ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം വഴിത്തിരിവിലേക്ക്. സന്നിധാനത്ത് നിന്ന് ചെന്നൈയിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവിലെത്തിച്ച് പ്രദര്‍ശിപ്പിച്ചെന്ന് കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റി നേരത്തെ ജോലി നോക്കിയിരുന്ന ശ്രീരാംപുര അയ്യപ്പക്ഷേത്രത്തിലെത്തിച്ച കാര്യം ക്ഷേത്രം ഭാരവാഹി സ്ഥിരീകരിച്ചു. ഇതോടെ യഥാര്‍ത്ഥ സ്വര്‍ണപ്പാളി 2019ല്‍ ഉണ്ണികൃഷ്ണന്‍ മാറ്റിയതായും ദേവസ്വം വിജിലന്‍സിന് സൂചന ലഭിച്ചു.
സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും നോക്കുകുത്തികളാക്കി, ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും പുല്ലുവില കല്‍പ്പിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്ന ഇടനിലക്കാരന്‍ ശബരിമലയുടെ സ്വത്ത് തോന്നുംപടി കൈകാര്യം ചെയ്തെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. 1998ല്‍ വ്യവസായി വിജയ് മല്യ വഴിപാടായി സ്വര്‍ണംപൂശി നല്‍കിയ ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളി പിന്നീട് ആദ്യമായി അറ്റകുറ്റപ്പണി നടത്തുന്നത് 2019ലാണ്. അതിന്‍റെ ചുമതല ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക്.
ചെന്നൈയില്‍ കൊണ്ടുപോയി സ്വര്‍ണംപൂശാനായിരുന്നു കരാര്‍. ജൂലായ് 20ന് സന്നിധാനത്ത് നിന്ന് കൊണ്ടുപോയ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയത് ബെംഗളൂരുവിലേക്ക്. അവിടെ ഉണ്ണികൃഷ്ണന്‍ പോറ്റി പണ്ട് ജോലി ചെയ്തിരുന്ന ശ്രീരാംപുര അയ്യപ്പക്ഷേത്രത്തിലെത്തിച്ച് പ്രദര്‍ശനവും നടത്തി. ഇതിനേക്കാള്‍ ഗൗരവമുള്ള ചില സൂചനകളാണ് ദേവസ്വം വിജിലന്‍സിന് ലഭിച്ചത്.
ബെംഗളൂരുവിലെത്തിച്ച സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ അവിടുള്ളൊരു വ്യവസായിക്ക് കൈമാറി. പകരം വ്യവസായിയുടെ സഹായത്തോടെ മറ്റൊരു സ്വര്‍ണപ്പാളി നിര്‍മിച്ച് ശബരിമലയില്‍ തിരികെയെത്തിച്ചു. അതായത് യഥാര്‍ത്ഥ സ്വര്‍ണപ്പാളി മാറ്റിയെന്ന് സംശയം. ഇത് സ്ഥിരീകരിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയേയും വ്യവസായിയേയും ഉടന്‍ ചോദ്യം ചെയ്യും
2019ൽ ബെംഗളരൂവിലെ ഒരു ന്യൂസ് പോർട്ടലിൽ ശബരിമലയിലെ സ്വർണപ്പാളി തനിക്ക് ലഭിച്ചെന്ന് വിശദീകരിക്കുന്ന വിവേക് ജെയിൻ എന്ന വ്യവസായിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണപ്പാളി 39 ദിവസമെടുത്ത് ചെന്നൈയിൽ എത്താൻ ഇടയായ സാഹചര്യം അന്വേഷിക്കുന്ന ദേവസ്വം വിജിലൻസിന്റെ ശ്രദ്ധയിൽ ഇക്കാര്യം പെട്ടതാണ് വഴിത്തിരിവായത്. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് നഗരത്തിലെ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിലേക്ക് വിജിലൻസിനെ എത്തിച്ചത്.
ബെംഗളൂരുവിലെ വ്യവസായിയായ വിവേക് ജെയിൻ, പണമിടപാട് സ്ഥാപനം നടത്തുന്ന രമേഷ് എന്നിവർക്കൊപ്പം ശ്രീകോവിൽ വാതിൽ എന്ന പേരിൽ ശബരിമലയിലെ സ്വർണം പൂശിയ വസ്തു ഉണ്ണികൃഷ്ണൻ പോറ്റി എത്തിച്ചതായി ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി വിശ്വംഭരൻ പറഞ്ഞു. പൂജാ കർമങ്ങൾക്കും വിശ്വാസികൾക്ക് ദർശനവും ഒരുക്കിയതിനും ശേഷം ഈ സ്വർണപ്പാളി പൊതിഞ്ഞ് കൊണ്ടുപോയതായും വിശ്വംഭരൻ വ്യക്തമാക്കി. 2004ൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഇവിടെ നിന്ന് പുറത്താക്കി.




