Crime

വഴുതനങ്ങാക്കറിയും ചപ്പാത്തിയും കഴിച്ച് കിടന്നു; 3 കുഞ്ഞുങ്ങൾ മരിച്ചനിലയിൽ; പോലീസിനെ അറിയിക്കാതെ മൃതദേഹങ്ങൾ അടക്കി, മാതാപിതാക്കളെ ചോദ്യം ചെയ്യുന്നു

മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന മൂന്ന് പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇഷാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പിപോര ഖുർദ് ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. ബാൽമുകുന്ദ് കുശ്വാഹയുടെ മക്കളായ ഏഴ് വയസുകാരി പൂനം, മൂന്ന് വയസുകാരി മനീഷ, ഒൻപത് മാസം മാത്രം പ്രായമുള്ള ചാഹത് എന്നിവരാണ് മരണപ്പെട്ടത്.

മരിക്കുന്നതിന് തലേദിവസം രാത്രി കുട്ടികൾ വഴുതനങ്ങാക്കറിയും ചപ്പാത്തിയുമാണ് (ബൈംഗൻ ഭർത്തയും റൊട്ടിയും) കഴിച്ചിരുന്നതെന്ന് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു. ഭക്ഷണത്തിൽ വിഷാംശം കലർന്നിട്ടുണ്ടോ അതോ മറ്റെന്തെങ്കിലും പദാർത്ഥങ്ങൾ ഉള്ളിൽ ചെന്നതാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ, കുട്ടികളുടെ മരണം സംഭവിച്ച ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കാതെ കുടുംബാംഗങ്ങൾ മൂന്ന് മൃതദേഹങ്ങളും സംസ്കരിക്കുകയായിരുന്നു. വാർത്തയറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസും ഫോറൻസിക് ടീമും വീടും പരിസരവും പരിശോധിച്ചു. സംസ്കരിച്ച മൃതദേഹങ്ങൾ ഉടൻ പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയക്കുമെന്ന് പോലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിച്ചു വരികയാണെന്നും മെഡിക്കൽ, ഫോറൻസിക് റിപ്പോർട്ടുകൾ പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും ഛത്തർപൂർ സി.എം.എച്ച്.ഒ ഡോ. ആർ.പി. ഗുപ്ത പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൃത്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നിലവിൽ കുട്ടികളുടെ മരണത്തിൽ ദുരൂഹത തുടരുന്നതിനാൽ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.