പശ്ചിമ ബംഗാളിലെ ജിലിംഗ്സെറെംഗ് എന്ന ഗ്രാമീണ ആദിവാസി സമൂഹത്തിന്റെ പ്രതീക്ഷയുടെ പ്രതീകമാണ് മാലതി മുർമു. ഔദ്യോഗിക പരിശീലനമോ, വിഭവങ്ങളോ ഇല്ലാതിരുന്നിട്ടും, അവർ തന്റെ ചെറിയ മൺവീടിനെ ഗ്രാമത്തിലെ കുട്ടികൾക്കായുള്ള ഒരു സൗജന്യ വിദ്യാലയമാക്കി മാറ്റി. ഇത് കുട്ടികൾക്ക് അവരുടെ ഇപ്പോഴത്തെ അവസ്ഥകൾക്കപ്പുറം സ്വപ്നം കാണാൻ ഒരവസരം നൽകി. ഒരു സ്ത്രീയുടെ ഇച്ഛാശക്തിക്ക് ഒരു സമൂഹത്തിന്റെ മുഴുവൻ ഭാവിയെയും എങ്ങനെ മാറ്റിമറിക്കാൻ കഴിയുമെന്ന് അവരുടെ കഠിനാധ്വാനം തെളിയിക്കുന്നു.
സന്താളി, ബംഗാളി സംസാരിക്കുന്ന കുട്ടികൾക്കായുള്ള ഈ വിദ്യാലയത്തിൽ ഒരേയൊരു അധ്യാപിക മാത്രമേയുള്ളൂ. റോഡുകളോ പൊതുഗതാഗത സൗകര്യങ്ങളോ ഇല്ലാത്തതിനാൽ ഈ സമൂഹം സമീപമുള്ള പട്ടണങ്ങളിൽ നിന്ന് ഒറ്റപ്പെട്ട നിലയിലാണ്, അതിനാൽ ആളുകൾക്ക് ദീർഘദൂരം നടക്കേണ്ടിവരും. 2019-ൽ വിവാഹശേഷം മാലതി അവിടേക്ക് താമസം മാറ്റിയത്. താമസിയാതെ, കുട്ടികളിൽ പലരും സ്കൂളിൽ പോകാൻ താൽപ്പര്യമില്ലാത്തതുകൊണ്ടല്ല, മറിച്ച് ദിവസവും സ്കൂളിൽ പോകാൻ സമയം കിട്ടാത്തതുകൊണ്ട് പഠനം നിർത്തുന്നുണ്ടെന്ന് അവർ മനസ്സിലാക്കി. വിറക് ശേഖരിക്കുക, വീട്ടിലെ ജോലികളിൽ സഹായിക്കുക, കൂടാതെ അധ്യാപകർ പലപ്പോഴും ഹാജരാകാത്ത ബാഗ്മുണ്ടിയിലെ ഏറ്റവും അടുത്തുള്ള സർക്കാർ സ്കൂളിൽ എത്താൻ കിലോമീറ്ററുകളോളം നടക്കുക എന്നിവയെല്ലാം അവരെ അതില്‍നിന്ന് പിന്‍തിരിപ്പിച്ചു.
ഇതൊന്ന് മാറ്റിയെടുക്കാൻ മാലതി ഉറച്ചു, അങ്ങനെ 2020-ൽ അവർ കുട്ടികളെ സൗജന്യമായി പഠിപ്പിക്കാൻ തുടങ്ങി. റിപ്പോർട്ടുകൾ അനുസരിച്ച്, ദാരിദ്ര്യവും ദിശാബോധമില്ലായ്മയുമായിരുന്നു കുട്ടികൾ പഠനം തുടരാതിരിക്കാൻ കാരണം. ഭർത്താവിന്റെ സഹായത്തോടെ, ഏറ്റവും അടിസ്ഥാനപരമായ സൗകര്യങ്ങളും വലിയ നിശ്ചയദാർഢ്യവും മാത്രമുപയോഗിച്ച് അവർ ക്ലാസുകൾ ആരംഭിച്ചു.
മാലതിക്ക് ഔദ്യോഗിക പരിശീലനം ലഭിച്ചിരുന്നില്ല; അവർ പന്ത്രണ്ടാം ക്ലാസ് വരെ മാത്രമാണ് പഠിച്ചത്, പക്ഷേ അവരുടെ സമർപ്പണം ഒട്ടും കുറഞ്ഞില്ല. കോവിഡ്-19 ലോക്ക്ഡൗൺ സമയത്ത്, സ്കൂളുകൾ അടച്ചിടുകയും ഓൺലൈൻ പഠനം ലഭ്യമല്ലാതിരിക്കുകയും ചെയ്തപ്പോൾ, കുട്ടികൾക്കായി മൺചുമരുകൾ ഉപയോഗിച്ച് ഒരു ക്ലാസ് മുറി നിർമ്മിക്കാൻ നാട്ടുകാർ അവരെ സഹായിച്ചു.
അവരുടെ ‘മാലതിബാല സ്കൂളിൽ’ ഇപ്പോൾ ഏകദേശം 45 വിദ്യാർത്ഥികളെ ഇംഗ്ലീഷ്, കണക്ക്, സയൻസ് വിഷയങ്ങൾ പഠിപ്പിക്കുന്നുണ്ട്. ബംഗാളിലെ ഈ വിദൂര പ്രദേശത്തെ കുട്ടികളുടെ സ്വപ്നങ്ങളും പഠനവും നിലനിർത്താൻ ഇത് സഹായിക്കുന്നു.




