Crime

നഗ്നനായി എത്തി പശുക്കളെ പീഡിപ്പിച്ചു; അക്രമിയുടെ ദൃശ്യം സിസിടിവിയിൽ, ക്രൂരത തൃശൂരില്‍

തൃശൂർ വെള്ളാനിക്കരയിൽ രാത്രി ഫാമിൽ നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. കൊറ്റിക്കൽ സ്വദേശിയായ സുധീഷിന്റെ ഫാമിലാണ് ശനിയാഴ്ച ക്രൂരമായ സംഭവം നടന്നത്. ഫാമിലെ രണ്ട് പശുക്കളെ ഉപദ്രവിക്കാൻ ശ്രമിച്ച അജ്ഞാതൻ, അവിടെയുണ്ടായിരുന്ന പശുക്കിടാവിനെ പുറത്തേക്ക് കൊണ്ടുപോയി ഉപദ്രവിച്ചതായും ഉടമ ആരോപിക്കുന്നു. സംഭവത്തിൽ ഫാം ഉടമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഏകദേശം ആറടി ഉയരം തോന്നിക്കുന്ന വ്യക്തിയുടെ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞിട്ടുള്ളതെങ്കിലും ആളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സംഭവസമയത്ത് ഫാമിലെ കറവക്കാരൻ അക്രമിയെ നേരിട്ടു കണ്ടിരുന്നു. രാത്രി പാത്രം വീഴുന്ന ശബ്ദം കേട്ട് ഉറക്കത്തിൽ നിന്ന് ഉണർന്നെത്തിയപ്പോഴാണ് കറവക്കാരൻ ഈ കാഴ്ച കാണുന്നത്. അക്രമി വാഹനത്തിലാണ് ഫാമിന് സമീപത്തേക്ക് എത്തിയതെന്നാണ് ഉടമ വ്യക്തമാക്കുന്നത്.

ഫാമിൽ നിന്ന് ഇറങ്ങിപ്പോയ ഇയാൾ തൊട്ടടുത്തുള്ള വീട്ടിലെത്തി കയ്യും കാലും കഴുകിയ ശേഷമാണ് മടങ്ങിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണാം. മുൻപരിചയമില്ലാത്ത ഈ വ്യക്തിക്ക് ഏകദേശം 50-നും 65-നും ഇടയിൽ പ്രായമുണ്ടാകുമെന്നാണ് ഫാം ഉടമ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.