Featured Sports

ഫുട്ബോൾഗ്രൗണ്ടിൽ കുഴഞ്ഞുവീണു മരിച്ച താരം മോർച്ചറിയിൽ വച്ച് കൈകൾ ചലിപ്പിച്ചു? ‘തിരിച്ചുവരവ്’ അഭ്യൂഹത്തിൽ പ്രതികരിച്ച് ക്ലബ്

അബൂജ (നൈജീരിയ)∙ പ്രീ-സീസൺ സൗഹൃദ മത്സരത്തിനിടെ നൈജീരിയൻ ഫുട്ബോൾ താരം കുഴഞ്ഞുവീണ് മരിച്ചെന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. നൈജീരിയൻ പ്രീമിയർ ലീഗ് ക്ലബ്ബായ കാറ്റ്സിന യുണൈറ്റഡിന്റെ 27 വയസ്സുകാരനായ റൈറ്റ് ബാക്ക് താരം ചിനെഡു ഓസർ ആണ് നൈജർ ടൊർണാഡോസിനെതിരായ കളിക്കിടെ മരണപ്പെട്ടത്. ക്ലബ്ബും ആരാധകരും ആദരാഞ്ജലികൾ അർപ്പിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചില അഭ്യൂഹങ്ങൾ വലിയ ആശയക്കുഴപ്പങ്ങൾക്ക് വഴിവെച്ചു.

മരണം സ്ഥിരീകരിച്ച ശേഷം ചിനെഡു ഓസർ ജീവനോടെ തിരിച്ചുവന്നുവെന്ന വാർത്തകളാണ് പിന്നീട് പുറത്തുവന്നത്. മോർച്ചറിയിൽ വച്ച് താരം കൈകൾ ചലിപ്പിച്ചതായും ഇതോടെ അത്ഭുതം സംഭവിച്ചെന്ന പ്രതീക്ഷയിൽ അദ്ദേഹത്തെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെന്നുമായിരുന്നു പ്രചാരണം. എന്നാൽ ഈ പ്രചാരണങ്ങളിൽ യാതൊരു സത്യവുമില്ലെന്നും താരം മരണത്തിന് കീഴടങ്ങിയെന്നും കാറ്റ്സിന യുണൈറ്റഡ് വ്യക്തമാക്കിയതോടെയാണ് വ്യാജ വാർത്തകൾക്ക് അവസാനമായത്.

പ്രമുഖ ബ്രിട്ടിഷ് മാധ്യമമായ ‘ദ് സൺ’ റിപ്പോർട്ട് ചെയ്തതനുസരിച്ച്, കളിക്കളത്തിൽ വീണ ഓസറുടെ മരണം ആദ്യം ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. എന്നാൽ മോർച്ചറിയിൽ വച്ച് താരം ചലനം കാണിച്ചതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നായിരുന്നു വാർത്തകൾ. താരം സുഖം പ്രാപിച്ചുവരുന്നതായി മുൻ ക്ലബ്ബായ ഹാർട്ട്‌ലാൻഡ് അറിയിച്ചെന്ന് സ്പാനിഷ് മാധ്യമമായ ‘മുണ്ടോ ഡിപ്പോർട്ടീവോയും’ റിപ്പോർട്ട് ചെയ്തിരുന്നു.

ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചതിനാൽ താരത്തെ മോർച്ചറിയിൽനിന്ന് മാറ്റി ഓക്സിജൻ സഹായത്തിൽ ചികിത്സിക്കുകയാണെന്നായിരുന്നു ആ പ്രസ്താവനയിൽ ഉണ്ടായിരുന്നത്. എന്നാൽ അങ്ങനെയൊരു അത്ഭുതവും സംഭവിച്ചിട്ടില്ലെന്ന് നൈജീരിയൻ മാധ്യമങ്ങളും കാറ്റ്സിന യുണൈറ്റഡും പിന്നീട് ഉറപ്പിച്ചു പറയുകയായിരുന്നു.

കളിക്കളത്തിൽ കുഴഞ്ഞുവീണ ചിനെഡു ഓസർ മരണപ്പെട്ടെന്നും താരം ബോധം വീണ്ടെടുത്തെന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്നും ക്ലബ് വ്യക്തമാക്കി. നൈജീരിയ പ്രീമിയർ ഫുട്ബോൾ ലീഗിൽ 190 മത്സരങ്ങളിൽ കളിച്ചിട്ടുള്ള ഓസർ റൈറ്റ് ബാക്കായും സെന്റർ ബാക്കായും ഒരുപോലെ തിളങ്ങിയിട്ടുണ്ടെങ്കിലും നൈജീരിയൻ ദേശീയ ടീമിൽ ഇടംനേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.