പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗസും തമ്മിൽ നടന്ന ‘രഹസ്യ’വിവാഹം ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഓഗസ്റ്റ് 11-ന് ലിസ്ബണിന് സമീപമുള്ള കാഷ്കിസിലെ ഇവരുടെ വസതിയിൽ വച്ചായിരുന്നു തികച്ചും ലളിതമായ രീതിയിൽ വിവാഹ ചടങ്ങുകൾ നടന്നത്. അഞ്ച് മക്കളും നാല് സാക്ഷികളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. റൊണാൾഡോയുടെ അമ്മയോ സഹോദരങ്ങളോ ചടങ്ങിൽ എത്തിയിരുന്നില്ല എന്ന് പിന്നീട് പുറത്തുവന്ന വിവാഹ സർട്ടിഫിക്കറ്റ് വ്യക്തമാക്കുന്നു.
വിവാഹം നടക്കുന്ന വിവരം റൊണാൾഡോയുടെ കുടുംബാംഗങ്ങൾ പോലും അവസാന നിമിഷമാണ് അറിഞ്ഞതെന്ന് ഒരു പോർച്ചുഗീസ് ടിവി അവതാരക വെളിപ്പെടുത്തിയതോടെയാണ് ഈ വിഷയത്തിൽ ചർച്ചകൾ ചൂടുപിടിച്ചത്.
‘ടിവിഐ’ ചാനലിലെ പരിപാടിയിൽ സംസാരിക്കവെ അവതാരകയായ ക്രിസ്റ്റീന ഫെരേരയാണ് കുടുംബത്തിന്റെ അസാന്നിധ്യം വലിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് അഭിപ്രായപ്പെട്ടത്. വിവാഹത്തിന് തൊട്ടുമുൻപ് മാത്രമായിരിക്കും കുടുംബാംഗങ്ങൾ ഈ വിവരമറിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ ഇത് അവതാരകയുടെ സ്വന്തം അഭിപ്രായം മാത്രമാണെന്നും റൊണാൾഡോയോ കുടുംബമോ ഇത് സ്ഥിരീകരിക്കാത്തതിനാൽ ഉറപ്പിച്ചു പറയാനാകില്ലെന്നും സഹ-അവതാരകൻ ക്ലോഡിയോ റാമോസ് വ്യക്തമാക്കി. പുറമെ കാണുന്നതുപോലെയാകില്ല കാര്യങ്ങളെന്നും അദ്ദേഹം ഓർമിപ്പിച്ചു. പുറത്തുവന്ന സർട്ടിഫിക്കറ്റ് പ്രകാരം റൊണാൾഡോയുടെ സുഹൃത്ത് മിഗുവൽ പൈക്സാവോ, ജോർജീനയുടെ സഹോദരി ഇവാന റോഡ്രിഗസ്, ഹോസെ റോഡ്രിഗസ് സാംഗിൽ, ഭാര്യ മോണിക്ക എന്നിവരായിരുന്നു വിവാഹ സാക്ഷികൾ.
അമ്മ ഡൊലോറസിന് ഈ വിവാഹത്തോട് എതിർപ്പുള്ളതായി സൂചനകളൊന്നുമില്ല. ദമ്പതികൾ സോഷ്യൽ മീഡിയയിൽ വിവാഹ മോതിരത്തിന്റെ ചിത്രം പങ്കുവച്ചപ്പോൾ സ്നേഹം അറിയിച്ച് അമ്മ ഇമോജി പോസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റ് 11-ന് ഉച്ചയ്ക്ക് 1.30-ന് ക്വിന്റാ ഡാ മരിൻഹയിലെ വീട്ടുപരിസരത്ത് വച്ച് ഒരു രജിസ്ട്രാർ നേരിട്ടെത്തിയാണ് വിവാഹം നടത്തിയത്. നേരത്തെ ഓഗസ്റ്റ് 8-ന് മദീരയിൽ വച്ച് വിവാഹം നടക്കുമെന്ന് വാർത്ത പരന്നതിനെ തുടർന്ന് മാധ്യമങ്ങളും ആരാധകരും അവിടെ തടിച്ചുകൂടിയെങ്കിലും ദമ്പതികൾ വിവാഹ വിവരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.
വിവാഹശേഷം മോതിരമണിഞ്ഞ കൈകളുടെ ചിത്രം പങ്കുവച്ചാണ് ഇരുവരും വാർത്ത പുറത്തുവിട്ടത്. പത്തു വർഷം മുൻപ് മഡ്രിഡിൽ വച്ചാണ് മുപ്പത്തിരണ്ടുകാരിയായ ജോർജീനയും റൊണാൾഡോയും ആദ്യമായി കണ്ടുമുട്ടുന്നതും പിന്നീട് പങ്കാളികളാകുന്നതും. അർജന്റീനയിൽ ജനിച്ച ജോർജീന മോഡലിംഗ് രംഗത്തും സോഷ്യൽ മീഡിയയിലും സജീവമാണ്.




