Movie News

സൽമാനുമായുള്ള വേർപിരിയലിൽ മൗനം പാലിച്ചതെന്ത്? വർഷങ്ങൾക്ക് ശേഷം ഐശ്വര്യ റായുടെ തുറന്നുപറച്ചിൽ!

2012-ൽ സിമി ഗരേവാളുമൊത്തുള്ള ‘റേൻഡേവൂ’ എന്ന പരിപാടിയിൽ പങ്കെടുത്ത ഐശ്വര്യ റായ്, സൽമാൻ ഖാനുമായുള്ള വേർപിരിയലിനെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ ആഗ്രഹിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കിയിരുന്നു. മുൻ ലോകസുന്ദരി കൂടിയായ ഐശ്വര്യയിൽ നിന്ന് മറുപടി നേടിയെടുക്കാൻ സിമി ഗരേവാൾ പരമാവധി ശ്രമിച്ചെങ്കിലും, താരം ആ ചോദ്യങ്ങളിൽ നിന്ന് ഒഴിന്നുമാറുകയായിരുന്നു.

അഭിമുഖത്തിൽ, “സൽമാന്റെ കാര്യത്തെക്കുറിച്ച് നിങ്ങൾക്ക് വസ്തുനിഷ്ഠമായി ചിന്തിക്കാൻ കഴിയുമോ?” എന്ന് സിമി ഗരേവാൾ ഐശ്വര്യയോട് ചോദിച്ചു. “ഞാൻ ആ അധ്യായം എന്നെന്നേക്കുമായി അടച്ചുകഴിഞ്ഞു. അതിലേക്ക് തിരിഞ്ഞുനോക്കാനോ, പ്രത്യേകിച്ച് ഒരു പൊതുവേദിയിൽ വച്ച് അതിനെക്കുറിച്ച് സംസാരിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല” എന്നായിരുന്നു ഐശ്വര്യയുടെ മറുപടി. ആ സംഭവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മനസ്സിൽ വീണ്ടും വിഷമങ്ങൾ ഉണ്ടാകുന്നുണ്ടോ എന്നായിരുന്നു സിമിയുടെ അടുത്ത ചോദ്യം. “ആ ദുരനുഭവങ്ങളിൽ നിന്നെല്ലാം ഞാൻ മുക്തയായിക്കഴിഞ്ഞു. അത് കഴിഞ്ഞുപോയ കാര്യമാണ്. അതിനെ അവിടെത്തന്നെ ഉപേക്ഷിക്കേണ്ടതുണ്ട്” എന്ന് ഐശ്വര്യ ഉറപ്പിച്ചു പറഞ്ഞു.

എന്നാൽ അത് കഴിഞ്ഞുപോയ കാര്യമാണെങ്കിൽ പിന്നെ എന്തുകൊണ്ടാണ് അതിനെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ മടിക്കുന്നതെന്ന് സിമി വീണ്ടും ചോദിച്ചു. “അതിനെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചത് ഞാൻ എന്നെ മാത്രം കേന്ദ്രീകരിച്ച് ജീവിക്കുന്ന ആളല്ലാത്തതുകൊണ്ടാണ്. ‘ഞാൻ, എന്റേത്’ എന്ന് മാത്രം ചിന്തിക്കുന്ന ആളല്ല ഞാൻ. എന്റെ കൂടെ എന്റെ കുടുംബവും പ്രിയപ്പെട്ടവരും ഞാൻ ഏറെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന മനുഷ്യരുമുണ്ട്. അതുകൊണ്ടുതന്നെ അവിടെ ചില അതിരുകളുണ്ട്, ഞാൻ അത് നിഷേധിക്കുന്നില്ല,” ഐശ്വര്യ തന്റെ നിലപാട് വ്യക്തമാക്കി.

“ഞാൻ സംസാരിക്കാൻ പോകുന്ന ആളുകളെക്കൂടി കരുതിയാണ് ഈ തീരുമാനം. ആളുകൾ എന്നെ നയതന്ത്രജ്ഞയെന്നോ, കാര്യങ്ങൾ തുറന്നുപറയാത്തവളെന്നോ, അല്ലെങ്കിൽ ചിന്തിക്കാതെ സംസാരിക്കുന്നവളെന്നോ ഒക്കെ മുദ്രകുത്തുമ്പോൾ, അത് അവർക്ക് കൂടിയുള്ള സംരക്ഷണമാണ്. ഞാൻ ഒരു സിനിമാതാരമാണെങ്കിലും, ഒരു സാധാരണ പെൺകുട്ടിയാണ് എന്ന യാഥാർത്ഥ്യം ഞാൻ മറന്നിട്ടില്ല. ഞാൻ സംസാരിക്കുന്ന ആളുകളും സാധാരണ മനുഷ്യരാണ്—വികാരങ്ങളുള്ളവർ, കുടുംബവും മാതാപിതാക്കളും പ്രിയപ്പെട്ടവരുമൊക്കെയായി സാധാരണ ജീവിതം നയിക്കുന്നവർ,” ഐശ്വര്യ കൂട്ടിച്ചേർത്തു.

1999-ൽ സഞ്ജയ് ലീലാ ബൻസാലിയുടെ ‘ഹം ദിൽ ദേ ചുകേ സനം’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ഐശ്വര്യയും സൽമാൻ ഖാനും അടുത്തബന്ധത്തിലാകുന്നത്. എന്നാൽ 2002-ൽ ഇരുവരും വേർപിരിഞ്ഞു. ഐശ്വര്യ അഭിനയിച്ചുകൊണ്ടിരുന്ന ‘ചൽത്തേ ചൽത്തേ’ (2003) എന്ന സിനിമയുടെ സെറ്റിൽ സൽമാൻ പ്രശ്നങ്ങളുണ്ടാക്കിയെന്നും, തുടർന്ന് ഷാറൂഖ് ഖാന്റെ നായികയായുള്ള ആ കഥാപാത്രത്തിൽ ഐശ്വര്യയ്ക്ക് പകരം റാണി മുഖർജിയെ മാറ്റിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീട് ഐശ്വര്യ വിവേക് ഒബ്‌റോയിയുമായി പ്രണയത്തിലായപ്പോഴും, അതിന്റെ പേരിൽ സൽമാൻ വിവേകുമായും പരസ്യമായി വഴക്കിട്ടിരുന്നു.

2007 ഏപ്രിലിൽ നടൻ അഭിഷേക് ബച്ചനുമായി ഐശ്വര്യ റായുടെ വിവാഹം കഴിഞ്ഞു. ഇരുവർക്കും ആരാധ്യ എന്നൊരു മകളുണ്ട്.