ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിക്കാനുള്ള കാരണത്തെക്കുറിച്ചു ചോദിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോഹ്‌ലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘നാലു ദിവസത്തിലൊരിക്കൽ താടി കറുപ്പിക്കേണ്ടി വരുമ്പോൾ നമുക്കറിയാം സമയമായി എന്ന്’, ഏതായാലും ആ പ്രതികരണം വെറുതെയല്ലെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. താടിയിലും മീശയിലും നര വീണ വിരാട് കോഹ്‌ലിയുടെ ഏറ്റവും പുതിയ ചിത്രം ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
കോഹ്‌ലി ഏകദിനത്തില്‍നിന്നു വിരമിക്കാനൊരുങ്ങുന്നതിന്റെ സൂചനയായി ആരാധകര്‍ കാണുന്നു. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ മക്കളായ വാമിക, അകായ എന്നിവര്‍ക്കൊപ്പം ലണ്ടനില്‍ കഴിയുകയാണു കോഹ്‌ലി. ഏകദിനത്തില്‍ തുടര്‍ന്ന് കളിക്കുമെന്ന് കോഹ്‌ലി വ്യക്തമാക്കിയിരുന്നെങ്കിലും എക്‌സില്‍ ഇന്നലെ പോസ്റ്റ് ചെയ്ത ഫോട്ടോകളാണ് പുതിയ സൂചന നല്‍കിയത്. 2024 ജൂണ്‍ 29 നു ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പ് നേടിയതിനു പിന്നാലെ കോഹ്‌ലി രാജ്യാന്തര ട്വന്റി20 യില്‍നിന്നു വിരമിച്ചിരുന്നു. കഴിഞ്ഞ മേയ് 12 നാണു താരം ടെസ്റ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്.
മുന്‍ താരം യുവരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തുന്ന ”യുവികാന്‍” കാന്‍സര്‍ ധനശേഖരണ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് നരവീണ താടിയെക്കുറിച്ച് കോഹ്‌ലി പരസ്യമായി പ്രതികരിച്ചത്.
ലണ്ടനില്‍ നടന്ന പരിപാടിക്കിടെ വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴായിരുന്നു മറുപടി. നരച്ച താടിയുള്ള കോഹ്‌ലി ഷാ കിരണ്‍ എന്ന ആരാധകനൊത്തുള്ള ഫോട്ടോയാണ് എക്‌സില്‍ പോസ്റ്റ് ചെയ്തത്. നരച്ച താടി ക്രിക്കറ്റ് നിര്‍ത്തുന്നതിന്റെ സൂചനയാണെന്നാണ് ആരാധകരുടെ ആശങ്ക. ഇന്ത്യക്കിനി ഒക്‌ടോബറിലാണ് ഏകദിന മത്സരമുള്ളത്. യു.എ.ഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിലാണ് ഇന്ത്യ പങ്കെടുക്കുക. ഒന്‍പത് മുതല്‍ 28 വരെ യു.എ.ഇയിലെ രണ്ട് വേദികളിലായാണ് ഏഷ്യാ കപ്പ്. വിരാട് കോഹ്‌ലിയെ കൂടാതെ മുന്‍ താരങ്ങളായ ക്രിസ് ഗെയ്ല്‍, കെവിന്‍ പീറ്റേഴ്‌സന്‍, രവി ശാസ്ത്രി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.




