Featured Lifestyle

‘എന്റെ മുഖം ടീ-ഷർട്ടിൽ പ്രിന്റ് ചെയ്ത് എന്നെ എതിർക്കാൻ പ്രിയങ്ക ഗാന്ധി ആരാണ്’ ​വോട്ടര്‍പട്ടികയിലെ ‘124’കാരി മിന്റ ദേവി ചോദിക്കുന്നു

പട്‌ന: വോട്ടര്‍പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ മിന്റദേവിയുടെ ചിത്രവും വിവരവും ഉയര്‍ത്തിക്കാട്ടി പ്രതിഷേധവുമായി വന്നതിന് പിന്നാലെ ബീഹാറിലെ ഗ്രാമീണ വനിതയ്ക്ക് അപ്രതീക്ഷിത ജനപ്രീതി. ബീഹാറിലെ സിവാനിലെ ഒരു ഗ്രാമീണ കുടുംബത്തില്‍ നിന്നുള്ള മിന്റ ദേവിക്കാണ് അസാധാരണമായ പ്രശസ്തിയുണ്ടായത്. പക്ഷേ പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രതിഷേധത്തിന്റെ മുഖമായി മാറിയതിനെ തുടര്‍ന്ന് ഇപ്പോള്‍ രാജ്യവ്യാപകമായി കിട്ടിയിരിക്കുന്ന പ്രശസ്തിയില്‍ അതൃപ്തയാണ് മിന്റ.

കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധി വാദ്രയും സംഘവും മിന്റയുടെ മുഖം ആലേഖനം ചെയ്ത ടീ-ഷര്‍ട്ടുകള്‍ ധരിച്ചതോടെ അവരുടെ പേര് വാര്‍ത്തകളില്‍ ഇടം നേടിയത്. 35 കാരിയായ അവര്‍ കോണ്‍ഗ്രസിന്റെ ‘വോട്ടര്‍ ചോരി (വോട്ട് മോഷണം)’ പ്രചാരണത്തിലെ മറ്റൊരു നാഴികക്കല്ലായി മാറി. വോട്ടര്‍ പട്ടികയില്‍ മിന്റയുടെ പ്രായം 124 വയസ്സായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തെറ്റിനെക്കുറിച്ച് ശ്രീമതി ഗാന്ധി വാദ്ര വലിയ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

സിവാനിലെ ദരൗണ്ട നിയമസഭാ മണ്ഡലത്തിലെ വോട്ടറായി രജിസ്റ്റര്‍ ചെയ്ത മിന്റ ദേവി ഒരു വീട്ടമ്മയാണ്. തന്നെ രാഷ്ട്രീയമായി ഈ വിധം ഉപയോഗിക്കപ്പെടുന്നതില്‍ തനിക്ക് വിഷമമുണ്ടെന്ന് അവര്‍ പറഞ്ഞു. തന്റെ ഒരേയൊരു അഭ്യര്‍ത്ഥന എന്റെ വോട്ടര്‍ ഐഡി തിരുത്തണം എന്നതാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഛപ്രയിലെ പ്രഭുനാഥ് നഗറില്‍ താമസിക്കുന്ന അവരുടെ കുടുംബം പെട്ടെന്നുള്ള പ്രചാരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുകയാണെന്നും മിന്റ ദേവി പറഞ്ഞു.

ഭര്‍ത്താവ്, കുട്ടികള്‍, മരുമക്കള്‍ എന്നിവര്‍ക്ക് ഇതൊരു മാനസീക പീഡനമായി മാറിയിരിക്കുകയാണെന്നും പറഞ്ഞു. തന്റെ മുഖം ഒരു ടീ-ഷര്‍ട്ടില്‍ പ്രിന്റ് ചെയ്ത് അതുധരിച്ച് തന്നെ എതിര്‍ക്കാന്‍ പ്രിയങ്ക ഗാന്ധി ആരാണ്? അവര്‍ ചോദിച്ചു. രാവിലെ മുതല്‍ ആളുകള്‍ തന്നെ വിളിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും വീട്ടുവാതില്‍ ക്കല്‍ എത്തുകയാണെന്നും ഇവര്‍ പറയുന്നു. വോട്ടര്‍ ഐഡി കാര്‍ഡില്‍ തന്റെ ജനന ത്തീയതി 1900 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ആധാറില്‍ തന്റെ ജനനത്തീയതി 1990 ആണ്. വോട്ടര്‍ ഐഡി കാര്‍ഡിലെ തെറ്റ് തന്റെ കുറ്റമല്ലെന്നും അവര്‍ പറഞ്ഞു. ഈ തെറ്റ് എത്രയും വേഗം തിരുത്തണമെന്ന് കുടുംബം തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു.