Oddly News

തേനിച്ചകളില്‍ അവന്‍ ലൂസിഫര്‍: ഓസ്‌ട്രേലിയയില്‍ പുതിയ ഇനം തേനീച്ചയെ കണ്ടെത്തി

സിഡ്‌ണി: ഓസ്‌ട്രേലിയന്‍ ശാസ്‌ത്രജ്‌ഞര്‍ പുതിയ ഇനം തേനീച്ചയെ കണ്ടെത്തി. ചെറിയ കൊമ്പുകളുള്ള ഈ പുതിയ ഇനത്തിന്റെ പേര്‍ – ‘ലൂസിഫര്‍’.

പെര്‍ത്തില്‍നിന്ന്‌ 470 കിലോമീറ്റര്‍ കിഴക്കായി സ്‌ഥിതി ചെയ്യുന്ന പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌ഫീല്‍ഡ്‌സ്‌ മേഖലയിലെ ബ്രെമെര്‍ റേഞ്ചുകളില്‍ മാത്രം വളരുന്ന അപൂര്‍വയിനം കാട്ടുപൂവിനെ നിരീക്ഷിക്കുന്നതിനിടയിലാണു ഗവേഷകര്‍ മെഗാചൈല്‍ ലൂസിഫര്‍ എന്ന ഈ പുതിയ തേനീച്ചയെ കണ്ടെത്തുന്നത്‌. പെണ്‍ തേനീച്ചകള്‍ക്കു മാത്രമാണു കൊമ്പുള്ളത്‌. ഇത്‌ ഒരു പ്രതിരോധ സംവിധാനമായോ, പരാഗണം നടത്താനോ, റെസിന്‍ പോലുള്ള വസ്‌തുക്കള്‍ ശേഖരിക്കാനോ ഉപയോഗിക്കാവുന്നതാണെന്ന്‌ ഗവേഷകര്‍ കരുതുന്നു.നെറ്റ്‌ഫ്‌ലിക്‌സ്‌ ഷോയായ ‘ലൂസിഫറി’ല്‍നിന്നാണു തേനിച്ചയ്‌ക്കുള്ള പേര്‍ കണ്ടെത്തിയതെന്നു ഗവേഷകയായ ഡോ. കിറ്റ്‌ പ്രെന്‍ഡര്‍ഗാസ്‌റ്റ്‌ പറഞ്ഞു.

ലൂസിഫര്‍ എന്ന വാക്കിന്‌ ലാറ്റിന്‍ ഭാഷയില്‍ ‘പ്രകാശം കൊണ്ടുവരുന്നവന്‍’ എന്നാണ്‌ അര്‍ത്ഥം. തദ്ദേശീയ തേനീച്ചകളുടെ സംരക്ഷണത്തിന്റെയും വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പരാഗണത്തെക്കുറിച്ചുമുള്ള കൂടുതല്‍ അവബോധം ആവശ്യമാണെന്നതിലേക്ക്‌ വെളിച്ചം വീശാനും ഈ പേര്‍ ഉപയോഗിക്കുന്നതായി അവര്‍ പറഞ്ഞു.
‘ഈ പുതിയ തേനീച്ചവര്‍ഗം വംശനാശഭീഷണി നേരിടുന്ന കാട്ടുപൂക്കള്‍ കാണപ്പെടുന്ന മേഖലയിലാണു കണ്ടെത്തിയത്‌. അതിനാല്‍ രണ്ടിനും ആവാസവ്യവസ്‌ഥയുടെ നാശം, കാലാവസ്‌ഥാ വ്യതിയാനം പോലുള്ള ഭീഷണികള്‍ നേരിടേണ്ടി വരും’ – അവര്‍ പറഞ്ഞു.