ശരീരത്തിലെ കലോറി കുറയ്ക്കുക എന്നത് പലപ്പോഴും പ്രയാസമേറിയ കാര്യമാണ്, പ്രത്യേകിച്ച് ഭക്ഷണത്തിനിടയിൽ വിശപ്പ് തോന്നുമ്പോൾ. എന്നാൽ കുറഞ്ഞ കലോറി കഴിക്കുന്നു എന്നതിനർത്ഥം വിശന്നു സഹിക്കണം എന്നല്ല. ഭക്ഷണരീതിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ വയർ നിറയ്ക്കാനും കലോറി നിയന്ത്രിക്കാനും സാധിക്കും. കലോറി കുറയ്ക്കുന്നത് എളുപ്പമാക്കാൻ സഹായിക്കുന്ന നാല് ലളിതമായ വഴികൾ ചെന്നൈയിലെ ഫിറ്റ്നസ് കോച്ചായ രാജ് ഗൺപത് പങ്കുവെക്കുന്നു.
കുറഞ്ഞ കലോറിയിൽ വയർ നിറയ്ക്കാനുള്ള 4 വഴികൾ:
- ഭക്ഷണത്തിന് മുൻപ് വെള്ളം കുടിക്കുക:കൂടുതൽ വിശപ്പുള്ളപ്പോൾ വേഗത്തിൽ ഭക്ഷണം കഴിക്കാനും അമിതമായി കഴിക്കാനും സാധ്യതയുണ്ട്. അതിനാൽ ഭക്ഷണത്തിന് തൊട്ടുമുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വയർ നിറയാൻ സഹായിക്കും. ഇത് ദഹനരസങ്ങളുടെ ശേഷിയെ ബാധിക്കുകയുമില്ല.
- സമീകൃതമായ പ്ലേറ്റ് തയാറാക്കുക:ഡയറ്റിൽ പ്രോട്ടീന് മാത്രം അമിത പ്രാധാന്യം നൽകാതെ പ്ലേറ്റിലെ ഭക്ഷണം സമീകൃതമാക്കുക. പ്ലേറ്റിൽ പ്രോട്ടീൻ, പച്ചക്കറികൾ, അന്നജം (Starch) എന്നിവ തുല്യ അളവിൽ ഉൾപ്പെടുത്തണം. കൂടാതെ ഭക്ഷണം അധികം എണ്ണമയമുള്ളതോ, വറുത്തതോ, ക്രീം ചേർത്തതോ ആകരുത്.
- ആദ്യം പച്ചക്കറികൾ കഴിക്കുക:പ്ലേറ്റിലെ പച്ചക്കറികൾ കഴിച്ച ശേഷമായിരിക്കണം അന്നജവും പ്രോട്ടീനും കഴിക്കേണ്ടത്. നാരുകൾ അടങ്ങിയ പച്ചക്കറികൾ ആദ്യം കഴിക്കുന്നത് ദഹനപ്രക്രിയ സാവധാനത്തിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും സഹായിക്കും.
- കുറഞ്ഞത് 20 മിനിറ്റെടുത്ത് ഭക്ഷണം കഴിക്കുക:തിടുക്കത്തിൽ ഭക്ഷണം കഴിച്ചു തീർക്കാതെ കുറഞ്ഞത് 20 മിനിറ്റെങ്കിലും സമയമെടുത്ത് മെല്ലെ കഴിക്കുക. ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിക്കുമ്പോൾ വയർ നിറഞ്ഞെന്ന സന്ദേശം തലച്ചോറിലെത്താൻ ശരീരത്തിന് സമയം ലഭിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും.




