഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശം ഭയമല്ല, മറിച്ച് ബോധവൽക്കരണമാണ്. നാം കുടിക്കുന്ന വെള്ളത്തിൽ എന്തൊക്കെയുണ്ടെന്ന് മുൻപത്തേക്കാൾ വ്യക്തമായി ഇപ്പോൾ അറിയാൻ സാധിക്കുന്നു എന്നതാണ് പ്രധാനം. ഇനി ഇവ മനുഷ്യശരീരത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ശാസ്ത്രീയമായി വ്യക്തത വരുത്തുകയാണ് അടുത്ത പടി.




