Featured Sports

നമീബിയയും നമിച്ചു! ഇന്ത്യക്ക്‌ 93 റണ്‍സ്‌ ജയം; ‘കറക്കി വീഴ്ത്തി’ വരുൺ, 3 വിക്കറ്റ്, സഞ്‌ജുവിന് 8പന്തില്‍ 22 റണ്‍സ്

ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പ്‌ ക്രിക്കറ്റ്‌ ഗ്രൂപ്പ്‌ എ മത്സരത്തില്‍ ഇന്ത്യക്കെതിരേ ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ ആഫ്രിക്കന്‍ രാജ്യം നമീബിയ അത്ഭുതങ്ങളൊന്നും കാണിക്കാതെ കീഴടങ്ങി. ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ നമീബിയയെ 93റണ്‍സിനു പരാജയപ്പെടുത്തി.

ഇന്ത്യ ഉയര്‍ത്തിയ 209/9 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയയ്‌ക്ക് 18.2 ഓവറില്‍ 116 റണ്‍സ്‌ നേടാനെ സാധിച്ചുള്ളൂ. നമീബിയക്കായി ഓപ്പണര്‍മാരായ ലൗറന്‍ സ്‌റ്റീന്‍കാമ്പ്‌ (20 പന്തില്‍ 29), ജാന്‍ ഫ്രൈലങ്ക്‌ (15 പന്തില്‍ 22) എന്നിവര്‍ മികച്ച തുടക്കം നല്‍കി ഒരുഘട്ടത്തില്‍ വിജയ തീരത്തെത്തിക്കുമെന്ന പ്രതീതി സൃഷ്‌ടിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ അനുഭവ സമ്പത്തിനു മുന്നില്‍ ആഫ്രിക്കന്‍ രാജ്യം ചീട്ടുകൊട്ടാരമായി.
ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി 3, ഹാര്‍ദിക്‌ പാണ്ഡ്യ 2, അക്‌സര്‍ പട്ടേല്‍ 2, അര്‍ഷ്‌ദീപ്‌ സിങ്‌, ശിവം ദുബെ, ജസ്‌പ്രീത്‌ ബുംറ എന്നിവര്‍ യഥാക്രമം ഓരോ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ഇന്ത്യ സഞ്‌ജുവിന്റെ തകര്‍പ്പന്‍ തുടക്കത്തോടെയാണ്‌ ഇന്നിങ്‌സ് ആരംഭിച്ചത്‌. പക്ഷേ സമീപകാലത്തെ ‘പ്രകടനം’ സഞ്‌ജു ആവര്‍ത്തിച്ചു പുറത്തായി. പിന്നീട്‌ ഇഷാന്‍ കിഷനും ഹാര്‍ദിക്‌ പാണ്ഡ്യയും ആഞ്ഞടിച്ചു. പക്ഷേ ഒടുക്കം തുടരെ വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച്‌ കൂറ്റന്‍ സ്‌കോര്‍ നേടാനുള്ള അവസരം ഇന്ത്യ നശിപ്പിച്ചു.

ഒരുഘട്ടത്തില്‍ മുന്നൂറിനടുത്തു വരെ എത്തുമെന്നു തോന്നിച്ച സ്‌കോറാണ്‌ കൃത്യമായ ഇടവേളകളിലും പിന്നീട്‌ അവസാന രണ്ട്‌ ഓവറില്‍ വെറും നാല്‌ റണ്‍സിനിടെ 5 വിക്കറ്റ്‌ വീഴ്‌ത്തിയും നമീബിയ ഒതുക്കിയത്‌.

ആദ്യ പത്ത്‌ ഓവറില്‍ 120 റണ്‍സ്‌ നേടിയ ഇന്ത്യയ്‌ക്ക് അവസാന പത്ത്‌ ഓവറില്‍ 89 റണ്‍സ്‌ നേടാനെ സാധിച്ചുള്ളൂ. അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷന്‍ (24 പന്തില്‍ 61), ഹാര്‍ദിക്‌ പാണ്ഡ്യ (28 പന്തില്‍ 52) എന്നിവരാണ്‌ ഇന്ത്യയ്‌ക്കു വേണ്ടി തിളങ്ങിയത്‌. ഓള്‍റൗണ്ടര്‍ ശിവം ദുബെ 16 പന്തില്‍ 23 റണ്‍സെടുത്തപ്പോള്‍ ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്‌ജു സാംസണ്‍ എട്ടു പന്തില്‍ 22 റണ്‍സെടുത്തു.

നമീബിയയ്‌ക്കു വേണ്ടി ക്യാപ്‌റ്റന്‍ ജെറാര്‍ഡ്‌ ഇറാസ്‌മസ്‌ നാലു വിക്കറ്റെടുത്തു. ആദ്യ ഓവറിലെ അവസാന പന്തില്‍ സിക്‌സടിച്ച്‌ സഞ്‌ജു സാംസണ്‍ ആണ്‌ തുടങ്ങിയത്‌. ട്വന്റി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍, ഇതോടെ സിക്‌സടിച്ച്‌ അക്കൗണ്ട്‌ തുറക്കാന്‍ താരത്തിനായി. തൊട്ടടുത്ത ഓവറില്‍ നേരിട്ട ആദ്യ രണ്ടു പന്തും സഞ്‌ജു സിക്‌സടിച്ചതോടെ ഹാട്രിക്‌ സിക്‌സായി. അടുത്ത പന്ത്‌ ബൗണ്ടറിയും നേടി. എന്നാല്‍ തൊട്ടടുത്ത പന്ത്‌ വീണ്ടും സിക്‌സടിക്കാന്‍ ശ്രമിച്ച സഞ്‌ജു പുറത്തായി. 8 പന്തില്‍ മൂന്നു സിക്‌സും ഒരു ബൗണ്ടറിയും സഹിതം 22 റണ്‍സാണ്‌ സഞ്‌ജുവിന്‌ നേടാനായത്‌. എന്നാല്‍ ഇതിനുശേഷമാണ്‌ ഇഷാന്‍ കിഷന്‍ കത്തിക്കയറിയത്‌.

ബൗണ്ടറികളും സിക്‌സറുകളുമായി ഇഷാന്‍ കളം നിറഞ്ഞതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചുയര്‍ന്നു. പവര്‍പ്ലേയ്‌ക്കുള്ളില്‍ തന്നെ വെറും 20 പന്തില്‍ താരം അര്‍ധസെഞ്ചറി നേടി. ആറാം ഓവറില്‍ തുടര്‍ച്ചയായ നാല്‌ സിക്‌സും ഒരു ബൗണ്ടറിയും സഹിതം 28 റണ്‍സാണ്‌ താരം അടിച്ചുകൂട്ടിയത്‌. ആകെ അഞ്ച്‌ സിക്‌സും ആറു ഫോറുമടിച്ച താരം എട്ടാം ഓവറിലാണ്‌ പുറത്തായത്‌. അപ്പോഴേയ്‌ക്കും ഇന്ത്യന്‍ സ്‌കോര്‍ 104ല്‍ എത്തിയിരുന്നു.
എന്നാല്‍ അധികം വൈകാതെ തന്നെ ക്യാപ്‌റ്റന്‍ സൂര്യകുമാര്‍ യാദവും (13 പന്തില്‍ 12) തിലക്‌ വര്‍മയും (21 പന്തില്‍ 25) അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ ഇന്ത്യയുടെ സ്‌കോറിങ്‌ വേഗം കുറഞ്ഞു. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക്‌ പാണ്ഡ്യയും ശിവം ദുബെയും ചേര്‍ന്നാണ്‌ ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്‌. ഇരുവരും ചേര്‍ന്ന്‌ 89 റണ്‍സാണ്‌ കൂട്ടിച്ചേര്‍ത്തത്.

4 വീതം സിക്‌സും ഫോറും സഹിതം 28 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ഹാര്‍ദിക്‌, ഇതിനു തൊട്ടുപിന്നാലെ പുറത്തായത്‌ ഇന്ത്യയ്‌ക്കു തിരിച്ചടിയായി. 18.1 ഓവറില്‍ 4ന്‌ 205 എന്ന നിലയിലായിരുന്ന ഇന്ത്യ ഒറ്റയടിക്ക്‌ 9ന്‌ 209 എന്ന നിലയിലേക്ക്‌ വീണു. ശിവം ദുബെ (16 പന്തില്‍ 23), അക്ഷര്‍ പട്ടേല്‍ (0), റിങ്കു സിങ്‌ (6 പന്തില്‍ 1), അര്‍ഷ്‌ദീപ്‌ സിങ്‌ (2 പന്തില്‍ 2) എന്നിവരാണ്‌ ഹര്‍ദിക്കിനു പിന്നാലെ ഔട്ടായത്‌. ഇതോടെ 230 എങ്കിലും കടക്കേണ്ട സ്‌കോര്‍ 209-ല്‍ ഒതുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *