പാക്കറ്റ് ലഘുഭക്ഷണങ്ങൾ, മധുരമുള്ള പാനീയങ്ങൾ, സംസ്കരിച്ച മാംസങ്ങൾ, റെഡി-ടു-ഈറ്റ് വിഭവങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവയുൾപ്പെടെയുള്ള അൾട്രാ-പ്രൊസസ്ഡ് ഭക്ഷണങ്ങൾ (Ultra-Processed Foods – UPF) ഇന്ന് നമ്മുടെ ഭക്ഷണക്രമത്തിന്റെ പ്രധാന ഭാഗമായി മാറിയിട്ടുണ്ട്. എളുപ്പത്തിൽ ലഭ്യമാകുന്നു എന്നതും ദീർഘകാലം കേടു കൂടാതെ ഇരിക്കും എന്നതുമാണ് പലരെയും ഇതിലേക്ക് ആകർഷിക്കുന്നത്. എന്നാൽ ഇത്തരം ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ശരീരഭാരം കൂട്ടുക മാത്രമല്ല, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.
‘ഫാമിലി മെഡിസിൻ ആൻഡ് കമ്മ്യൂണിറ്റി ഹെൽത്ത്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് അൾട്രാ-പ്രൊസസ്ഡ് ഭക്ഷണങ്ങളും വിട്ടുമാറാത്ത രോഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. അമേരിക്ക, യൂറോപ്പ്, ഏഷ്യ തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 88 ലക്ഷത്തിലധികം (8,819,894) ആളുകളിൽ 2 മുതൽ 32 വർഷം വരെ നടത്തിയ 51 പഠനങ്ങളെ വിശകലനം ചെയ്താണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്.
ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം വർദ്ധിക്കുന്നത് ഹൃദയാഘാതം, സ്ട്രോക്ക്, മറ്റ് ഹൃദ്രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. ദിവസവും കഴിക്കുന്ന അൾട്രാ-പ്രൊസസ്ഡ് ഭക്ഷണത്തിൽ ഓരോ 100 ഗ്രാം വർദ്ധിക്കുമ്പോഴും ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത 14 ശതമാനം വീതം ഉയരുന്നു എന്നാണ് കണ്ടെത്തൽ. കൂടാതെ, കാൻസർ സാധ്യത 4 ശതമാനവും, പ്രമേഹം ഉൾപ്പെടെയുള്ള മെറ്റബോളിക് പ്രശ്നങ്ങൾക്കുള്ള സാധ്യത 2 ശതമാനവും, അകാല മരണത്തിനുള്ള സാധ്യത 3 ശതമാനവും വർദ്ധിക്കുന്നതായും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
എന്താണ് അൾട്രാ-പ്രൊസസ്ഡ് ഫുഡ്?
വ്യാവസായികമായി പ്രൊസസ് ചെയ്ത്, വീട്ടു അടുക്കളകളിൽ സാധാരണയായി ഉപയോഗിക്കാത്ത കൃത്രിമ ചേരുവകളും രുചികൂട്ടുകളും ചേർത്ത് ഉണ്ടാക്കുന്ന ഭക്ഷണങ്ങളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. പാക്കറ്റ് ബിസ്കറ്റുകൾ, ചിപ്സ്, ഇൻസ്റ്റന്റ് നൂഡിൽസ്, ശീതളപാനീയങ്ങൾ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ പാസ്ചറൈസ് ചെയ്ത പാൽ, ഫ്രോസൺ പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ പ്രൊസസ് ചെയ്തതാണെങ്കിലും അൾട്രാ-പ്രൊസസ്ഡ് വിഭാഗത്തിൽ പെടുന്നില്ല.
ഇവ ഹൃദയത്തിന് ഹാനികരമാകുന്നത് എന്തുകൊണ്ട്?
അൾട്രാ-പ്രൊസസ്ഡ് ഭക്ഷണങ്ങളിൽ ഉപ്പ്, മധുരം, പൂരിത കൊഴുപ്പ് (saturated fat) എന്നിവ ഉയർന്ന അളവിലും, നാരുകളും (fibre) പോഷകങ്ങളും വളരെ കുറഞ്ഞ അളവിലുമാണ് അടങ്ങിയിരിക്കുന്നത്. ഇത് ക്രമേണ അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം എന്നിവയ്ക്ക് കാരണമാകുകയും ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.
എല്ലാ പാക്കറ്റ് ഭക്ഷണങ്ങളും ഒഴിവാക്കണോ?
എല്ലാ പാക്കറ്റ് ഭക്ഷണങ്ങളും ഒരുപോലെ ഹാനികരമല്ല. പ്രകൃതിദത്തവും കുറഞ്ഞ രീതിയിൽ മാത്രം പ്രൊസസ് ചെയ്തതുമായ ഭക്ഷണങ്ങൾക്ക് മുൻഗണന നൽകാനാണ് ലോകാരോഗ്യ സംഘടനയും (WHO) അമേരിക്കൻ ഹാർട്ട് അസോസിയേഷനും നിർദ്ദേശിക്കുന്നത്.
പച്ചക്കറികൾ, പഴങ്ങൾ, പയറുവർഗ്ഗങ്ങൾ, ധാന്യങ്ങൾ, അണ്ടിപ്പരിപ്പുകൾ, മുട്ട, മീൻ തുടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങൾ ദൈനംദിന ആഹാരത്തിൽ ഉൾപ്പെടുത്തുക. പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുമ്പോൾ അവയിലെ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് പരിശോധിക്കുന്നത് നല്ലതാണ്. അൾട്രാ-പ്രൊസസ്ഡ് ഭക്ഷണങ്ങൾ പൂർണ്ണമായി ഒഴിവാക്കാൻ സാധിച്ചില്ലെങ്കിലും അവയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.




