ദാമ്പത്യബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്ന പ്രധാന വിഷയങ്ങളിലൊന്നാണ് ലൈംഗികതയെന്നും പങ്കാളിയുടെ ലൈംഗികശേഷിയിൽ തൃപ്തരല്ലാത്തവർ ഏറെയാണെന്നുമാണ് പഠനങ്ങൾ പറയുന്നത്. ഈ സാഹചര്യത്തിൽ, സ്ത്രീകൾക്ക് കൂടുതൽ ലൈംഗിക സംതൃപ്തി നൽകുമെന്ന് അവകാശപ്പെടുന്ന ‘ഒ ഷോട്ട്’ അഥവാ ഓർഗാസം ഷോട്ടുകൾക്ക് രാജ്യത്ത് പ്രചാരമേറുകയാണ്.
വിവാഹത്തിന് മുൻപായി പല പെൺകുട്ടികളും ഇത്തരം ചികിത്സകൾ തേടുന്നുണ്ടെന്നും ഉയർന്ന ലൈംഗികശേഷിയും ശക്തമായ രതിമൂർച്ഛയുമാണ് ഇതിലൂടെ ലഭിക്കുന്ന വാഗ്ദാനമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ ചികിത്സാ രീതിക്ക് പിന്നിൽ വലിയ തട്ടിപ്പുകൾ ഒളിഞ്ഞിരിപ്പുണ്ടെന്ന ആശങ്കയും ശക്തമാണ്.
സ്ത്രീകളുടെ സ്വന്തം രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ചെടുത്ത് ജനനേന്ദ്രിയ ഭാഗങ്ങളിൽ കുത്തിവെക്കുന്ന രീതിയാണിത്. ഇത് ശരീരഭാഗങ്ങളുടെ സംവേദനക്ഷമത വർദ്ധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. സ്വന്തം പ്ലാസ്മ ഉപയോഗിക്കുന്നതിനാൽ സാധാരണഗതിയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറില്ലെങ്കിലും, ചിലരിൽ കുത്തിവെപ്പെടുത്ത ഭാഗങ്ങളിൽ ചൊറിച്ചിലും തടിപ്പും കണ്ടുവരാറുണ്ട്. എങ്കിലും ഇത്തരം ചികിത്സകൾ കൊണ്ട് പ്രത്യേക നേട്ടങ്ങളൊന്നുമില്ലെന്ന് വാദിക്കുന്ന വിദഗ്ധരും നിരവധിയാണ്.
പലപ്പോഴും ശാരീരികമായ തടസ്സങ്ങളേക്കാൾ മാനസികമായ പ്രശ്നങ്ങളാണ് സ്ത്രീകളുടെ ലൈംഗിക സംതൃപ്തിയെ ബാധിക്കുന്നത്. മാനസിക സമ്മർദ്ദം മൂലം ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾക്ക് ശാസ്ത്രീയമായ ചികിത്സകളും മനഃശാസ്ത്രപരമായ സമീപനങ്ങളുമാണ് വേണ്ടത്.
ഇന്ത്യാ ടുഡെ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പല ക്ലിനിക്കുകൾക്കും ഒ ഷോട്ടുകളെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും, ജനനേന്ദ്രിയത്തിൽ നൽകേണ്ട കുത്തിവെപ്പുകൾ അവർ കൈത്തണ്ടയിലാണ് നൽകുന്നതെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.




