ഇന്ത്യൻ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിൽ കർശന നിലപാടുകളുള്ള പരിശീലകനാണ് ഗൗതം ഗംഭീറെങ്കിലും, ചില തീരുമാനങ്ങൾ അദ്ദേഹത്തെയും അലോസരപ്പെടുത്തിയിട്ടുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തൽ. ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്കിടെ കൗമാരതാരം വൈഭവ് സൂര്യവംശിക്കായി മലയാളി താരം സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കിയ ദിവസം തനിക്ക് ഉറങ്ങാൻ പോലും സാധിച്ചിരുന്നില്ലെന്ന് ഗംഭീർ പറഞ്ഞു. തന്റെ പരിശീലന കാലയളവിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വന്റി20 ലോകകപ്പിലെ മികച്ച താരമായിരുന്ന സഞ്ജുവിനെ, ഇംഗ്ലണ്ടിൽ നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ പോരാട്ടത്തിലെ പരാജയത്തിന് ശേഷമാണ് ഇന്ത്യ പുറത്തിരുത്തിയത്. സഞ്ജുവിന് പകരം ടീമിലെത്തിയ വൈഭവ് മാഞ്ചസ്റ്ററിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. എന്നാൽ പിന്നീട് അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ വൈഭവിന് പകരം തിരിച്ചെത്തിയ സഞ്ജു, തുടർച്ചയായ രണ്ട് അർധസെഞ്ചറികളോടെ ടീമിന് 3-0 ന്റെ പരമ്പര ജയം സമ്മാനിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ടു വർഷത്തെ പരിശീലക ജീവിതത്തിൽ തനിക്ക് ഉറക്കം നഷ്ടപ്പെട്ട ഏക രാത്രി അതായിരുന്നുവെന്നും ഇക്കാര്യം സഞ്ജുവിനോട് നേരിട്ട് പറഞ്ഞിരുന്നുവെന്നും ഗംഭീർ വ്യക്തമാക്കി. വൈഭവ് മികച്ച ഫോമിലായിരുന്നതിനാലും പരമ്പര ജയം അനിവാര്യമായിരുന്നതിനാലുമാണ് ഇത്തരമൊരു കടുപ്പമേറിയ തീരുമാനം എടുക്കേണ്ടി വന്നത്. സഞ്ജുവുമായി കാര്യങ്ങൾ തുറന്നു സംസാരിച്ചപ്പോൾ അദ്ദേഹം അത് വളരെ പോസിറ്റീവായാണ് സ്വീകരിച്ചതെന്നും വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിൽ ഗംഭീർ കൂട്ടിച്ചേർത്തു.




