Oddly News

ഇനി അതിനും വില കിട്ടു​മോ? ! മനുഷ്യവിസർജ്യം കോൺക്രീറ്റിന് ബലം കൂട്ടും! കരുത്ത് 42 ശതമാനം വർധിപ്പിക്കുമെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ

സംസ്കരിച്ച മനുഷ്യവിസർജ്യം ഉപയോഗിച്ച് കൂടുതൽ കരുത്തുള്ള പുതിയ തരം കോൺക്രീറ്റ് വികസിപ്പിച്ചെടുത്ത് ഇന്ത്യയിലെ ശാസ്ത്രജ്ഞർ. മണിപ്പാൽ യൂണിവേഴ്സിറ്റി ജയ്പ്പൂരിലെ സിവില് എഞ്ചിനീയറായ രഘുവേഷ് തിവാരിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ പുതിയ കണ്ടെത്തലിന് പിന്നിൽ. തെലങ്കാനയിലെ വറങ്കളിലുള്ള ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് ശേഖരിച്ച സംസ്കരിച്ച മലിനജല അവശിഷ്ടങ്ങൾ ഉപയോഗിച്ചാണ് ഇവർ ‘ബയോചാർ’ (Biochar) നിർമ്മിച്ചത്.

ഓക്സിജന്റെ അളവ് വളരെ കുറഞ്ഞ അന്തരീക്ഷത്തിൽ ജൈവവസ്തുക്കൾ ചൂടാക്കുമ്പോൾ ലഭിക്കുന്ന കാർബൺ അടങ്ങിയ പദാർത്ഥമാണ് ബയോചാർ. ഈ പഠനത്തിനായി, സംസ്കരിച്ച മലിനജല അവശിഷ്ടങ്ങൾ ഉണക്കി 350 നും 450 നും ഇടയിൽ ഡിഗ്രി സെൽഷ്യസിൽ ചൂടാക്കി പൊടിച്ചെടുക്കുകയായിരുന്നു. തുടർന്ന് സാധാരണ കോൺക്രീറ്റിൽ ചേർക്കുന്ന സിമന്റിന് പകരം 5%, 10%, 15% എന്നിങ്ങനെ ഈ ബയോചാർ ഘട്ടം ഘട്ടമായി ചേർത്ത് പരിശോധനകൾ നടത്തി.

ഏറെ പ്രതീക്ഷ നൽകുന്ന ഫലങ്ങളാണ് പഠനത്തിൽ ഉയർന്നുവന്നത്. 5% ബയോചാർ ചേർത്ത കോൺക്രീറ്റിന് 91 ദിവസത്തെ നിർമ്മാണ പ്രക്രിയയ്ക്ക് ശേഷം കംപ്രസീവ് സ്ട്രെങ്ത് 20 ശതമാനവും, വളയ്ക്കുമ്പോൾ ഒടിയാതിരിക്കാനുള്ള ശേഷി (Flexural strength) 36 ശതമാനവും വർദ്ധിച്ചതായി കണ്ടു. 10% ബയോചാർ ചേർത്തപ്പോൾ ഫ്ലെക്ഷറൽ സ്ട്രെങ്ത് 42 ശതമാനം വരെയും കംപ്രസീവ് സ്ട്രെങ്ത് 21 ശതമാനവും ഉയർന്നു. ചെറു സുഷിരങ്ങളുള്ള ബയോചാറിന് വെള്ളം വലിച്ചെടുക്കാനും കോൺക്രീറ്റ് ഉറയ്ക്കുന്ന സമയത്ത് അത് സാവധാനം പുറത്തുവിടാനും കഴിയും. ഇത് കോൺക്രീറ്റിന് കൂടുതൽ കരുത്ത് നൽകുന്ന രാസപ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന സിലിക്കയും കോൺക്രീറ്റിന് ബലം നൽകാൻ സഹായിക്കുന്നുണ്ട്.

അതേസമയം, കൂടുതൽ ബയോചാർ ചേർക്കുന്നത് കോൺക്രീറ്റിന്റെ ഗുണനിലവാരം കൂട്ടണമെന്നില്ല. സിമന്റിന് പകരം 15% ബയോചാർ ഉപയോഗിച്ചപ്പോൾ കോൺക്രീറ്റിൽ സുഷിരങ്ങളും വിള്ളലുകളും രൂപപ്പെടുകയും അതിന്റെ ആകെ ബലം കുറയുകയും ചെയ്തു. അതിനാൽ യഥാർത്ഥ കെട്ടിട നിർമ്മാണത്തിന് ഇത് ഉപയോഗിക്കുന്നതിന് മുൻപ് കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അമിതമായ താപനില, ഉപ്പിന്റെ സാന്നിധ്യം, മഞ്ഞുവീഴ്ച തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിൽ ഇതിന്റെ പ്രതിരോധശേഷി എങ്ങനെയാണെന്ന് പഠിക്കേണ്ടതുണ്ട്. കൂടാതെ, മലിനജല അവശിഷ്ടങ്ങളിൽ നിന്ന് വിഷലോഹങ്ങൾ പുറത്തുവരാനുള്ള സാധ്യതയും വിലയിരുത്തേണ്ടതുണ്ട്. സയന്റിഫിക് റിപ്പോർട്ട്സ് (Scientific Reports) എന്ന പ്രമുഖ ശാസ്ത്ര ജേണലിൽ ഈ പഠനം പ്രസിദ്ധീകരണത്തിനായി അംഗീകരിച്ചിട്ടുണ്ട്.