2022 ജനുവരി 16-ന് രാവിലെ ഏഴു മണിക്കാണ് ഷൂട്ടിംഗിനായി ഇറങ്ങിയ ബംഗ്ലാദേശി നടി റൈമ ഇസ്ലാം ഷിമുവിനെ കാണാതായത്. ഫോൺ വിളിച്ചിട്ട് കിട്ടാതിരിക്കുകയും ലൊക്കേഷനിൽ എത്താതിരിക്കുകയും ചെയ്തതോടെ അടുത്ത ദിവസം രാവിലെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. എന്നാൽ തൊട്ടടുത്ത ദിവസം ധാക്കയ്ക്ക് പുറത്തുള്ള ഒരു പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ ഒരു മൃതദേഹം പോലീസ് കണ്ടെത്തി. ആ മൃതദേഹം രണ്ടു കഷണങ്ങളാക്കി മുറിച്ച നിലയിൽ റൈമയുടേതായിരുന്നു. സിനിമാരംഗത്തെ പ്രമുഖരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, കേസിലെ നിർണായകമായ വഴിത്തിരിവ് ലഭിച്ചത് അവരുടെ വീട്ടിലെ കാറിൽ നിന്നായിരുന്നു.
ബംഗ്ലാദേശ് സിനിമാലോകത്ത് ഏവർക്കും സുപരിചിതയായ മുഖമായിരുന്നു റൈമ ഇസ്ലാം ഷിമു. 1998-ൽ ‘വർത്തമാൻ’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അവർ 2002 വരെയുള്ള കാലയളവിൽ 25-ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. കൂടാതെ നിരവധി നാടകങ്ങളിലും സീരിയലുകളിലും അവർ സജീവമായിരുന്നു. അഭിനയരംഗത്ത് തിളങ്ങിനിൽക്കുമ്പോഴാണ് വ്യവസായിയായ ശാഖാവത്ത് അലി നോബലുമായി റൈമ പ്രണയത്തിലാകുന്നതും 2004-ൽ വിവാഹം കഴിക്കുന്നതും. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും ടെലിവിഷൻ നിർമ്മാണ രംഗത്തും മാർക്കറ്റിംഗ് മേഖലയിലും അവർ സജീവമായി തുടരുകയായിരുന്നു. രണ്ട് കുട്ടികളുമായി ധാക്കയിൽ സമാധാനപരമായ കുടുംബജീവിതം നയിക്കുകയാണെന്ന് പുറമേക്ക് തോന്നിച്ചെങ്കിലും ആ വീടിനുള്ളിൽ നടന്നത് മറ്റൊന്നായിരുന്നു.
ജനുവരി 16 ഞായറാഴ്ച രാവിലെ ഏഴു മണിക്ക് ഷൂട്ടിംഗിനായി റൈമ വീട്ടിൽ നിന്ന് ഇറങ്ങിയെന്നാണ് ഭർത്താവ് ശാഖാവത്ത് പറഞ്ഞിരുന്നത്. എന്നാൽ അവർ ലൊക്കേഷനിൽ എത്തിയില്ലെന്ന് മനസ്സിലാക്കിയ സഹോദരി ഫാത്തിമ, ശാഖാവത്തിനെ ബന്ധപ്പെട്ടെങ്കിലും തനിക്കൊന്നും അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. രാത്രിയായിട്ടും നടി തിരിച്ചെത്താതിരുന്നതോടെ അടുത്ത ദിവസം രാവിലെ കുടുംബം പോലീസിൽ പരാതി നൽകി. അതിനുശേഷമാണ് ഹസ്രത്ത്പൂർ പാലത്തിന് സമീപത്ത് നിന്ന് സംശയകരമായ രീതിയിൽ ഒരു ചാക്ക് കണ്ടെത്തിയതായി പോലീസിന് സന്ദേശം ലഭിക്കുന്നത്. കഷണങ്ങളാക്കി മുറിച്ച നിലയിലായിരുന്ന മൃതദേഹം റൈമയുടേതാണെന്ന് സഹോദരൻ തിരിച്ചറിഞ്ഞതോടെ കേസ് കൊലപാതക അന്വേഷണത്തിലേക്ക് വഴിമാറി.
തുടക്കത്തിൽ സിനിമാ സംഘടനയുമായുള്ള തർക്കങ്ങളുടെ പേരിൽ നടൻ സായിദ് ഖാനെ പോലീസ് ചോദ്യം ചെയ്തെങ്കിലും അദ്ദേഹത്തിന് പങ്കില്ലെന്ന് തെളിഞ്ഞു. തുടർന്ന് റൈമയുടെ ഭർത്താവിനെയും വീട്ടുജോലിക്കാരനെയും പോലീസ് വീണ്ടും ചോദ്യം ചെയ്തു. ഇരുവരും റൈമ രാവിലെ പോയെന്ന മുൻ നിലപാടിൽ തന്നെ ഉറച്ചുനിന്നു. എന്നാൽ റൈമയും ഭർത്താവും ഉപയോഗിച്ചിരുന്ന കുടുംബ കാർ പരിശോധിച്ച പോലീസിന് ബ്ലീച്ചിംഗ് പൗഡറിന്റെ ശക്തമായ മണം അനുഭവപ്പെടുകയും, തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി സംശയം തോന്നുകയും ചെയ്തു. ഒപ്പം ചാക്ക് കൂട്ടിക്കെട്ടാൻ ഉപയോഗിച്ചതിന് സമാനമായ നൈലോൺ കയറിന്റെ അവശിഷ്ടങ്ങളും കാറിൽ നിന്ന് കണ്ടെത്തിയതോടെ അന്വേഷണ സംഘത്തിന് കാര്യം വ്യക്തമായി.
തുടർന്ന് ഭർത്താവ് ശാഖാവത്തിനെയും സുഹൃത്ത് ഫർഹാദിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ സത്യം പുറത്തുവന്നു. ഷൂട്ടിംഗിനായി റൈമ പുറത്തുപോയിരുന്നില്ലെന്നും, അന്ന് രാവിലെ 7 മണിക്ക് ഇരുവർക്കുമിടയിൽ ഉണ്ടായ വഴക്കിനൊടുവിൽ ശാഖാവത്ത് റൈമയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. തുടർന്ന് സുഹൃത്ത് ഫർഹാദിനെ വിളിച്ചുവരുത്തുകയും ജോലിക്കാരനെ പുറത്തേക്ക് പറഞ്ഞയച്ച ശേഷം മൃതദേഹം കഷണങ്ങളാക്കി ചാക്കിലാക്കുകയുമായിരുന്നു. പകൽ സമയത്ത് മൃതദേഹം ഉപേക്ഷിക്കാൻ ഇറങ്ങിയെങ്കിലും ആളുകൾ കാണുമെന്ന ഭയത്താൽ രാത്രി 9 മണിയോടെയാണ് മൃതദേഹം പാലത്തിന് സമീപം ഉപേക്ഷിച്ചത്. അടുത്ത ദിവസം രാവിലെ ഒന്നും അറിയാത്തതുപോലെ ശാഖാവത്ത് പോലീസിൽ പരാതി നൽകാൻ എത്തുകയായിരുന്നു.
വർഷങ്ങളായി മാനസികമായി അസ്വസ്ഥനായിരുന്ന ശാഖാവത്ത് റൈമയെ സംശയിക്കുകയും നിരന്തരം ഉപദ്രവിക്കുകയും ചെയ്തിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കോവിഡ് കാലത്ത് ഉണ്ടായ സാമ്പത്തിക തകർച്ചയും കുടുംബത്തിലെ പ്രശ്നങ്ങൾ രൂക്ഷമാക്കി. കൊല്ലപ്പെടുന്നതിന് മാസങ്ങൾക്ക് മുമ്പ് റൈമ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. അമ്മയെ പിതാവ് നിരന്തരം ഉപദ്രവിച്ചിരുന്നതായി റൈമയുടെ മകളും പോലീസിന് മൊഴി നൽകി. പോലീസിന്റെ കസ്റ്റഡിയിലിരിക്കെ ശാഖാവത്ത് മകളെ വിളിച്ച് അമ്മയെ കൊന്നതിന് മാപ്പ് ചോദിച്ചതായും റിപ്പോർട്ടുകളുണ്ട്. തെളിവുകൾ നശിപ്പിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കാറിലെ ബ്ലീച്ചിംഗ് പൗഡറിന്റെ മണവും കയറും പ്രതികളെ കുടുക്കുകയായിരുന്നു.




