ചെന്നൈ: ഹ്രസ്വ ചിത്രം നിർമിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി യുവാവിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും, പിന്നീട് പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കവർച്ച ചെയ്യുകയും ചെയ്ത കേസിൽ നടിയും റിയാലിറ്റി ഷോ താരവുമായ വർഷിണി വെങ്കട്ട് അറസ്റ്റിലായി. ചെന്നൈ പൊലീസാണ് നടിയെയും കൂടെയുണ്ടായിരുന്നവരെയും പിടിയിലാക്കിയത്.
ഹ്രസ്വ ചിത്ര നിർമാണത്തിന്റെ പേരിൽ വർഷിണിയുടെ വാഗ്ദാനം വിശ്വസിച്ചാണ് പരാതിക്കാരനായ യുവാവ് അഞ്ച് ലക്ഷം രൂപ കൈമാറിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും സിനിമയുടെ പണികളൊന്നും നടക്കാതിരുന്നതോടെ യുവാവ് പണം തിരികെ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് തുക നൽകാനെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തിയ നടി, ഇയാളെ ഭീഷണിപ്പെടുത്തുകയും പക്കലുണ്ടായിരുന്ന 50,000 രൂപയും രണ്ട് വിലകൂടിയ മൊബൈൽ ഫോണുകളും ബലമായി കവരുകയുമായിരുന്നു.
യുവാവ് നൽകിയ പരാതിയിൽ തട്ടിപ്പ്, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി വർഷിണിക്കും മറ്റു മൂന്നുപേർക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും നടിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്.




