Crime Featured

പ്രണയദിന വിരുന്ന് തീർന്നത് കൊലപാതകത്തിൽ: ഭാര്യയുടെ കഴുത്തറുത്ത് ചാർട്ടേഡ് അക്കൗണ്ടന്റ്, കള്ളക്കഥ പൊളിച്ച് പൊലീസ്

ഹരിയാനയിലെ ബഹാദുർഗഡിൽ വാലന്റൈൻസ് ദിനാഘോഷത്തിന് പിന്നാലെ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവും ചാർട്ടേഡ് അക്കൗണ്ടന്റുമായ അൻഷുൽ ധവാന്‍ പിടിയിലായി. ഭാര്യ മഹക്കിനെ കവർച്ചാസംഘം വധിച്ചതാണെന്ന ഭർത്താവ് അൻഷുൽ ധവാന്റെ വാദം കള്ളമാണെന്ന് തെളിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കഴിഞ്ഞ സെപ്റ്റംബറിൽ വിവാഹിതരായ ഇവർ വാലന്റൈൻസ് ദിനത്തിൽ പുറത്തുപോയി ഭക്ഷണം കഴിച്ചു മടങ്ങിയതിന് പിന്നാലെയായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്.

അജ്ഞാതരായ അക്രമികൾ തങ്ങളെ തടഞ്ഞുനിർത്തി കൊള്ളയടിക്കാൻ ശ്രമിച്ചെന്നും ഭാര്യയുടെ കഴുത്തറുത്തെന്നുമാണ് ചാർട്ടേഡ് അക്കൗണ്ടന്റായ അൻഷുൽ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ മൊഴികളിലെ വൈരുദ്ധ്യവും അക്രമികളെക്കുറിച്ച് വ്യക്തമായ സൂചനകൾ നൽകാൻ കഴിയാത്തതും അൻഷുലിനെ സംശയനിഴലിലാക്കി. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. മഹക്കിന്റെ പിതാവ് കൃഷ്ണ കത്തൂരിയയ്ക്കും തുടക്കം മുതലേ മരുമകനെ സംശയമായിരുന്നു.

ഗുരുഗ്രാമിൽ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന മഹക്കിന്റെ സ്വഭാവത്തിലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് അൻഷുൽ കൊലപാതകം നടത്തിയത്. തെളിവ് നശിപ്പിക്കാനായി കയ്യുറകൾ ധരിച്ചെത്തിയ ഇയാൾ മഹക്കിനെ ശ്വാസം മുട്ടിച്ച ശേഷം കത്രിക ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 25-നായിരുന്നു ഇവരുടെ വിവാഹം.

പൊലീസിന്റെ കർശനമായ ചോദ്യം ചെയ്യലിന് മുന്നിൽ ഒടുവിൽ അൻഷുൽ കുറ്റം സമ്മതിച്ചു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *