Spotlight

‘അയാളുടെ ചെവി കടിച്ചെടുത്ത് തിന്നിട്ട് മുൻകൂർ ജാമ്യമോ?’ചെവി എങ്ങനെ തിരികെ കൊടുക്കും? ഹർജിക്കാരനോട് സുപ്രീം കോടതി

ന്യൂഡൽഹി: “നിങ്ങൾ അയാളുടെ ചെവി കടിച്ചെടുക്കുക മാത്രമല്ല, അത് തിന്നുകയും ചെയ്തു,” കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രീം കോടതിയുടെ നിരീക്ഷണം. റാഞ്ചിയിൽ ജന്മാഷ്ടമി രാത്രിയിലുണ്ടായ അക്രമസംഭവങ്ങളിൽ രാജീവ് രഞ്ജൻ കുമാറിന് മുൻകൂർ ജാമ്യം നിഷേധിച്ച 2026 ഫെബ്രുവരിയിലെ ഝാർഖണ്ഡ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച്. അയൽവാസികൾ തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന തർക്കമാണ് അന്നേ ദിവസം സംഘർഷത്തിൽ കലാശിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.

സംഭവത്തിൽ ഇരുവിഭാഗവും വെവ്വേറെ എഫ്.ഐ.ആർ നൽകിയിരുന്നു. ജന്മാഷ്ടമി ആഘോഷത്തിനിടെയാണ് അക്രമം നടന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. “നിങ്ങൾ ആദ്യം തോക്കെടുക്കുന്നു, തുടർന്ന് അയാളുടെ ചെവിയിൽ പിടിച്ച് അത് കടിച്ചെടുക്കുന്നു; എന്നിട്ടാണോ മുൻകൂർ ജാമ്യം ചോദിക്കുന്നത്?” എന്ന് കോടതി ചോദിച്ചു. തോക്കെടുത്തു എന്ന ആരോപണം തെറ്റാണെന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ, “തോക്കിന്റെ കാര്യം വിടാം, ഈ ചെവിയുടെ കാര്യം എന്താണ് ചെയ്യുക? അയാളുടെ ചെവി എങ്ങനെ തിരികെ കിട്ടും?” എന്നായിരുന്നു കോടതിയുടെ മറുപടി.

താനും ഈ സംഭവത്തിലെ ഇരയാണെന്നാണ് പ്രതി അവകാശപ്പെട്ടത്. സംഘർഷത്തിൽ തനിക്ക് മർദ്ദനമേറ്റെന്നും നിലത്തു തള്ളിയിട്ട് കൈകാലുകളിൽ പിടിച്ച് നെഞ്ചിൽ മുറിവേൽപ്പിച്ചെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. “ഒരു വഴക്ക് നടന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?” എന്ന് കോടതി ചോദിച്ചപ്പോൾ, “അതെ, വഴക്കുണ്ടായി” എന്ന് സമ്മതിച്ച അഭിഭാഷകൻ തന്റെ കക്ഷി അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറിയിച്ചു. എന്നാൽ ഈ വാദങ്ങളിൽ തൃപ്തരാകാതിരുന്ന കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

2024-ൽ റാഞ്ചിയിലെ അർഗോറ പോലീസ് സ്റ്റേഷനിലാണ് രാജീവ് രഞ്ജൻ കുമാറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മാരകായുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുന്നത് തടയുന്ന ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) സെക്ഷൻ 118 ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇരയുടെ തലയിലും മുഖത്തും ഗുരുതരമായ നിരവധി മുറിവുകളുണ്ടെന്ന പോലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് ഝാർഖണ്ഡ് ഹൈക്കോടതിയും നേരത്തെ മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നത്.