Featured Healthy Food

മുട്ടയും ടോസ്റ്റും മുതൽ മീൻ കൂട്ടിയുള്ള ഊണ് വരെ: 56-ലും ചെറുപ്പം! എവർഗ്രീൻ ഫിറ്റ്‌നസിന് സെയ്ഫ് അലി ഖാന്റെ സിമ്പിൾ ഡയറ്റ് പ്ലാൻ!

ബോളിവുഡിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായ സെയ്ഫ് അലി ഖാൻ ഓഗസ്റ്റ് 16-ന് തന്റെ 56-ാം ജന്മദിനം ആഘോഷിച്ചു. ദിൽ ചാഹ്താ ഹൈ, ഓംകാര, ലവ് ആജ് കൽ, തൻഹാജി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരം തന്റെ അഭിനയ മികവ് കൊണ്ടുമാത്രമല്ല, ആരോഗ്യകരമായ ജീവിതശൈലി കൊണ്ടും ശ്രദ്ധേയനാണ്. സെലിബ്രിറ്റികൾ പലരും കഠിനമായ ഡയറ്റുകൾ പിന്തുടരുമ്പോൾ, ലളിതമായ ഭക്ഷണരീതികളാണ് സെയ്ഫ് തിരഞ്ഞെടുക്കുന്നത്.

നേരത്തെ കർലി ടെയിൽസിന് നൽകിയ അഭിമുഖത്തിൽ തന്റെ ദിനചര്യയെക്കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചും സെയ്ഫ് തുറന്നുപറഞ്ഞിരുന്നു. ഫിറ്റ്നസ് നിലനിർത്താൻ സങ്കീർണ്ണമായ ഭക്ഷണക്രമങ്ങൾ ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഉച്ചയ്ക്ക് ലളിതമായ സസ്യാഹാരവും രാത്രിയിൽ മാംസാഹാരവുമാണ് അദ്ദേഹം കഴിക്കുന്നത്. രാവിലത്തെ പ്രഭാതഭക്ഷണത്തിന് മുട്ടയും ടോസ്റ്റും കഴിക്കുന്ന താരം, ഉച്ചഭക്ഷണത്തിന് പച്ചക്കറികൾ, പരിപ്പ് കറി, ക്യാരറ്റ്-ഗ്രീൻ പീസ് കൂട്ടുകറി എന്നിവയ്ക്കൊപ്പം ഒരു റൊട്ടിയുമാണ് കഴിക്കാറുള്ളത്. ചിലപ്പോൾ മീനും ചോറും കഴിക്കാറുണ്ട്.

സിനിമാ ചിത്രീകരണ സമയങ്ങളിൽ ഫിറ്റ്നസ് നിലനിർത്താൻ വീട്ടിൽ നിന്നുള്ള ഭക്ഷണമോ സ്വന്തം ഷെഫ് തയ്യാറാക്കുന്ന ഭക്ഷണമോ ആണ് സെയ്ഫ് കഴിക്കാറുള്ളത്. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ലഭിക്കുന്ന ഭക്ഷണം എപ്പോഴും ആരോഗ്യകരമാകണമെന്നില്ലാത്തതിനാലാണ് ഈ തീരുമാനം. എന്നാൽ വിദേശങ്ങളിൽ ചിത്രീകരണത്തിനോ അവധിക്കാല ആഘോഷത്തിനോ പോകുമ്പോൾ ഈ രീതിയിൽ മാറ്റം വരാറുണ്ട്.

ഭക്ഷണത്തെ ഒരു ആസ്വാദന മാർഗ്ഗമായി കാണുന്നതിന് പകരം, ശരീരത്തിന് ആവശ്യമായ ഊർജ്ജവും ആരോഗ്യവും നൽകുന്ന ഒന്നായാണ് സെയ്ഫ് കാണുന്നത്. വൈകുന്നേരങ്ങളിൽ വല്ലപ്പോഴും കേബാബ് കഴിക്കുമെന്നതൊഴിച്ചാൽ ഭാരമേറിയതോ എണ്ണമയമുള്ളതോ ആയ വിഭവങ്ങൾ അദ്ദേഹം ഒഴിവാക്കുന്നു. സെയ്ഫും ഭാര്യ കരീന കപൂറും പട്ടൗഡി കൊട്ടാരത്തിൽ ആയിരിക്കുമ്പോൾ പോലും ലളിതമായ ഭക്ഷണമാണ് കഴിക്കാറുള്ളത്. അക്ഷയ് കുമാറിനൊപ്പം അഭിനയിക്കുന്ന ‘ഹൈവാൻ’ ആണ് സെയ്ഫിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.