കണ്ണൂർ പൈതൽമലയിൽ ഭർത്താവിനൊപ്പം ട്രക്കിങ്ങിന് പോയ യുവതി ഇടിമിന്നലേറ്റു മരിച്ചു. ചെറുപുഴ സ്വദേശിയും പുളിങ്ങോം വില്ലേജ് അസിസ്റ്റന്റുമായ അഞ്ജു മാത്യു (31) ആണ് ദാരുണമായി മരണപ്പെട്ടത്.
വൈകിട്ട് ആറുമണിയോടെ ട്രക്കിങ് കഴിഞ്ഞ് പൈതൽമല മഞ്ഞപ്പുല്ലിൽ നിന്ന് തിരിച്ചിറങ്ങുന്നതിനിടെയാണ് ഇവർക്ക് ഇടിമിന്നലേറ്റത്. അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യനും ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർ സനീഷിനും മിന്നലിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഭർത്താവിന്റെ നില ഗുരുതരമാണ്. വാഹനം കടന്നുചെല്ലാത്ത ഉൾപ്രദേശവും കഠിനമായ വഴിയുമായതിനാൽ ഏകദേശം രണ്ട് മണിക്കൂറോളം സമയമെടുത്താണ് ഇവരെ ആശുപത്രിയിൽ എത്തിക്കാനായത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ അഞ്ജു ജീവൻ വെടിഞ്ഞിരുന്നു.
പുതുതായി വാങ്ങിയ സ്കൂട്ടറിൽ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാനായി രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു ഈ ദമ്പതികൾ. യാത്രയ്ക്കിടയിൽ പൈതൽമല ഭാഗത്ത് എത്തിയപ്പോൾ വനംവകുപ്പിന്റെ കൗണ്ടറിൽ നിന്നും ടിക്കറ്റെടുത്ത് ഇരുവരും പൈതൽമല മഞ്ഞപ്പുല്ലിലേക്ക് ട്രക്കിങ്ങിന് പോവുകയായിരുന്നു.




