Oddly News

ഓടയിൽ നിന്ന് മണ്ണുമാന്തിയ 18-കാരന് കിട്ടിയത് സ്വർണക്കട്ടികൾ! 85.90 കോടിയുടെ സ്വർണ്ണം !

ബ്രസ്സൽസ്: അഴുക്കുചാലിലെ പണികൾക്കിടെ സ്വർണ്ണനിധി കണ്ടെത്തി 18 വയസ്സുകാരനായ വിദ്യാർഥി. ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ അപൂർവ്വ നിധിശേഖരം കണ്ടെത്തിയത്. മലിനജലം ഒഴുകിപ്പോകുന്നതിനായി കുഴിയെടുക്കുന്നതിനിടെ കോബ് എന്ന വിദ്യാർഥിക്കാണ് 9 മില്യൻ യൂറോ (ഏകദേശം 85.90 കോടി രൂപ) മൂല്യം വരുന്ന സ്വർണ്ണം ലഭിച്ചതെന്ന് ബെൽജിയൻ ന്യൂസ് നെറ്റ്‌വർക്കിനെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

തുടക്കത്തിൽ ഒരു യൂറോയുടെ നാണയമാണ് ലഭിച്ചതെന്നും പിന്നീട് കൂടുതൽ കുഴിച്ചുനോക്കിയപ്പോൾ സ്വർണക്കട്ടികളും സ്വർണക്കഷണങ്ങളും നമ്പറിട്ട ബുള്ളിയൻ ബാറുകളും കണ്ടെത്തുകയായിരുന്നുവെന്നും കോബും സുഹൃത്തുക്കളും പറഞ്ഞു. ഇഷ്ടിക കൊണ്ടു നിർമിച്ച ഒരു അറയ്ക്കുള്ളിൽ സൂക്ഷിച്ച ബാഗിലായിരുന്നു നിധിയുണ്ടായിരുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രൂവറി ഉടമയായ തിയോഫിലസ് വാൻ ആഷെയ്ക്കായി നിർമിച്ച ഒരു വില്ലയുടെ അടിത്തറയിലാണ് ഇത് കണ്ടെടുക്കപ്പെട്ടത്. ആരോ വളരെ ആസൂത്രിതമായി ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു നിധിശേഖരം.



സ്വർണ്ണ നാണയങ്ങളും തരികളും നമ്പറുകൾ പതിച്ച സ്വർണ്ണക്കട്ടികളും അടങ്ങിയ പൈതൃക ശേഖരം ഒരു ബാഗിലാക്കി ഭിത്തിക്കുള്ളിൽ പ്രത്യേകം സൂക്ഷിച്ച നിലയിലായിരുന്നു. 1899 മുതൽ 1970 വരെ പ്രവർത്തിച്ചിരുന്ന ഈ പഴയ കെട്ടിടം ഇപ്പോൾ ഒരു സാമൂഹിക ക്ഷേമ സംഘടന ഓഫീസുകൾക്കും വീടുകൾക്കുമായി നവീകരിച്ചു വരികയായിരുന്നു.

സ്വർണ്ണം കണ്ടെടുത്ത വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് സ്വർണ്ണനിധി ബ്രസ്സൽസിലെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ അധികാരികൾ ഇതിന്റെ യഥാർത്ഥ ഉടമസ്ഥാവകാശത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. മോഷണമുതലോ മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ സമ്പാദിച്ചതോ അല്ലെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യ ഘട്ടത്തിൽ പോലീസ് ചെയ്യുന്നത്.

ഈ കെട്ടിടത്തിന്റെ കരാറുകാർ, നിലവിലെ ഉടമസ്ഥരായ സന്നദ്ധസംഘടന, പഴയ ഉടമയായ വാൻ ആഷെ കുടുംബത്തിന്റെ പിൻഗാമികൾ എന്നിവരൊക്കെയും നിധിക്കായി അവകാശവാദം ഉന്നയിക്കാൻ സാധ്യതയുണ്ട്. ബെൽജിയത്തിലെ നിയമമനുസരിച്ച് ഇത്തരം നിധികൾ ലഭിച്ചാൽ യഥാർത്ഥ ഉടമസ്ഥർ മുന്നോട്ടുവരുന്നതിനായി കുറഞ്ഞത് അഞ്ച് വർഷമെങ്കിലും കാത്തിരിക്കേണ്ടതുണ്ട്. എങ്കിലും തങ്ങൾക്ക് ഭാവിയിൽ വലിയൊരു തുക റിവാർഡായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അത് കണ്ടെത്തിയ തൊഴിലാളികൾ.