Featured Good News

പിന്നല്ലാതെ… ! ട്രെയിൻ കോച്ച് മുഴുവൻ ബുക്ക് ചെയ്ത് ഒരു വിവാഹയാത്ര, ഇന്റർനെറ്റിൽ ചർച്ചയായി വീഡിയോ

വിവാഹാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ കുടുംബം ഒരു ട്രെയിൻ കോച്ച് മുഴുവനായി ബുക്ക് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ട്രെയിൻ ബോഗിയെ ഒരു ‘നടക്കുന്ന കല്യാണപ്പന്തൽ’ ആക്കി മാറ്റിക്കൊണ്ടുള്ള ഈ ആഘോഷം ഒരു വിനോദയാത്രയുടെ പ്രതീതിയാണ് നൽകുന്നത്.

കോച്ചിന്റെ നെയിം പ്ലേറ്റിൽ മാല ചാർത്തുന്നതും അതിഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകൾ ഒട്ടിച്ചതുമാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതും ആഘോഷങ്ങളിൽ പങ്കുചേരുന്നതും ദൃശ്യങ്ങളിലുണ്ട്.

വീഡിയോയുടെ അടുത്ത ഭാഗത്ത്, വധു കേക്ക് മുറിക്കുന്നതും കുടുംബാംഗങ്ങൾ ചുറ്റും നിന്ന് ആവേശത്തോടെ പ്രോത്സാഹിപ്പിക്കുന്നതും കാണാം. വധുവിന്റെ കുടുംബത്തിന് ബന്ധുക്കൾ സമ്മാനങ്ങൾ നൽകുന്ന ‘മെയ്‌റ’ അല്ലെങ്കിൽ ‘ഭാട്ട്’ എന്ന ആചാരത്തിന്റെ ഭാഗമായി നിരവധി പെട്ടികളും പുതപ്പുകളും ബോഗിക്കുള്ളിൽ അടുക്കിവെച്ചിട്ടുണ്ട്. ഈ ബഹളങ്ങൾക്കിടയിലൂടെ പുഞ്ചിരിയോടെ തന്റെ ജോലി ചെയ്യാൻ ശ്രമിക്കുന്ന ടിക്കറ്റ് പരിശോധകനെയും വീഡിയോയിൽ കാണാം. ഇന്ത്യൻ റെയിൽവേ അക്കൗണ്ട്സ് സർവീസ് ഓഫീസർ അനന്ത് രൂപനഗുഡി “ഒരു മാർവാഡി വിവാഹസംഘം റെയിൽവേ കോച്ച് ബുക്ക് ചെയ്യുമ്പോൾ ഇങ്ങനെയിരിക്കും” എന്ന കുറിപ്പോടെയാണ് ഈ വീഡിയോ എക്സിൽ (X) പങ്കുവെച്ചത്.

ഈ വീഡിയോ ഇന്റർനെറ്റിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. കുടുംബാംഗങ്ങൾ ഒത്തൊരുമിച്ച് ഇത്തരത്തിൽ യാത്ര ചെയ്യുന്നത് മനോഹരമാണെന്നും ഇത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും പലരും അഭിപ്രായപ്പെട്ടു. കുറഞ്ഞ ചെലവിൽ എല്ലാവർക്കും ഒന്നിച്ച് യാത്ര ചെയ്യാൻ സാധിക്കുന്ന ഇത്തരം രീതികൾ പണ്ട് മുതലേ ഉള്ളതാണെന്ന് ചിലർ ഓർമ്മിപ്പിച്ചു. എന്നാൽ, ട്രെയിൻ പോലുള്ള പൊതുയിടങ്ങളിൽ ഇത്രയും ശബ്ദമുണ്ടാക്കി ആഘോഷിക്കുന്നത് ശരിയാണോ എന്ന് ഒരു വിഭാഗം ആളുകൾ ചോദിക്കുന്നുണ്ട്. സാധാരണ യാത്രക്കാർ സീറ്റിനായി കഷ്ടപ്പെടുമ്പോൾ ഇത്തരത്തിൽ സ്വകാര്യ പാർട്ടികൾക്കായി കോച്ചുകൾ അനുവദിക്കുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകില്ലേ എന്നും ചിലർ ആശങ്ക പ്രകടിപ്പിച്ചു.

വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, റെയിൽവേ ഔദ്യോഗികമായി നൽകുന്ന ഒരു സേവനമാണിത്. ഐആർസിടിസിയുടെ (IRCTC) ‘ഫുൾ താരിഫ് റേറ്റ്’ (FTR) സംവിധാനം വഴി ആർക്കും ട്രെയിനോ പ്രത്യേക കോച്ചുകളോ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. യാത്രയ്ക്ക് ആറ് മാസം മുമ്പ് വരെ അപേക്ഷിക്കാനും ഓരോ കോച്ചിനും ഏകദേശം 50,000 രൂപ വീതം സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചും ഈ സേവനം സ്വന്തമാക്കാം.