Oddly News

ചരമവാർത്തയുടെ മോഡല്‍, “ആദരാഞ്ജലികൾ” നൽകി ഓഫർ പരസ്യം! ഫ്ലിപ്കാർട്ടിന്റെ വിചിത്രമായ മാർക്കറ്റിംഗ്, വൻ വിവാദത്തിലേക്ക്

സ്വാതന്ത്ര്യദിന സെയിലിനായി ഇറക്കിയ വിചിത്രമായ പത്രപ്പരസ്യത്തെച്ചൊല്ലി ഇ-കോമേഴ്‌സ് ഭീമനായ ഫ്ലിപ്പ്കാർട്ടിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം. മരണവാർത്തകളുടെ (ഓബിച്ച്വറി) മാതൃകയിൽ ഡിസൈൻ ചെയ്ത പരസ്യമാണ് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങളും വിവരങ്ങളും ചരമവാർത്തകളുടെ ഫ്രെയിമിനുള്ളിൽ നൽകിയാണ് പരസ്യം തയ്യാറാക്കിയത്.

“ഞങ്ങൾക്ക് ഒട്ടും വിഷമമില്ല” എന്ന വരിക്ക് താഴെയായി, ഈ ആളുകൾ തുടർന്നും ജീവിച്ചിരിക്കുമെങ്കിലും ഫ്ലിപ്പ്കാർട്ടിന്റെ ആനുകൂല്യങ്ങൾ സെയിൽ അവസാനിക്കുന്നതോടെ ഇല്ലാതാകുമെന്നാണ് പരസ്യത്തിൽ എഴുതിയിരുന്നത്.

സെയിൽ പരസ്യത്തിനായി മരണവും ഓർമ്മക്കുറിപ്പുകളും മാതൃകയാക്കിയത് തികച്ചും വിവേകശൂന്യവും അനാദരവുമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ ശോഭാ ഡേ പരസ്യത്തെ രൂക്ഷമായി വിമർശിക്കുകയും ഫ്ലിപ്പ്കാർട്ട് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

“ഏറ്റവും സ്വാർത്ഥവും അരുതാത്തതും വിവേകരഹിതവുമായ പരസ്യമാണിത്. ഫ്ലിപ്പ്കാർട്ട് നിങ്ങൾക്ക് എങ്ങനെ ഇതിന് ധൈര്യം വന്നു? നാണമില്ലേ? നിങ്ങളുടെ സെയിൽ വൻ പരാജയമാകുമെന്നും ഉപഭോക്താക്കൾ നിങ്ങളെ ബഹിഷ്കരിക്കുമെന്നും പ്രതീക്ഷിക്കുന്നു,” ശോഭാ ഡേ കുറിച്ചു.

പരസ്യത്തിൽ നൽകിയിരിക്കുന്ന വ്യക്തികൾ യഥാർത്ഥത്തിൽ ഉള്ളവരാണോ എന്ന് വ്യക്തമല്ല. ചിത്രങ്ങൾ നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് തയ്യാറാക്കിയതാണോ എന്ന് ചിലർ സംശയം പ്രകടിപ്പിച്ചു. എന്നാൽ പരസ്യത്തിനായി മരണത്തെയും ആദരാഞ്ജലികളെയും ഉപമയായി ഉപയോഗിച്ച രീതിയാണ് ഭൂരിഭാഗം പേരെയും ചൊടിപ്പിച്ചത്. ഈ ആശയം തയ്യാറാക്കിയ ഏജൻസിയെയും അതിന് അനുമതി നൽകിയ ഉദ്യോഗസ്ഥരെയും ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു. എന്നാൽ ചിത്രങ്ങൾ എ.ഐ നിർമ്മിതമാണെന്നും ഇതിൽ തെറ്റൊന്നുമില്ലെന്നും വാദിക്കുന്ന ചുരുക്കം ചിലരെയും കാണാം.

വിവാദത്തോട് ഫ്ലിപ്പ്കാർട്ട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഓഗസ്റ്റ് 8-ന് ആരംഭിച്ച ഫ്ലിപ്പ്കാർട്ട് ഫ്രീഡം സെയിൽ ഓഗസ്റ്റ് 16-നാണ് അവസാനിക്കുന്നത്.