പട്ടാപ്പകൽ സമയത്ത് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന തങ്ങളെ കാറിലെത്തിയ നഗ്നരായ പുരുഷന്മാർ പിന്തുടർന്ന് ശല്യം ചെയ്തതായി യുവതിയുടെ വെളിപ്പെടുത്തല്‍. നോയിഡയിൽ നടന്ന ഈ സംഭവം സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്. കാറിലുണ്ടായിരുന്ന മൂന്ന് പുരുഷന്മാരിൽ രണ്ടുപേർ നഗ്നരായിരുന്നുവെന്നും, ഇവർ തങ്ങളുടെ ഓട്ടോറിക്ഷയെ മറികടക്കാനും വഴി തടസ്സപ്പെടുത്താനും ശ്രമിച്ച് ഭയപ്പെടുത്തിയതായും സ്ത്രീ ആരോപിക്കുന്നു.
ദീപിക എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയിലൂടെയാണ് യുവതി ഈ ദുരനുഭവം വിവരിച്ചത്. വീഡിയോയിൽ അവർ പറയുന്നത് ഇങ്ങനെയാണ്: ”രണ്ടുപേർ നഗ്നരായ, മൂന്ന് പുരുഷന്മാരുള്ള ഒരു കാർ നിങ്ങളുടെ ഓട്ടോയെ പിന്തുടർന്നാൽ നിങ്ങൾ എന്തുചെയ്യും? നോയിഡയിൽ വെച്ച് ഞങ്ങൾക്ക് സംഭവിച്ചത് ഇതാണ്. വെറും 10 മിനിറ്റ് മാത്രം ദൂരമുള്ള ഒരിടത്തേക്ക് പകൽവെളിച്ചത്തിൽ പോവുകയായിരുന്നു ഞങ്ങൾ. ആളൊഴിഞ്ഞ ഭാഗങ്ങളും ജനസാന്ദ്രതയേറിയ ഇടങ്ങളും ഓഫീസുകളും ഒക്കെയുള്ള ഒരു പ്രദേശമാണിത്. ഞങ്ങൾ അവിടെനിന്നും ഇറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് ഒരു ടാക്സി കാറിലെത്തിയ മൂന്ന് പേർ ഞങ്ങളുടെ ഓട്ടോയെ പിന്തുടരാനും, അതിനെ ഇടിച്ചുതെറിപ്പിക്കാനോ മറിച്ചിടാനോ ശ്രമിക്കാൻ തുടങ്ങിയത്.”
യുവതി തുടർന്നു പറഞ്ഞു: ”പെട്ടെന്നുണ്ടായ ഈ സംഭവത്തില്‍ ഞങ്ങൾ ഞെട്ടിപ്പോയി, എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. നോക്കിയപ്പോഴാണ് ഒരുത്തൻ പൂർണ്ണനഗ്നനായി പാസഞ്ചർ സീറ്റിൽ ഡാഷ്‌ബോർഡിലേക്ക് കാലുകൾ കയറ്റിവെച്ച് കിടക്കുന്നത് കണ്ടത്. അവർ ക്രൂരമായി ചിരിക്കുന്നുണ്ടായിരുന്നു. പുറകിലെ സീറ്റിലിരുന്ന ആളുടെ മുഖം കാണാൻ കഴിഞ്ഞില്ല. അവർ വീണ്ടും കാർ മുന്നോട്ടെടുത്ത് ഞങ്ങളുടെ ഓട്ടോയെ മറികടക്കാൻ ശ്രമിച്ചു.”
”പിന്നീട് അവർ കാർ ഓട്ടോയ്ക്ക് മുന്നിൽ കൊണ്ടുവന്ന് വഴി തടഞ്ഞു. ഞങ്ങൾ മൂന്ന് സ്ത്രീകളും അതീവ ഭയത്തിലായിരുന്നു. സ്വയം രക്ഷപ്പെടുക എന്നതുമാത്രമാണ് അപ്പോൾ ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നത്,” അവർ കൂട്ടിച്ചേർത്തു.
”നോയിഡയിൽ ജോലി ചെയ്യുന്ന സ്ത്രീകളാണെങ്കിൽ ദയവായി നിങ്ങളുടെ സുരക്ഷയിൽ ശ്രദ്ധിക്കുക എന്ന് പറയാൻ വേണ്ടിയാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. ഇവിടെ പുലർച്ചെ 2 മണിക്കും സുരക്ഷിതമല്ല, ഉച്ചയ്ക്ക് 2 മണിക്കും സുരക്ഷിതമല്ല,” എന്ന് പറഞ്ഞുകൊണ്ടാണ് അവർ വീഡിയോ അവസാനിപ്പിക്കുന്നത്.
ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു.




