മധ്യപ്രദേശിലെ ഉജ്ജയിനിൽ നടന്ന സാാൻഡ്വിച്ച് ഷോപ്പിന്റെ ഉദ്ഘാടനം ഹ്യൂമനോയിഡ് റോബോട്ടിന്റെ സാന്നിധ്യം കൊണ്ട് തികച്ചും വ്യത്യസ്തമായ അനുഭവമായി മാറി. പരമ്പരാഗത പൂജയിൽ പങ്കെടുത്ത റോബോട്ട് അതിഥികളെ അഭിവാദ്യം ചെയ്യുകയും തകർപ്പൻ ഡാൻസ് കളിക്കുകയും ചെയ്തു. ഓഗസ്റ്റ് 23 ഞായറാഴ്ച ഉജ്ജയിനിലെ പുതിയ സാൻഡ്വിച്ച് ഷോപ്പ് തുറക്കുന്നതിനിടെയാണ് ഈ വേറിട്ട സംഭവം നടന്നത്. നിലയ് എന്ന എക്സ് ഉപയോക്താവ് പങ്കുവെച്ച ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി.
ഇൻഡോർ ആസ്ഥാനമായുള്ള ബിദ്യുത് ഇന്നൊവേഷൻ എത്തിച്ച ഈ ഹ്യൂമനോയിഡ് റോബോട്ട് തോക്കുധാരികളായ ബോഡിഗാർഡുകൾക്കൊപ്പമാണ് ഉദ്ഘാടന വേദിയിലെത്തിയത്. ഇത് ജനങ്ങളിൽ വലിയ കൗതുകമുണർത്തി. പ്രവേശന കവാടത്തിൽ വെച്ച് ആളുകൾക്ക് കൈകൊടുത്ത റോബോട്ടിനെ കഴുത്തിൽ പൊന്നാട അണിയിച്ച് പരമ്പരാഗത രീതിയിൽ സ്വീകരിച്ചു. തുടർന്ന് റോബോട്ട് ഉദ്ഘാടന ചടങ്ങുകളിൽ പങ്കാളിയായി.
പൂജയ്ക്കിടെ റോബോട്ടിന്റെ നെറ്റിയിൽ തിലകം ചാർത്തുകയും അതിഥികളിലൊരാൾ പുതിയ കടയിലെ സാാൻഡ്വിച്ച് അടങ്ങിയ പ്ലേറ്റ് റോബോട്ടിന് നേരെ നീട്ടുകയും ചെയ്തു. ഇതിനിടയിൽ സദസ്സിനെ നോക്കി കൈവീശി കാണിച്ച റോബോട്ടിന്റെ കൈകൾ അനുഗ്രഹിക്കാനാണെന്ന് തെറ്റിദ്ധരിച്ച് ഒരാൾ റോബോട്ടിന് മുന്നിൽ തലകുനിച്ചതും ആളുകളിൽ ചിരി പടർത്തി. എന്നാൽ അതിഥികളെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് റോബോട്ടിന്റെ തകർപ്പൻ നൃത്തച്ചുവടുകളായിരുന്നു. സാധാരണ ഒരു കട ഉദ്ഘാടനത്തെ തികച്ചും ആവേശകരമായ ഒരു കാഴ്ചയാക്കി മാറ്റാൻ ഇതിലൂടെ കഴിഞ്ഞു.
വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. സാങ്കേതികവിദ്യയും ആചാരങ്ങളും ഒന്നിച്ച ഈ നിമിഷം പലരും ആസ്വദിച്ചപ്പോൾ, ദൈനംദിന ജീവിതത്തിൽ റോബോട്ടുകളുടെ കടന്നുവരവിനെക്കുറിച്ചാണ് ചിലർ ചർച്ച ചെയ്തത്. ഭാവിയിൽ പാചകം ചെയ്യാനും ഭക്ഷണം വിളമ്പാനും റോബോട്ടുകൾ എത്തുന്നതോടെ മനുഷ്യരുടെ തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുമോ എന്ന് ചിലർ ആശങ്ക പ്രകടിപ്പിച്ചു. ബോഡിഗാർഡുകളുമായി എത്തിയ റോബോട്ട് ഒരു പുതിയ സെലിബ്രിറ്റിയായി മാറുകയാണെന്ന് മറ്റുചിലരും അഭിപ്രായപ്പെട്ടു.




