ശ്രീനഗർ: ജമ്മു കശ്മീരിൽ 36 വർഷം മുൻപ് നഴ്സിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെ.കെ.എൽ.എഫ്.) മുൻ തലവൻ യാസിൻ മാലിക് ഉൾപ്പെടെ അഞ്ച് പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. സംസ്ഥാന അന്വേഷണ ഏജൻസി (എസ്.ഐ.എ.) 737 പേജുകളുള്ള വിശദമായ കുറ്റപത്രം പ്രത്യേക കോടതിയിൽ സമർപ്പിച്ചു.
ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ നഴ്സായിരുന്ന സർള ഭട്ട് (27) കൊല്ലപ്പെട്ട കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ട സർള ഭട്ടിനെ 1990 ഏപ്രിൽ 18-നാണ് ഹോസ്റ്റലിന് സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം ശ്രീനഗറിലെ മല്ല ബാഗ് പ്രദേശത്ത് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ക്രൂരമായ ശാരീരിക പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും ഇരയാക്കപ്പെട്ട ശേഷമാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് സൂചനകൾ.
ഇവരുടെ ശരീരത്തിൽ ഒന്നിലധികം വെടിയേറ്റ പാടുകളുണ്ടായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ ഒരു കുറിപ്പിൽ ഇവർ ‘പോലീസിന് വിവരം നൽകുന്ന ആളാണ്’ എന്ന് എഴുതിയിരുന്നു. എന്നാൽ ഈ ആരോപണം തികച്ചും വ്യാജമാണെന്നും അവരെ കൊലപ്പെടുത്താൻ വേണ്ടി ഭീകരർ കെട്ടിച്ചമച്ചതാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ജമ്മു കശ്മീരിലെ തീവ്രവാദത്തിന്റെ ആദ്യ നാളുകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കേസുകളിലൊന്നാണിത്.
സർള ഭട്ടിന്റെ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവയിൽ യാസിൻ മാലിക്കിന് നേരിട്ട് പങ്കുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഭീകരവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ മാലിക് നിലവിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്.
യാസിൻ മാലിക്കിനെ കൂടാതെ ഖുർഷിദ് അഹമ്മദ് ചാൽക്കൂ, അബ്ദുൾ ഹമീദ് ഷെയ്ഖ്, മുഹമ്മദ് യൂസഫ് സോഫി, ഗുലാം മുഹമ്മദ് ടാപ്ലൂ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവർ. ഇതിൽ ഷെയ്ഖ്, സോഫി, ടാപ്ലൂ എന്നിവർ ഇതിനകം മരണപ്പെട്ടു കഴിഞ്ഞു. ചാൽക്കൂ പാക് അധീന കശ്മീരിലേക്ക് കടന്നതായാണ് വിവരം. 1990-ൽ ശ്രീനഗറിലെ നിഗീൻ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ കേസ് പതിറ്റാണ്ടുകളായി തെളിയാതെ കിടക്കുകയായിരുന്നു. പിന്നീട് 2024 മാർച്ച് 18-നാണ് കേസ് വിശദമായ അന്വേഷണത്തിനായി സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് കൈമാറിയത്.




