Featured Oddly News

ഉച്ചഭക്ഷണത്തിനിടെ എടുത്ത ലോട്ടറിക്ക് അടിച്ചത് 16 കോടി ! തിരികെ ഓഫീസിലെത്തി ജോലി ചെയ്ത് യുവതി !

ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയിൽ അമേരിക്കക്കാരിയായ ഒരു സ്ത്രീക്ക് ലഭിച്ചത് 2 ദശലക്ഷം ഡോളറിന്റെ (ഏകദേശം 16 കോടിയിലധികം രൂപ) ലോട്ടറി അടിച്ച വാർത്ത സോഷ്യൽ മീഡിയയിൽ വൻ തോതിലാണ് തരംഗമായത്. എന്നാൽ ഇത്രയും വലിയ തുക സമ്മാനമായി ലഭിച്ചിട്ടും അവർ അത് ആഘോഷിക്കാതെ തിരികെ ജോലിസ്ഥലത്തേക്ക് പോവുകയും ബാക്കി സമയം മുഴുവൻ ജോലി ചെയ്തു തീർക്കുകയും ചെയ്തു എന്ന കാര്യം ആളുകളെ ഏറെ അത്ഭുതപ്പെടുത്തി.

വിർജീനിയ സ്വദേശിയായ ഈ സ്ത്രീ, ജോലിസ്ഥലത്തെ കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് ഭക്ഷണം കഴിക്കാനും ഭാഗ്യം പരീക്ഷിക്കാനുമായി പുറത്തേക്ക് ഇറങ്ങിയതായിരുന്നു. ‘ലവ് ഫുഡ് മാർട്ട്’ എന്ന കടയിൽ നിന്ന് 20 ഡോളർ വിലയുള്ള ‘പ്ലാറ്റിനം 7s’ എന്ന സ്‌ക്രാച്ച്-ഓഫ് ടിക്കറ്റാണ് അവർ വാങ്ങിയത്. ടിക്കറ്റ് ചുരണ്ടി നോക്കിയപ്പോഴാണ് തനിക്കാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നതെന്ന് അവർ മനസ്സിലാക്കിയത്.

എന്നാൽ ലോട്ടറി അടിച്ച സന്തോഷത്തിൽ ബഹളമുണ്ടാക്കാനോ ജോലി ഉപേക്ഷിക്കാനോ അവർ തയ്യാറായില്ല. കാരണം അവരുടെ ഉച്ചഭക്ഷണ ഇടവേള അവസാനിക്കാറായിരുന്നു, ഇനിയും ഏറെ ജോലികൾ ചെയ്തു തീർക്കാനുമുണ്ടായിരുന്നു. അതിനാൽ സമ്മാന ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിച്ച് അവർ തിരികെ ഓഫീസിലെത്തി ജോലി പൂർത്തിയാക്കി. “എനിക്ക് തിരികെ ജോലിക്ക് പോകേണ്ടിയിരുന്നു, അതിനാൽ ഒന്നും സംഭവിക്കാത്തതുപോലെ ഞാൻ പെരുമാറി,” സമ്മാനം വാങ്ങാനെത്തിയപ്പോൾ അവർ വിർജീനിയ ലോട്ടറി അധികൃതരോട് പറഞ്ഞു. സംസ്ഥാനത്തെ സ്വകാര്യതാ നിയമപ്രകാരം തന്റെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനാണ് അവർ താല്പര്യപ്പെട്ടത്.

സമ്മാനത്തുക കൈപ്പറ്റാൻ രണ്ട് വഴികളാണ് ലോട്ടറി അധികൃതർ മുന്നോട്ടുവെച്ചത്. 30 വർഷം കൊണ്ട് പ്രതിവർഷ ഗഡുക്കളായി 2 ദശലക്ഷം ഡോളർ മുഴുവനായി കൈപ്പറ്റുക, അല്ലെങ്കിൽ ഒറ്റത്തവണയായി തുക വാങ്ങുക. അവർ രണ്ടാമത്തെ വഴി തിരഞ്ഞെടുക്കുകയും നികുതി കഴിച്ചുള്ള 9,52,000 ഡോളർ സ്വന്തമാക്കുകയും ചെയ്തു. വിജയിച്ച ടിക്കറ്റ് വിറ്റ കടയ്ക്കും അധികൃതർ പ്രത്യേക ബോണസ് തുക നൽകിയിട്ടുണ്ട്.

വിർജീനിയ ലോട്ടറി നിയമപ്രകാരം വിജയികൾക്ക് അവരുടെ പേരോ നാടോ വിവരങ്ങളോ പുറത്തുവിടാതെ രഹസ്യമായി തന്നെ സമ്മാനത്തുക വാങ്ങാൻ അവകാശമുണ്ട്. ലോട്ടറി അടിച്ചതിന് ശേഷം ഇവർ ജോലി രാജിവെച്ചോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.