Featured Oddly News

വയോധികയെ ഭയപ്പെടുത്തിയതിന്‌ റൊബോട്ട്‌ ‘അറസ്‌റ്റില്‍’, ‘ചരിത്രത്തിലെ ആദ്യത്തെ ‘റൊബോട്ട്‌ അറസ്‌റ്റ്‌’- വീഡിയോ

ബെയ്‌ജിങ്‌: വയോധികയെ ഭയപ്പെടുത്തിയതിനു റൊബോട്ട്‌ ‘അറസ്‌റ്റില്‍’. സയന്‍സ്‌ ഫിക്ഷന്‍ ത്രില്ലര്‍ സിനിമയിലെ രംഗം പോലെയുള്ള സംഭവം നടന്നത്‌ ചൈനയില്‍. 70 വയസുള്ള സ്‌ത്രീയെ പിന്തുടര്‍ന്ന റൊബോട്ടാണു പിടിയിലായത്‌.

വൈറലായ ഒരു വീഡിയോയില്‍, സ്‌ത്രീ റൊബോട്ടിന്‌ നേരെ ബാഗ്‌ വീശുകയും അലറുകയും ചെയ്യുന്നത്‌ കാണാം. റൊബോട്ട്‌ ആവര്‍ത്തിച്ച്‌ കൈകള്‍ ഉയര്‍ത്തുന്നതും… തുടര്‍ന്ന്‌ രണ്ട്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ യൂണിട്രി ജി 1 എന്ന റൊബോട്ടിനെ തോളില്‍ പിടിച്ച്‌ റോഡിലൂടെ കൊണ്ടുപോയി. സ്‌ത്രീ അവരുടെ ഫോണ്‍ പരിശോധിക്കാന്‍ നിന്നപ്പോള്‍ റൊബോട്ട്‌ പിന്നില്‍നിന്നതാണെന്നും അവര്‍ യാത്ര തുടരാന്‍ കാത്തിരിക്കുകയായിരുന്നെന്നും പോലീസ്‌ പറഞ്ഞു. എന്നാല്‍, തന്നെ റൊബോട്ട്‌ പിന്തുടരുന്നതായി തോന്നിയ വയോധിക ഭയന്നുപോയി.

സംഭവത്തിന്‌ ശേഷം, തനിക്ക്‌ സുഖമില്ലെന്ന്‌ സ്‌ത്രീ പോലീസിനോട്‌ പറഞ്ഞു, തുടര്‍ന്ന്‌ പരിശോധനയ്‌ക്കും ചികിത്സയ്‌ക്കുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റൊബോട്ടിനും സ്‌ത്രീക്കും ഇടയില്‍ ശാരീരികമായി ഒരു സംഘര്‍ഷവും ഉണ്ടായിട്ടില്ലെന്ന്‌ ഡോക്‌ടര്‍മാര്‍ ഉറപ്പുവരുത്തി. തുടര്‍ന്നു റൊബോട്ടിന്റെ ഓപ്പറേറ്റര്‍ക്കെതിരേ പരാതി നല്‍കേണ്ടതില്ലെന്നു വയോധിക തീരുമാനിച്ചു.



റൊബോട്ടിനെ ഔദ്യോഗികമായി അറസ്‌റ്റ്‌ ചെയ്‌തില്ലെങ്കിലും, പോലീസ്‌ അതിനെ സംഭവസ്‌ഥലത്ത്‌ നിന്ന്‌ മാറ്റുകയും അതിന്റെ ഉടമയായ 50 വയസ്സുള്ള ഒരാള്‍ക്ക്‌ തിരികെ നല്‍കുകയും ചെയ്‌തു. പോലീസ്‌ അദ്ദേഹത്തിനു മുന്നറിയിപ്പും നല്‍കി. എങ്കിലും, സോഷ്യല്‍ മീഡിയയില്‍, പോലീസുകാര്‍ റൊബോട്ടിനെ കൊണ്ടുപോകുന്ന ഹ്രസ്വ വീഡിയോ, ‘ചരിത്രത്തിലെ ആദ്യത്തെ റൊബോട്ട്‌ അറസ്‌റ്റ്‌’ എന്ന പേരില്‍ നിരവധി മീമുകള്‍ക്ക്‌ കാരണമായി.