Oddly News

ഇന്ത്യൻ നര്‍ത്തകിയുടെ 127 മണിക്കൂർ റെക്കോർഡ് തകർക്കാൻ നൈജീരിയൻ യുവാവ്; 7 ദിവസം തുടർച്ചയായി നൃത്തം !

ഗിന്നസ് ലോക റെക്കോർഡ് ലക്ഷ്യമിട്ട് ഏഴു ദിവസം തുടർച്ചയായി നൃത്തം ചെയ്ത് നൈജീരിയൻ ഡാൻസറായ ബെഞ്ചമിൻ ഡാനിയൽ ഗബ്രിയേൽ. ബെൻഡാൻസർ എന്ന പേരിൽ അറിയപ്പെടുന്ന 33-കാരനായ അദ്ദേഹം, 168 മണിക്കൂർ നീളുന്ന ഈ സാഹസിക ദൗത്യം സെപ്റ്റംബർ 21-ന് ലാഗോസിലെ ഫ്രീഡം പാർക്കിലാണ് ആരംഭിച്ചത്.

2023-ൽ 127 മണിക്കൂർ തുടർച്ചയായി നൃത്തം ചെയ്ത് ഇന്ത്യൻ നർത്തകി സൃഷ്ടി സുധീർ ജഗ്താപ് സ്ഥാപിച്ച റെക്കോർഡ് മറികടക്കുകയാണ് ഗബ്രിയേലിന്റെ ലക്ഷ്യം. സൃഷ്ടി കഥക് നൃത്ത രൂപത്തിലൂടെയാണ് റെക്കോർഡ് നേടിയതെങ്കിൽ, നൈജീരിയയുടെ പരമ്പരാഗത നൃത്ത രൂപങ്ങളാണ് ഗബ്രിയേൽ തന്റെ പ്രകടനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഈ ശ്രമം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും, രാജ്യത്തെമ്പാടുനിന്നും വലിയ പിന്തുണയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. നിരവധി യുവാക്കളാണ് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാനും ആവേശം പകരണത്തിനുമായി പാർക്കിൽ തടിച്ചുകൂടുന്നത്. 18 വർഷമായി പ്രൊഫഷണൽ നർത്തകനായി പ്രവർത്തിക്കുന്ന ഗബ്രിയേൽ, ഈ റെക്കോർഡ് ആഫ്രിക്കൻ നൃത്തകലയെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. 250-ലധികം വംശീയ വിഭാഗങ്ങളുള്ള നൈജീരിയയുടെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് അദ്ദേഹം പ്രകടനം നടത്തുന്നത്.

ഈ ദൗത്യത്തിനായി കഠിനമായ കായികക്ഷമതാ പരിശീലനവും പ്രത്യേക ഭക്ഷണക്രമവും അദ്ദേഹം പിന്തുടർന്നിരുന്നു. കേവലം ശാരീരികക്ഷമത പ്രകടിപ്പിക്കുക എന്നതിലുപരി തന്റെ രാജ്യത്തിന്റെ വൈവിധ്യത്തെ ലോകത്തിന് മുന്നിൽ കാണിക്കുക കൂടിയാണ് ഈ പരിശ്രമത്തിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്.