Celebrity

അനുഷ്ക എന്ത് പറയും? ദക്ഷിണാഫ്രിക്കൻ മോഡലിന്റെ പോസ്റ്റിൽ വിരാടിന്റെ ‘ഹൃദയം’ ട്രോൾ മഴ!

മോഡൽ അവനീത് കൗറിന്റെ ചിത്രത്തിന് അറിയാതെ ലൈക്ക് വീണതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ക്ഷീണം മാറും മുൻപേ വിരാട് കോലി വീണ്ടും സമാനമായൊരു കുരുക്കിൽപ്പെട്ടിരിക്കുകയാണ്. ഇത്തവണ ദക്ഷിണാഫ്രിക്കൻ മോഡൽ ലിസ്‌ലാസിന്റെ ഇൻസ്റ്റഗ്രാം ചിത്രത്തിലാണ് കോലിയുടെ ‘ലൈക്ക്’ പ്രത്യക്ഷപ്പെട്ടത്. നിമിഷങ്ങൾക്കകം ഈ വിവരം വൈറലായതോടെ ആരാധകർക്കിടയിൽ ചർച്ചകൾ കൊഴുക്കുകയാണ്.

സോഷ്യൽ മീഡിയയിലെ ട്രോളന്മാർ കോലിയെ വെറുതെ വിടാൻ ഭാവമില്ല. ‘ഇതും അൽഗൊരിതത്തിന്റെ കളിയാണെന്ന വിശദീകരണം ഉടൻ വരും’ എന്നാണ് പലരും പരിഹസിക്കുന്നത്. എന്നാൽ കോലി മനപ്പൂർവ്വം ഇത്തരമൊരു കാര്യം ചെയ്യില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നവരും കുറവല്ല. ഇതിനിടെ, ലിസ്‌ലാസിന്റെ പോസ്റ്റിന് താഴെ യുസ്‌വേന്ദ്ര ചെഹൽ ‘അൽഗൊരിതം’ എന്ന് കമന്റ് ചെയ്തെന്ന തരത്തിലുള്ള സ്ക്രീൻഷോട്ടുകളും പ്രചരിക്കുന്നുണ്ട്. വിരാട് എത്രയും പെട്ടെന്ന് ആ ലൈക്ക് പിൻവലിക്കണമെന്നാണ് ചില ആരാധകരുടെ ഉപദേശം.

കഴിഞ്ഞ ജനുവരി 30-ന് ലിസ്‌ലാസ് പങ്കുവെച്ച ചിത്രത്തിനാണ് കോലി ലൈക്ക് നൽകിയത്. സംഭവം വൈറലായതോടെ ലിസ് ആ പോസ്റ്റ് തന്റെ പ്രൊഫൈലിൽ പിൻ ചെയ്ത് വെച്ചിരിക്കുകയാണ്. ഇന്ത്യൻ ആരാധകരുടെ കമന്റുകൾ കൊണ്ട് പോസ്റ്റിന് താഴെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കോലിയുടെ പ്രവൃത്തിയിൽ ഭാര്യ അനുഷ്ക ശർമ്മയുടെ പ്രതികരണം എന്തായിരിക്കുമെന്ന ആശങ്കയും ചിലർ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെക്കുന്നുണ്ട്.

കഴിഞ്ഞ വർഷം അവനീത് കൗറിന്റെ ഫോട്ടോയ്ക്ക് ലൈക്ക് വന്നപ്പോൾ കോലി ഉടൻ തന്നെ വിശദീകരണവുമായി എത്തിയിരുന്നു. ഇൻസ്റ്റഗ്രാം ഫീഡ് ക്ലിയർ ചെയ്യുന്നതിനിടെ അൽഗൊരിതത്തിന്റെ മാറ്റങ്ങൾ കാരണം അറിയാതെ സംഭവിച്ചതാണെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ഇത്തവണയും കോലി അൽഗൊരിതത്തെ തന്നെ പഴിചാരുമോ അതോ സാധാരണ ഒരു ലൈക്ക് എന്ന നിലയിൽ ഇതിനെ തള്ളിക്കളയുമോ എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഉറ്റുനോക്കുന്നത്.