ചൈനയിലെ ഒരു കുടുംബവഴക്ക് അപൂർവ്വമായ ഒരു നിയമപോരാട്ടത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. തന്റെ പേരക്കുട്ടിയെ വളർത്താൻ കഴിഞ്ഞ 15 വർഷത്തോളമായി ചെലവഴിച്ച തുകയും പ്രയത്നവും കണക്കാക്കി, മകനിൽ നിന്ന് ഏകദേശം 51 ലക്ഷം രൂപ ($54,000) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു മുത്തശ്ശി രംഗത്തെത്തി.
2014-ൽ മകൻ ലിയാങ് വിവാഹമോചനം നേടിയതിനെത്തുടർന്നാണ് ഷു എന്ന മുത്തശ്ശി നാല് വയസ്സുള്ള പേരക്കുട്ടിയുടെ പ്രധാന സംരക്ഷകയായി മാറുന്നത്. സ്വന്തം ഭർത്താവുമായി പിരിഞ്ഞ ശേഷം മകന്റെ വീട്ടിലേക്ക് താമസം മാറ്റിയ ഷു, പിന്നീട് കുട്ടിയുടെ പൂർണ്ണ ചുമതല ഏറ്റെടുക്കുകയായിരുന്നു. പഠനം, വൈദ്യസഹായം, ദൈനംദിന ജീവിതച്ചെലവുകൾ എന്നിവ ഉൾപ്പെടെയുള്ള വലിയ തുക വർഷങ്ങളോളം ഷു തനിയെ വഹിച്ചു.
എന്നാൽ ലിയാങ് രണ്ടാമത് വിവാഹം കഴിക്കുകയും മകളെ അമ്മയുടെ അടുക്കൽ ഉപേക്ഷിച്ച് വേറെ താമസം മാറുകയും ചെയ്തതോടെ കുടുംബത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചു. കുട്ടിയെ വളർത്തുന്നത് തനിക്ക് സാമ്പത്തികമായി വലിയ ബാധ്യതയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഷു കോടതിയെ സമീപിച്ചത്. മകൻ അച്ഛന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും കുടുംബത്തോടുള്ള കടമ നിർവഹിക്കുന്നില്ലെന്നും അവർ ഹർജിയിൽ ആരോപിച്ചു. എന്നാൽ താൻ കഴിവതും മകളെ നോക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് ലിയാങ് വാദിക്കുന്നത്.
പ്രാദേശിക കോടതി കേസിന്റെ വിവരങ്ങൾ പുറത്തുവിട്ടതോടെ ചൈനയിൽ ഇത് വലിയ ചർച്ചയായി മാറിയിട്ടുണ്ട്. മാതാപിതാക്കൾക്ക് കഴിയാതെ വരുമ്പോൾ കുട്ടികളെ വളർത്തേണ്ട ഉത്തരവാദിത്തം എത്രത്തോളം മുത്തശ്ശിമാർക്കുണ്ടെന്ന ചോദ്യമാണ് സമൂഹം ഉയർത്തുന്നത്. അടുത്ത തലമുറയെ വളർത്താൻ മുത്തശ്ശിമാരെ മാത്രം ആശ്രയിക്കാതെ, രാജ്യത്ത് കൂടുതൽ ചൈൽഡ് കെയർ സൗകര്യങ്ങളും സർക്കാർ പിന്തുണയും ഉറപ്പാക്കണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യമുയരുന്നുണ്ട്.




