ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ ഹോര്‍മുസ് കടലിടുക്കിന്റെ പേരില്‍ സമ്മര്‍ദം. ഹോര്‍മുസ് അടയ്‌ക്കുന്നത് പരിഗണിക്കുകയാണെന്നാണ് ഇറാന്റെ നിലപാട്. അത് എണ്ണ വിലക്കയറ്റത്തിനു കാരണമാകും. അതു തന്നെയാണു ഭീഷണിക്കു പിന്നിലെ രഹസ്യം.
പേര്‍ഷ്യന്‍ ഗള്‍ഫിലേക്കുള്ള ഏക സമുദ്ര പ്രവേശന മാര്‍ഗമാണു ഹോര്‍മുസ്. ഒരു വശത്ത് ഇറാനും മറുവശത്ത് ഒമാനും യു.എ.ഇയും. ഈ കടലിടുക്ക് പേര്‍ഷ്യന്‍ ഗള്‍ഫിനെ ഒമാന്‍ ഗള്‍ഫുമായും അറബി കടലുമായും ബന്ധിപ്പിക്കുന്നു. യു.എസ്. എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്‌മിനിസ്‌ട്രേഷന്റെ കണക്കനുസരിച്ച്, ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം ഈ കടലിടുക്കിലൂടെയാണ്. അതിനാല്‍ ഹോര്‍മുസ് ഒരിക്കലും പൂര്‍ണമായി അടച്ചിട്ടില്ല.
1980 മുതല്‍ 1988 വരെ നടന്ന ഇറാന്‍- ഇറാഖ് സംഘര്‍ഷത്തില്‍, ഇരുവശത്തും ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. ഈ സമയത്ത്, രണ്ട് രാജ്യങ്ങളും വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടു. ഇത് ടാങ്കര്‍ യുദ്ധം എന്നറിയപ്പെട്ടു. പക്ഷേ, ഹോര്‍മൂസിലൂടെയുള്ള യാത്ര തുടര്‍ന്നു.
2019 ല്‍ ഇറാനും യു.എസും ഇടഞ്ഞപ്പോള്‍ ഫുജൈറയുടെ തീരത്ത് ഹോര്‍മുസ് കടലിടുക്കിന് സമീപം നാല് കപ്പലുകള്‍ ആക്രമിക്കപ്പെട്ടു. ഈ സംഭവത്തിന് ഇറാനാണ് കാരണമെന്ന് വാഷിങ്‌ടണ്‍ ആരോപിച്ചെങ്കിലും ഇറാന്‍ നിഷേധിച്ചു.
സംഘര്‍ഷത്തിനിടയില്‍ സമ്മര്‍ദം ചെലുത്താന്‍ കപ്പല്‍ ഗതാഗത പാതകളെ ആക്രമിക്കുന്നത് പതിവാണ്. ഗാസയിലെ യുദ്ധം ആരംഭിച്ചതിനുശേഷം, അറേബ്യന്‍ ഉപദ്വീപിന്റെ മറുവശത്തുള്ള ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ ബാബ് അല്‍മണ്ടെബ് കടലിടുക്കിനു സമീപം കപ്പലുകളെ ആക്രമിക്കുകയാണ് യെമനിലെ ഹൂതികള്‍. ഹൂതി ആക്രമണം ലോക വ്യാപാരത്തെ ബാധിച്ചെങ്കിലും, ആഫ്രിക്കയെ ചുറ്റി സഞ്ചരിച്ച് കപ്പലുകള്‍ ചെങ്കടല്‍ ഒഴിവാക്കാന്‍ കഴിയും. പക്ഷേ, ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാതെ ഗള്‍ഫില്‍നിന്ന് സമുദ്രമാര്‍ഗം ഒന്നും കൊണ്ടുപോകാന്‍ കഴിയില്ല.
ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പെട്രോള്‍ ഇറക്കുമതി ചെയ്യാത്ത രാജ്യങ്ങളെ പോലും ഈ കടലിടുക്ക് അടച്ചാല്‍ ബാധിക്കും, കാരണം വിതരണത്തിലെ വലിയ കുറവ് ലോക വിപണിയിലെ എണ്ണ വില വര്‍ധിപ്പിക്കും.




