ഇൻസ്റ്റഗ്രാം സുഹൃത്തിൽ നിന്ന് ഗർഭിണിയായ പ്രായപൂർത്തിയാകാത്ത മകളെ നദിയിൽ മുക്കിക്കൊന്ന പിതാവ് അറസ്റ്റിലായി. തെക്കൻ ഡൽഹിയിലെ തിഗ്രി സ്വദേശിയായ ലോക്പാൽ സിങ് ആണ് മകൾ ഖുശിയെ കൊലപ്പെടുത്തിയ കുറ്റത്തിന് പിടിയിലായത്. കുടുംബത്തിന്റെ മാനം സംരക്ഷിക്കാനാണ് ഈ ക്രൂരത ചെയ്തതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.
എട്ടാം വയസ്സിൽ അമ്മ നഷ്ടപ്പെട്ട ഖുശി ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൗമാരക്കാരനുമായി പ്രണയത്തിലാവുകയും തുടർന്ന് ഗർഭിണിയാവുകയുമായിരുന്നു. നാലു മാസം ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ വിവരം കാമുകനെ അറിയിച്ചു. ഇരുവീട്ടുകാരും സംസാരിച്ചെങ്കിലും അപമാനം ഭയന്ന് ഗർഭച്ഛിദ്രം നടത്താൻ ഖുശിയുടെ വീട്ടുകാർ തീരുമാനിക്കുകയും പെൺകുട്ടിയെ അതിന് സമ്മതിപ്പിക്കുകയും ചെയ്തു.
ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞ് അച്ഛൻ ലോക്പാലും ബന്ധുവും ചേർന്ന് ഖുശിയെ ആഗ്രയിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസം രാവിലെ ചമ്പൽ നദിയുടെ ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച ശേഷം നദിയിലേക്ക് ചാടാൻ മകളോട് ആവശ്യപ്പെട്ടു. എവിടെയെങ്കിലും പോയി ജീവിച്ചോളാമെന്നും കൊല്ലരുതെന്നും ഖുശി കെഞ്ചിയെങ്കിലും ഇരുവരും വഴങ്ങിയില്ല. തുടർന്ന് മകളുടെ കാലിൽ തൊട്ട് വന്ദിക്കുന്നതുപോലെ അഭിനയിച്ച ലോക്പാൽ, അടുത്ത നിമിഷം ഖുശിയെ നദിയിലേക്ക് തള്ളിയിടുകയും ശ്വാസം നിലയ്ക്കുന്നത് വരെ വെള്ളത്തിൽ മുക്കിപ്പിടിക്കുകയുമായിരുന്നു.
കൊലപാതകം മറയ്ക്കാനായി മകൾ വിഷാദം മൂലം ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിതീർക്കാൻ ഇവർ ശ്രമിച്ചു. ഇതിനായി ഖുശിയെ വെള്ളത്തിൽ നിന്ന് കരയ്ക്കെടുക്കുന്ന ചിത്രങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. എന്നാൽ സംശയം തോന്നിയ അയൽവാസി പൊലീസിനെ വിവരമറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. ചോദ്യം ചെയ്യലിൽ ലോക്പാൽ കുറ്റം സമ്മതിക്കുകയും മൊബൈലിലെ ചിത്രങ്ങൾ പൊലീസ് തെളിവായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.




