രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് സാധാരണയായി പ്രമേഹവുമായി ബന്ധപ്പെട്ടാണ് കാണാറുള്ളത്, എന്നാൽ പ്രമേഹമില്ലാത്തവരിലും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് താത്കാലികമായി വർദ്ധിക്കാം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്, എത്രത്തോളം വ്യതിയാനമുണ്ട്, ഇത് എത്ര ഇടവിട്ട് സംഭവിക്കുന്നു, പിന്നീട് സാധാരണ നിലയിലേക്ക് എത്തുന്നുണ്ടോ എന്നതൊക്കെയാണ് ഇതിൽ പ്രധാന്യം അർഹിക്കുന്നത്.
ഭക്ഷണം, ശാരീരിക അധ്വാനം, ഉറക്കം, മാനസിക സമ്മർദ്ദം എന്നിവയ്ക്കനുസരിച്ച് ശരീരം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിരന്തരം ക്രമീകരിക്കുന്നുണ്ട്. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഉണ്ടാകുന്ന താത്കാലിക വർദ്ധനവ് നിങ്ങൾക്ക് പ്രമേഹമുണ്ടെന്നതിന്റെ തെളിവല്ല.
കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ദഹനവ്യവസ്ഥ അവയെ ഗ്ലൂക്കോസായി മാറ്റുന്നു. ഇത് രക്തത്തിൽ കലരുമ്പോഴാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത്. ഇതിന് മറുപടിയായി പാൻക്രിയാസ് ഇൻസുലിൻ ഉത്പാദിപ്പിക്കുകയും ഗ്ലൂക്കോസിനെ പേശികളിലേക്കും മറ്റ് കോശങ്ങളിലേക്കും എത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ആഹാരത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് ചെറിയ രീതിയിൽ ഉയരുന്നത് സ്വാഭാവികമാണ്. എന്നാൽ ഭക്ഷണത്തിന്റെ സ്വഭാവമനുസരിച്ച് ഇതിൽ വ്യത്യാസം വരാം.
വെളുത്ത അരി, കിഴങ്ങുവർഗ്ഗങ്ങൾ, മധുരപാനീയങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ പച്ചക്കറികളും പ്രോട്ടീനും നാരുള്ള ഭക്ഷണങ്ങളും കഴിക്കുന്നതിനേക്കാൾ വേഗത്തിൽ ഗ്ലൂക്കോസ് ഉയരുന്നു. പ്രമേഹമില്ലാത്തവരിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇൻസുലിൻ ഇതിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരും.
കടുത്ത മാനസിക സമ്മർദ്ദമുള്ള സമയങ്ങളിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നേക്കാം. സ്ട്രെസ്സ് ഉണ്ടാകുമ്പോൾ ശരീരം കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. ഇത് കരളിനോട് ശേഖരിച്ചു വെച്ചിരിക്കുന്ന ഗ്ലൂക്കോസ് രക്തത്തിലേക്ക് തുറന്നുവിടാൻ ആവശ്യപ്പെടുന്നു. പനി, മറ്റ് രോഗങ്ങൾ, ശാരീരിക പരിക്കുകൾ, ഉറക്കമില്ലായ്മ എന്നിവയുള്ളപ്പോഴും ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ കാരണം ഗ്ലൂക്കോസ് നില താൽക്കാലികമായി ഉയരാം.
ലഘുവായ വ്യായാമങ്ങൾ ഗ്ലൂക്കോസ് കുറയ്ക്കാൻ സഹായിക്കുമെങ്കിലും, കഠിനമായ വ്യായാമങ്ങൾ ചെയ്യുന്ന സമയത്ത് ശരീരത്തിന് ആവശ്യമായ പെട്ടെന്നുള്ള ഊർജ്ജത്തിനായി കരൾ കൂടുതൽ ഗ്ലൂക്കോസ് പുറന്തള്ളുന്നത് കൊണ്ട് താൽക്കാലികമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയേക്കാം. എന്നാൽ ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഇൻസുലിൻ പ്രതികരണശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. അതുപോലെ, കോർട്ടിക്കോസ്റ്റീറോയിഡുകൾ പോലുള്ള ചില മരുന്നുകളും പഞ്ചസാരയുടെ അളവ് കൂട്ടാൻ കാരണമാകാറുണ്ട്.
ചോറും മറ്റ് കാർബോഹൈഡ്രേറ്റുകളും പൂർണ്ണമായി ഉപേക്ഷിക്കേണ്ടതില്ല, പകരം നാരുകൾ അടങ്ങിയ ഭക്ഷണവും പ്രോട്ടീനും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗ്ലൂക്കോസ് പെട്ടെന്ന് രക്തത്തിൽ കലരുന്നത് തടയും.
ഒറ്റപ്പെട്ട ഒരു പരിശോധനയിൽ ഉയർന്ന അളവ് കണ്ടതുകൊണ്ട് മാത്രം നിഗമനത്തിലെത്താനാകില്ല. എന്നാൽ അമിതമായ ദാഹം, കൂടെക്കൂടെയുള്ള മൂത്രമൊഴിക്കൽ, പെട്ടെന്ന് ഭാരം കുറയൽ, കടുത്ത തളർച്ച, കാഴ്ച മങ്ങൽ തുടങ്ങിയ ലക്ഷണങ്ങൾക്കൊപ്പം പഞ്ചസാരയുടെ അളവ് തുടർച്ചയായി ഉയർന്നു നിൽക്കുകയാണെങ്കിൽ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തേണ്ടതുണ്ട്. എച്ച്.ബി.എ.1.സി (HbA1c) പോലുള്ള പരിശോധനകൾ കഴിഞ്ഞ 2-3 മാസത്തെ ശരാശരി ഗ്ലൂക്കോസ് നില വ്യക്തമാക്കുന്നതിനാൽ കൂടുതൽ സഹായകരമാകും. പ്രീ-ഡയബറ്റിസ് (പ്രമേഹത്തിന് തൊട്ടുമുമ്പുള്ള അവസ്ഥ) കണ്ടെത്തുന്നതിനും ഇത്തരം പരിശോധനകൾ അത്യാവശ്യമാണ്.




