മഹാരാഷ്ട്രയിലെ അമരാവതിയിലുള്ള റാംപുരി ക്യാമ്പ് എന്ന ജനവാസ മേഖലയിൽ ചൊവ്വാഴ്ച ഒരു പുള്ളിപ്പുലിയിറങ്ങിയത് വലിയ പരിഭ്രാന്തി പരത്തി. തുടർന്ന് വനംവകുപ്പും പൊലീസും നഗരസഭാ അധികൃതരും ചേര്‍ന്ന് നടത്തിയ വൻ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇതിനെ പിടികൂടാനായത്. ഏകദേശം ഒൻപതോ പത്തോ മാസം പ്രായം തോന്നിക്കുന്ന പുള്ളിപ്പുലി ജനത്തിരക്കേറിയ ഈ പ്രദേശത്തെ ഒരു പാർപ്പിട സമുച്ചയത്തിനുള്ളിൽ കറങ്ങിനടക്കുന്നത് കണ്ടതോടെയാണ് നാട്ടുകാർ ഭീതിയിലായതും പിന്നീട് സ്ഥലത്തേക്ക് വൻ ജനക്കൂട്ടം തടിച്ചുകൂടിയതും.
രക്ഷാപ്രവർത്തകർ പ്രദേശം വളയുന്നതും ഈ സമയം കെട്ടിടത്തിനുള്ളിൽ പുലി നടന്നുനീങ്ങുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനിടയിൽ കെട്ടിടത്തിന്റെ ജനലിലൂടെ പുലി പെട്ടെന്ന് പുറത്തേക്ക് ചാടിയത് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും നാട്ടുകാരെയും ഒരുപോലെ പരിഭ്രാന്തരാക്കി ഓടിച്ചു. എങ്കിലും അധികൃതർ പിന്മാറാതെ രക്ഷാപ്രവർത്തനം തുടർന്നു. അമരാവതി റെസ്ക്യൂ ടീം, പോലീസ്, അമരാവതി മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംയുക്ത സംഘം മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ വലയിലാക്കിയത്.
പ്രദേശത്ത് പുലിയിറങ്ങിയെന്ന വിവരം ലഭിച്ചയുടൻ തന്നെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി റെസ്ക്യൂ ടീം അംഗമായ അമോൽ ഗാവ്നർ പറഞ്ഞു. വളരെ തിരക്കേറിയ ഒരു പ്രദേശമാണിതെന്നും, തിരച്ചിലിനിടയിലാണ് ഇതൊരു വലിയ പുലിയല്ലെന്നും പ്രായം കുറഞ്ഞ ഒന്നാണെന്നും മനസ്സിലായതെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം രണ്ട് മൂന്ന് മണിക്കൂർ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് പുലിക്കുട്ടിയെ സുരക്ഷിതമായി പിടികൂടാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലത്തെത്തിയ മേയർ ശ്രീചന്ദ് തേജ്വാനി സ്ഥിതിഗതികൾ വിലയിരുത്തുകയും ജനങ്ങൾക്ക് ആശ്വാസം പകരുകയും ചെയ്തു.
ഒരു ഗോഡൗൺ പ്രദേശത്താണ് പുലി കയറിയതെന്ന് അറിഞ്ഞയുടൻ തന്നെ മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ടിരുന്നുവെന്ന് മേയർ പറഞ്ഞു. മൂന്ന് മണിക്കൂറിലധികം സമയമാണ് ഉദ്യോഗസ്ഥർ ഇതിനായി വിശ്രമമില്ലാതെ ജോലി ചെയ്തത്. ജനങ്ങൾ ഇനി ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. പ്രദേശവാസികൾക്കോ രക്ഷാപ്രവർത്തകർക്കോ യാതൊരുവിധ പരിക്കുകളുമേൽക്കാതെ പുലിയെ സുരക്ഷിതമായി പിടികൂടി അവിടെനിന്ന് മാറ്റിയതായി പിന്നീട് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.




