ഭോപ്പാൽ: മധ്യപ്രദേശിലെ ഇന്ദോറിൽ നാല് മക്കളുണ്ടായിട്ടും 70-കാരനായ ഘൻശ്യാമിന്റെ മൃതദേഹം ഏറ്റെടുക്കാനോ അവസാനമായി ഒരുനോക്ക് കാണാനോ ആരും എത്താതിരുന്നതിനെ തുടർന്ന് സംസ്കാരച്ചടങ്ങുകൾ വൃദ്ധസദനം അധികൃതർ തന്നെ ഏറ്റെടുത്ത് നടത്തി.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വൃദ്ധസദനത്തിൽ വെച്ചാണ് ഇദ്ദേഹം മരിച്ചത്. മരണവിവരം അറിയിച്ച് രണ്ട് ദിവസത്തോളം വൃദ്ധസദനം അധികൃതർ മക്കൾക്കായി കാത്തിരുന്നെങ്കിലും ആരും വരാൻ തയ്യാറായില്ല. തുടർന്നാണ് ഘൻശ്യാമിന്റെ സംസ്കാരം വൃദ്ധസദനം നടത്തിപ്പുകാരിയായ മാധുരി മിശ്ര സ്വയം ഏറ്റെടുത്ത് നടത്തിയത്.
നാലാമത്തെ കുട്ടിക്ക് രണ്ട് വയസ് മാത്രമുള്ളപ്പോഴാണ് ഘൻശ്യാമിന്റെ ഭാര്യ മരണപ്പെടുന്നത്. തുടർന്ന് ഈ നാല് മക്കൾക്ക് വേണ്ടിയായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതം. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും അടങ്ങുന്നതായിരുന്നു ഘൻശ്യാമിന്റെ ലോകം. ഇന്ദോറിൽ ചെറിയൊരു സൈക്കിൾ ടയർ-ട്യൂബ് കച്ചവടം നടത്തിയാണ് ഇദ്ദേഹം ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. മക്കളെ എല്ലാവരെയും വളർത്തി വിവാഹം കഴിപ്പിച്ച ശേഷം ഉണ്ടായിരുന്ന സ്വത്തുക്കളെല്ലാം ഘൻശ്യാം അവർക്ക് വീതിച്ചു നൽകുകയും ചെയ്തു. എന്നാൽ സ്വത്ത് ലഭിച്ചതോടെ മക്കളാരും പിതാവിനെ തിരിഞ്ഞുനോക്കാതായി. ഒടുവിൽ പക്ഷാഘാതം വന്ന് ശരീരത്തിന്റെ പകുതി തളർന്ന ഘൻശ്യാമിനെ സാമൂഹ്യപ്രവർത്തകരാണ് ഒരു ബസ് സ്റ്റാൻഡിൽ നിന്നും അവശനിലയിൽ കണ്ടെത്തുന്നത്.
തുടർന്ന് അവർ ഇദ്ദേഹത്തെ ഒരു വൃദ്ധസദനത്തിൽ എത്തിക്കുകയായിരുന്നു. പിതാവ് വൃദ്ധസദനത്തിലുണ്ടെന്ന് അറിഞ്ഞിട്ടും മക്കളാരും അദ്ദേഹത്തെ കാണാൻ എത്തിയിരുന്നില്ലെന്ന് വൃദ്ധസദനം നടത്തിപ്പുകാരി മാധുരി മിശ്ര പറയുന്നു. പലതവണ മക്കളെ ഫോണിൽ വിളിച്ച് രോഗവിവരം അറിയിച്ചെങ്കിലും ഞങ്ങൾക്ക് അങ്ങനെയൊരു പിതാവില്ലെന്നും ഇനി വിളിക്കരുതെന്നുമായിരുന്നു അവരുടെ മറുപടി. 4 വർഷത്തോളം വൃദ്ധസദനത്തിൽ കഴിഞ്ഞ ശേഷമാണ് ഘൻശ്യാം മരണത്തിന് കീഴടങ്ങിയത്. മരണവിവരം അറിയിച്ചിട്ടും ആരും എത്താതിരിക്കുകയും രണ്ടു ദിവസത്തിൽ കൂടുതൽ മൃതദേഹം സൂക്ഷിക്കാൻ സൗകര്യമില്ലാതിരിക്കുകയും ചെയ്തതോടെയാണ് സംസ്കാരം സ്വയം നടത്താൻ അധികൃതർ തീരുമാനിച്ചത്.
എന്നാൽ സംസ്കാരം കഴിഞ്ഞ വിവരം അറിയിച്ചപ്പോൾ മരണ സർട്ടിഫിക്കറ്റ് വേണമെന്ന ആവശ്യവുമായാണ് മക്കൾ എത്തിയതെന്ന് മാധുരി മിശ്ര കൂട്ടിച്ചേർത്തു. ഘൻശ്യാം ജിയുടെ മരണ സർട്ടിഫിക്കറ്റ് ഒരു കാരണവശാലും അദ്ദേഹത്തിന്റെ കുടുംബത്തിന് നൽകില്ലെന്ന് അവർ വ്യക്തമാക്കി. ജീവിച്ചിരുന്നപ്പോൾ കാണാൻ വരാത്തവരും മരിച്ചപ്പോൾ തിരിഞ്ഞുനോക്കാത്തവരും മരണ സർട്ടിഫിക്കറ്റിനായി എത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് വൃദ്ധസദനം അധികൃതർ ഉയർത്തുന്നത്.




