ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് യുവതിയെ ബോസിന്റെ ഭാര്യ കൊലപ്പെടുത്തി. പുനെയില്‍ അഭിഭാഷകനായ സഞ്ജയ് സാവന്തിന്റെ ഓഫീസിലെ ജീവനക്കാരി 35 വയസ്സുകാരിയായ പൂനം ദിനേശ് മന്‍ ആണ് കൊല്ലപ്പെട്ടത്. സഞ്ജയിന്റെ ഭാര്യ സ്വാതി സാവന്ത് (42) ആണ് കൊലപാതകം നടത്തിയത്. കൃത്യത്തിന് ശേഷം മൃതദേഹം ചാക്കിലാക്കി ഒളിപ്പിക്കാനും പ്രതി ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ജോലി കഴിഞ്ഞിട്ടും പൂനം വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. പൂനത്തെ ഫോണിലും കിട്ടാതായതോടെ ഭര്‍ത്താവ് ഓഫീസിലെത്തിയപ്പോള്‍ വാതില്‍ തുറന്ന നിലയിലായിരുന്നു. അകത്ത് പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ പൂനത്തെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തന്റെ ഭര്‍ത്താവുമായി പൂനത്തിന് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് സ്വാതി മാരകമായി ആക്രമിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നിയമവിഭാഗത്തിലും സാമൂഹ്യ സംഘടനകളിലും സജീവമായി പ്രവര്‍ത്തിക്കുന്ന പ്രശസ്തനായ അഭിഭാഷകനാണ് സഞ്ജയ് സാവന്ത്.




