Featured Spotlight

‘വെള്ളാപ്പള്ളിക്കെതിരെ ഉറച്ച നിലപാടെടുത്താല്‍ സതീശനൊപ്പം കേരള ജനതയുണ്ടാകും’; വൈറല്‍ കുറിപ്പ്

വി ഡി സതീശനെതിരെ വെള്ളാപ്പള്ളി നടത്തുന്ന പരിഹാസങ്ങളും ആക്ഷേപങ്ങളും സതീശന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ മുതല്കൂട്ടായി മാറുമെന്ന് ബ്ലോഗർ ബഷീർ വള്ളിക്കുന്ന് . വെള്ളാപ്പള്ളിയുടെ അധിക്ഷേപങ്ങൾ സതീശനെ ദുർബലപ്പെടുത്തുകയല്ല, മറിച്ച് കൂടുതൽ കരുത്തനാക്കുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ ബഹുസ്വര സംസ്കാരത്തെ മുറിവേൽപ്പിക്കുന്ന തരത്തിൽ വർഗീയവിഷം കലർത്തുന്ന വെള്ളാപ്പള്ളിയുടെ നിലപാടുകൾക്കെതിരെ ഉറച്ച നിലപാടെടുക്കാൻ സതീശൻ തയ്യാറാകുന്നത് പ്രശംസനീയമാണെന്നും, അത്തരം നിലപാടുകൾക്കൊപ്പം കേരള ജനതയുണ്ടാകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

എസ്എൻഡിപി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചരിത്രദൗത്യത്തിന് വിപരീത ദിശയിലാണ് വെള്ളാപ്പള്ളി സഞ്ചരിക്കുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിനെതിരെയുള്ള പോരാട്ടം പ്രസ്ഥാനത്തിനെതിരെയുള്ളതല്ല, മറിച്ച് അദ്ദേഹത്തിന്റെ വർഗീയ നിലപാടുകൾക്കെതിരെയുള്ളതാണെന്ന് ബഷീർ വള്ളിക്കുന്ന് വ്യക്തമാക്കുന്നു. സതീശനെ ‘ഇന്നലെ പൊട്ടിമുളച്ച തകര’ എന്ന് വെള്ളാപ്പള്ളി പരിഹസിക്കുമ്പോഴും സ്വന്തം പാർട്ടിയിലെ പല നേതാക്കളും പ്രതികരിക്കാൻ ഭയപ്പെടുമ്പോഴും നിലപാടിൽ ഉറച്ചുനിൽക്കുന്ന സതീശന്റെ രാഷ്ട്രീയ ഗ്രാഫ് ഉയരുകയേയുള്ളൂ. സതീശനോട് രാഷ്ട്രീയമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും ഈ വിഷയത്തിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വി ഡി സതീശൻ സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് വെച്ചുപുലർത്തുന്നതെന്നാണ് വെള്ളാപ്പള്ളി നടരാജന്റെ ആരോപണം. സതീശൻ എസ്എൻഡിപി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുകയാണെന്നും, എല്ലാ മതസാമുദായിക സംഘടനകളെയും അധിക്ഷേപിക്കുന്ന ഇദ്ദേഹത്തിന്റെ നിലപാടിൽ കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തത വരുത്തണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെടുന്നു. രാഹുൽ ഗാന്ധിയുടെയും മല്ലികാർജ്ജുന ഖാർഗെയുടെയും അറിവോടെയാണോ സതീശൻ പിന്നാക്ക വിഭാഗങ്ങളെ അപമാനിക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിക്കുന്നു.