ആണവായുധ യുദ്ധവും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) ദുരുപയോഗവും മനുഷ്യരാശിയുടെ ഭാവിയെ അപകടത്തിലാക്കിയേക്കാമെന്ന് ‘ദി ലാൻസെറ്റ്’ പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. സാധ്യതകൾ കുറവാണെങ്കിലും, 2100-ഓടെ ഇത്തരം ഭീഷണികൾ മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
അടുത്ത 75 വർഷത്തിനുള്ളിൽ മനുഷ്യന്റെ ആരോഗ്യത്തെ ബാധിച്ചേക്കാവുന്ന 17 പ്രധാന ഭീഷണികൾ റിപ്പോർട്ട് പട്ടികപ്പെടുത്തുന്നു. അണവായുധ യുദ്ധം, എ.ഐയുടെ ദുരുപയോഗം, കാലാവസ്ഥാ വ്യതിയാനം, വായുമലിനീകരണം, കുട്ടികളിലെ പോഷകാഹാരക്കുറവ്, അമിതവണ്ണം, അന്താരാഷ്ട്ര സഹായങ്ങളിലെ വെട്ടിക്കുറയ്ക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
‘ലാൻസെറ്റ് കമ്മീഷൻ ഓൺ 21സ്റ്റ് സെഞ്ച്വറി ഗ്ലോബൽ ത്രെറ്റ്സ് ടു ഹെൽത്ത്’ എന്ന പേരിൽ പുറത്തിറക്കിയ ഈ റിപ്പോർട്ടിൽ, ഈ പ്രശ്നങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണെന്നും ഇവയെ ഒന്നിച്ചുതന്നെ നേരിടേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നു. എങ്കിലും, ഈ അപകടസാധ്യതകൾ കുറയ്ക്കാനും ഭാവിതലമുറയെ സംരക്ഷിക്കാനും സർക്കാരുകൾക്ക് ഇപ്പോഴും നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. “ജൈവായുധങ്ങൾ നിർമ്മിക്കുന്നതുൾപ്പെടെയുള്ള എ.ഐയുടെ ദുരുപയോഗവും, അണവായുധ യുദ്ധവും അതിനെത്തുടർന്നുണ്ടാകുന്ന ക്ഷാമവും അടുത്ത 75 വർഷത്തിനുള്ളിൽ മനുഷ്യരാശിയുടെ വംശനാശത്തിന് വരെ കാരണമായേക്കാം,” എന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
35 വിദഗ്ദ്ധരടങ്ങിയ സമിതിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. ജർമ്മനിയിലെ ബെർലിനിൽ നടക്കുന്ന വേൾഡ് ഹെൽത്ത് സമ്മിറ്റിൽ ഈ പഠന റിപ്പോർട്ട് അവതരിപ്പിക്കും.
മാരകമായ ജൈവായുധങ്ങൾ നിർമ്മിക്കാൻ എ.ഐ ദുരുപയോഗം ചെയ്തേക്കാമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇത്തരം ആയുധങ്ങൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനെ അപകടത്തിലാക്കുകയും മനുഷ്യ നിലനിൽപ്പിന് തന്നെ ഭീഷണിയാവുകയും ചെയ്യാം.
ഇന്നത്തെ നേതാക്കൾ എടുക്കുന്ന തീരുമാനങ്ങളാണ് അടുത്ത തലമുറയുടെ ആരോഗ്യവും ക്ഷേമവും നിർണ്ണയിക്കുകയെന്ന് കമ്മീഷൻ കോ-ചെയറും വാഷിംഗ്ടൺ സർവ്വകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷന്റെ ഡയറക്ടറുമായ പ്രൊഫ. ക്രിസ്റ്റോഫർ മുറെ പറഞ്ഞു. അണവായുധ യുദ്ധം അന്തരീക്ഷത്തിന്റെ മുകളിലത്തെ തട്ടിലേക്ക് വലിയ അളവിൽ കണികകളെ പുറന്തള്ളുകയും സൂര്യപ്രകാശത്തെ തടഞ്ഞ് ഭക്ഷണ ഉൽപ്പാദനത്തെ ബാധിക്കുകയും ചെയ്യും. ഇത് വൻതോതിലുള്ള പട്ടിണിയിലേക്കും മനുഷ്യരാശിയുടെ നാശത്തിലേക്കും നയിച്ചേക്കാം.
ഈ ഭീഷണികൾ യാഥാർത്ഥ്യമായാൽ മനുഷ്യരാശിക്ക് വൻ ദുരന്തമുണ്ടാകുമെന്ന് റിപ്പോർട്ടിനൊപ്പം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലും മുന്നറിയിപ്പ് നൽകുന്നുണ്ട്.
അണവായുധ യുദ്ധത്തിനും എ.ഐ ദുരുപയോഗത്തിനും പുറമെ വായുമലിനീകരണം, കാലാവസ്ഥാ വ്യതിയാനം, ആന്റിബയോട്ടിക് പ്രതിരോധം, കുട്ടികളിലെ പോഷകാഹാരക്കുറവ്, പരമ്പരാഗത യുദ്ധങ്ങൾ, അന്താരാഷ്ട്ര സഹായങ്ങളിലെ കുറവ്, അമിതമായ മദ്യപാനം, ഉയർന്ന രക്തസമ്മർദ്ദം, വരുമാന അസമത്വം, കുറഞ്ഞ വിദ്യാഭ്യാസ നിലവാരം, മഹാമാരികൾ, അമിതവണ്ണം, മാനസികാരോഗ്യ പ്രശ്നങ്ങൾ, പുകവലി, വാർദ്ധക്യസഹജമായ അസുഖങ്ങൾ എന്നിവയാണ് മനുഷ്യന്റെ ആരോഗ്യത്തിന് ഭീഷണിയാകുന്ന മറ്റ് 15 കാര്യങ്ങൾ.
ഈ ഭീഷണികൾ കാരണം രോഗങ്ങൾ, വൈകല്യങ്ങൾ, അകാല മരണം എന്നിവ മൂലം എത്ര വർഷത്തെ ആരോഗ്യകരമായ ജീവിതം നഷ്ടപ്പെടുമെന്ന് ഗവേഷകർ പഠനം നടത്തി. ഡിസെബിലിറ്റി-അഡ്ജസ്റ്റഡ് ലൈഫ് ഇയേഴ്സ് (DALYs) എന്ന അളവുകോൽ ഉപയോഗിച്ചാണ് ഇതിന്റെ ആഘാതം കണക്കാക്കിയത്. നൂറ് കോടിയിലധികം ആരോഗ്യകരമായ ജീവിതവർഷങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കുന്ന ഭീഷണികളെ വൻ ദുരന്ത ഭീഷണികളായാണ് റിപ്പോർട്ട് തരംതിരിച്ചിരിക്കുന്നത്.
ആഗോള താപനില ഉയരുന്നത് തുടർന്നാൽ അത് മനുഷ്യന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. ആഗോളതാപനം 4.4 ഡിഗ്രി സെൽഷ്യസിലേക്ക് എത്തുന്നതിന് പകരം 1.8 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തിയാൽ 1.89 ശതകോടി ആരോഗ്യകരമായ ജീവിതവർഷങ്ങളുടെ നഷ്ടം തടയാൻ കഴിയുമെന്ന് പഠനത്തിൽ പറയുന്നു.
അന്താരാഷ്ട്ര ആരോഗ്യ സഹായങ്ങൾ വലിയ തോതിൽ കുറയുകയോ നിൽക്കുകയോ ചെയ്താൽ 2100-ഓടെ 1.5 ശതകോടി വരെ ആരോഗ്യകരമായ ജീവിതവർഷങ്ങൾ നഷ്ടപ്പെടാം. ഇതിൽ 70 ശതമാനത്തോളം നഷ്ടവും സംഭവിക്കുന്നത് കുട്ടികളിലെ പോഷകാഹാരക്കുറവ് രൂക്ഷമായ സബ്-സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിലായിരിക്കും.
വിവിധ പ്രദേശങ്ങളിൽ ഏറ്റവും വലിയ ആരോഗ്യ ഭീഷണികൾ വ്യത്യസ്തമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ അമിതവണ്ണവും മാനസികാരോഗ്യ പ്രശ്നങ്ങളുമാണ് പ്രധാന ആശങ്ക. അതേസമയം, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ വിദ്യാഭ്യാസക്കുറവും കുട്ടികളിലെ പോഷകാഹാരക്കുറവുമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നത്.
“യുദ്ധങ്ങൾ, കാലാവസ്ഥാ വ്യതിയാനം, മഹാമാരികൾ എന്നിവയാണ് മൂന്ന് വലിയ ഭീഷണികളെന്ന് കരുതിയാണ് മൂന്ന് വർഷം മുമ്പ് ഞങ്ങൾ ഈ പഠനം ആരംഭിച്ചത്. എന്നാൽ നമ്മൾ ആശങ്കപ്പെടേണ്ട ഭീഷണികളുടെ എണ്ണം ഇതിലും വളരെ വലുതാണ്. ഈ ഭീഷണികളെ മുൻകൂട്ടി കാണാനും തടയാനും തയ്യാറെടുപ്പുകൾ നടത്താനും സർക്കാരുകൾ പണവും ജീവനക്കാരെയും മാറ്റിവെക്കേണ്ടതുണ്ട്,” പ്രൊഫ. മുറെ പറഞ്ഞു.
നിലവിലുള്ള ഭീഷണികൾ അവലോകനം ചെയ്യാനും പുതിയവ കണ്ടെത്താനുമായി എല്ലാ വർഷവും ഈ കണ്ടെത്തലുകൾ പുതുക്കാനാണ് കമ്മീഷന്റെ പദ്ധതി.




