Oddly News

ഹൃദയഭേദകം! കനത്ത മഴയിൽ വഴി തകര്‍ന്നു; ഗർഭിണിയായ യുവതിയെ ഡോലിയിൽ പുഴ കടത്തി; ഒടുവിൽ നൊമ്പരമായി ആ വാർത്ത- വീഡിയോ

തെലങ്കാനയിൽ കനത്ത മഴയെത്തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ ഏഴ് മാസം ഗർഭിണിയായ യുവതിയെ കവിഞ്ഞൊഴുകുന്ന അരുവിക്കക്കരെയെത്തിക്കാൻ ഗ്രാമവാസികൾ പരമ്പരാഗത മരക്കട്ടിൽ (ഡോലി) ഉപയോഗിച്ചു. കേരമേരി മണ്ഡലത്തിലെ കൊളാം ഗുഡ എന്ന ആദിവാസി ഗ്രാമത്തിലാണ് സംഭവം. വെള്ളപ്പൊക്കം കാരണം വാഹനങ്ങൾക്ക് എത്താൻ കഴിയാതിരുന്നതിനെ തുടർന്ന് ആംബുലൻസ് ലഭ്യമാകാതെ വന്നതോടെയാണ് ഗ്രാമവാസികൾ യുവതിക്ക് വൈദ്യസഹായം എത്തിക്കാൻ മുന്നോട്ടുവന്നത്.

കൊടപ രാമേശ്വരി എന്ന യുവതിക്കാണ് അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നത്. ഇതേതുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ഇവരെ ഡോലിയിൽ കിടത്തി കുത്തിയൊഴുകുന്ന അരുവി സാഹസികമായി മുറിച്ചുകടക്കുകയായിരുന്നു. രാമേശ്വരിയെ സുരക്ഷിതമായി അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിക്കുന്നതിനായി ഒന്നിലധികം ഗ്രാമവാസികൾ ചേർന്നാണ് അതിശക്തമായ വെള്ളക്കെട്ടിലൂടെ ചുമന്നുകൊണ്ട് പോയത്.

തുടർന്ന് ഇവരെ കേരമേരി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭ്രൂണചലനം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി ആസിഫാബാദ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

മഴക്കാലത്ത് വിദൂര ആദിവാസി മേഖലകളിലെ ജനങ്ങൾ അനുഭവിക്കുന്ന കടുത്ത യാത്രാദുരിതവും ആരോഗ്യസേവനങ്ങളുടെ കുറവും വ്യക്തമാക്കുന്നതാണ് ഈ സംഭവം. നല്ല റോഡുകളും പാലങ്ങളും ഇല്ലാത്തതിനാൽ അടിയന്തര ഘട്ടങ്ങളിൽ താൽക്കാലിക മാർഗ്ഗങ്ങളെ ആശ്രയിക്കേണ്ടി വരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. മഴക്കാലത്ത് സുരക്ഷിതമായി ആശുപത്രികളിൽ എത്താൻ കഴിയുന്ന രീതിയിൽ പാലങ്ങളും റോഡ് സൗകര്യങ്ങളും നിർമ്മിച്ചു നൽകണമെന്ന് അധികാരികളോട് ഗ്രാമവാസികൾ അഭ്യർത്ഥിച്ചു.