ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും വലിയ ഇതിഹാസമായി മാറുന്നതിന് വളരെ മുമ്പ് തന്നെ സച്ചിൻ തെണ്ടുൽക്കർക്ക് പാകിസ്ഥാൻ ടീമുമായി അപൂർവ്വമായ ഒരു ബന്ധമുണ്ടായിരുന്നു. 1987-ൽ കേവലം 13 വയസ്സുള്ളപ്പോൾ, ബ്രാബോൺ സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരായ ഒരു പരിശീലന മത്സരത്തിനിടെ സച്ചിൻ പാകിസ്ഥാൻ ടീമിനായി സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി കളത്തിലിറങ്ങി.
പാകിസ്ഥാൻ ക്യാപ്റ്റൻ ഇമ്രാൻ ഖാന് ഉച്ചഭക്ഷണത്തിന് ശേഷം ഫീൽഡർമാരുടെ കുറവുണ്ടായപ്പോൾ ക്ലബ്ബ് ക്യാപ്റ്റനോട് സഹായം ചോദിക്കുകയും, അവിടെയുണ്ടായിരുന്ന പ്രാദേശിക കളിക്കാരിൽ ഒരാളായ സച്ചിനെ പാകിസ്ഥാനായി ഫീൽഡ് ചെയ്യാൻ അയക്കുകയുമായിരുന്നു.
ഈ സംഭവത്തെക്കുറിച്ച് സച്ചിൻ തന്റെ ‘പ്ലേയിംഗ് ഇറ്റ് മൈ വേ’ എന്ന ആത്മകഥയിൽ കുറിച്ചിട്ടുണ്ട്. കപിൽ ദേവ് അടിച്ച ഒരു പന്ത് ക്യാച്ച് ചെയ്യാൻ ഓടിയെങ്കിലും അതിന് സാധിച്ചില്ലെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. താൻ ഒരിക്കൽ പാകിസ്ഥാൻ ടീമിനായി ഫീൽഡ് ചെയ്തിട്ടുണ്ടെന്ന കാര്യം ഇമ്രാൻ ഖാന് ഓർമ്മയുണ്ടോ എന്ന് പോലും തനിക്കറിയില്ലെന്നും സച്ചിൻ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.
എന്നാൽ കേവലം രണ്ട് വർഷങ്ങൾക്ക് ശേഷം, 1989 നവംബറിൽ, തന്റെ 16-ാം വയസ്സിൽ സച്ചിൻ അതേ പാകിസ്ഥാനെതിരെ കറാച്ചിയിൽ വെച്ച് ഇന്ത്യൻ ജേഴ്സിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ഇമ്രാൻ ഖാൻ, വസീം അക്രം, വഖാർ യൂനിസ് തുടങ്ങിയ പേടിസ്വപ്നമായ ബൗളിംഗ് നിരയെ നേരിട്ടുകൊണ്ടാണ് ആ 24 വർഷം നീണ്ട ഇതിഹാസ കരിയറിന് തുടക്കമായത്. പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് മാത്രം 42.28 ശരാശരിയിൽ 2 സെഞ്ചുറിയും 7 അർദ്ധസെഞ്ചുറിയും അടക്കം 1057 റൺസ് സച്ചിൻ നേടിയിട്ടുണ്ട്.
ആകെ 664 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി 34,357 റൺസാണ് സച്ചിൻ അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറികൾ (ടെസ്റ്റിൽ 51, ഏകദിനത്തിൽ 49) തികച്ച ഏക താരവും സച്ചിനാണ്. പുരുഷ ഏകദിന ക്രിക്കറ്റിൽ ആദ്യമായി ഇരട്ട സെഞ്ചുറി നേടിയതും 200 ടെസ്റ്റ് മത്സരങ്ങൾ കളിച്ചതും അദ്ദേഹമാണ്. ഏകദിനത്തിൽ 18,426 റൺസും ടെസ്റ്റിൽ 15,921 റൺസും നേടിയ മാസ്റ്റർ ബ്ലാസ്റ്റർ, 2011-ൽ ലോകകപ്പ് കിരീടം ഉയർത്തിക്കൊണ്ടാണ് തന്റെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിച്ചത്.




