കോഴിക്കോട് താമരശ്ശേരിയിൽ ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധൻ പിടിയിൽ. പുതുപ്പാടി സ്വദേശിയായ അൻവർ സാദത്തിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികമായി ഉപദ്രവിച്ച ശേഷം വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പോക്സോ കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പിലാണ് കൊടുവള്ളി സ്വദേശിയായ യുവതിയും ഭർത്താവും ഇയാളെ സമീപിച്ചത്. തേങ്ങ ഉഴിഞ്ഞ് മന്ത്രിച്ചാൽ പ്രശ്നങ്ങളെല്ലാം മാറുമെന്ന് വിശ്വസിപ്പിച്ച ഇയാൾ, ചടങ്ങുകളുടെ ഭാഗമായി ഭർത്താവിനോട് മുറിയുടെ മൂലയിലേക്ക് തിരിഞ്ഞിരുന്ന് കണ്ണടച്ച് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. ഭർത്താവ് കണ്ണടച്ചിരുന്ന സമയം യുവതിയെ മുറിയുടെ പിൻഭാഗത്തേക്ക് കൊണ്ടുപോയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.
മുമ്പും സമാനമായ രീതിയിൽ ഇയാൾ നിരവധി സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ട്. താമരശ്ശേരി പോലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെ അഞ്ചോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. വ്യാജസിദ്ധന്റെ പീഡനങ്ങൾക്കെതിരെ പരാതികൾ ഉയർന്നതിനെ തുടർന്ന് ഇയാളുടെ ചികിത്സാ കേന്ദ്രത്തിലേക്ക് മുമ്പ് നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.




