Oddly News

”മാനസികാരോഗ്യം തകരുന്നത് ഭയാനകം, രാജി വെയ്ക്കാതെ മാര്‍ഗമില്ല” ; ഓപ്പണ്‍ എഐയിലെ ഉദ്യോഗസ്ഥന്റെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍

ലോകത്തെ മുന്‍നിര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ലാബുകളിലെ ജോലി സാഹചര്യങ്ങളെക്കുറിച്ച് അപൂര്‍വ്വമായ വെളിപ്പെടുത്തലുമായി മുന്‍ ഓപ്പണ്‍ എഐ (OpenAI), xAI ജീവനക്കാരന്‍ രംഗത്ത്. എഐ രംഗത്തെ ഏറ്റവും അഭിമാനകരമായ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടും, തന്റെ മാനസികാരോഗ്യം അവഗണിക്കാന്‍ കഴിയാത്ത വിധം വഷളായതായി ഗവേഷകനായ ഹ്യൂ ഫാം (Hieu Pham) വെളിപ്പെടുത്തി. മുന്‍പ് ഇത്തരം പ്രശ്‌നങ്ങളെ നിസ്സാരമായി കണ്ടിരുന്ന തനിക്ക്, ഇപ്പോള്‍ ഇത് പേടിപ്പെടുത്തുന്ന ദൈനംദിന യാഥാര്‍ത്ഥ്യമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗൂഗിള്‍ ഡീപ് മൈന്‍ഡിലും (Google DeepMind) പ്രവര്‍ത്തിച്ചിട്ടുള്ള ഫാം, ഏഴ് മാസത്തിലേറെയായി ഓപ്പണ്‍ എഐയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ”ഓപ്പണ്‍ എഐ വിടുക എന്ന പ്രയാസകരമായ തീരുമാനം ഞാന്‍ എടുത്തിരിക്കുന്നു. ഇവിടെയും അതിനുമുമ്പ് xAI-യിലും ജോലി ചെയ്തത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അനുഭവമായിരുന്നു. എഐ മേഖലയിലെയോ ടെക് ലോകത്തെയോ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും മികച്ച മനുഷ്യരെയാണ് ഞാന്‍ അവിടെ കണ്ടുമുട്ടിയത്.” – ഹ്യൂ ഫാം ട്വിറ്ററില്‍ കുറിച്ചു

” ഈ കമ്പനികളില്‍ വെച്ച്, നമ്മുടെ ജീവിതത്തെ അര്‍ത്ഥവത്തായ രീതിയില്‍ മെച്ചപ്പെടുത്താന്‍ കഴിയുന്ന അതിബുദ്ധിയുള്ള നിര്‍മ്മിത ബുദ്ധി രൂപങ്ങള്‍ (intelligent entities) സൃഷ്ടിക്കാന്‍ ഞാന്‍ സഹായിച്ചു. ആ ജോലിയില്‍ എനിക്ക് അഭിമാനമുണ്ട്. പക്ഷേ ഈ തീവ്രമായ ജോലിക്ക് വലിയൊരു വില നല്‍കേണ്ടി വന്നു. ഞാന്‍ ഇത് എന്നെങ്കിലും പറയുമെന്ന് കരുതിയതല്ല, പക്ഷേ ഞാന്‍ പൂര്‍ണ്ണമായും തളര്‍ന്നിരിക്കുന്നു (Burnt out). മുന്‍പ് ഞാന്‍ പരിഹസിച്ചു തള്ളിയിരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ യഥാര്‍ത്ഥമാണ്; അത് ദുസ്സഹവും ഭയാനകവും അപകടകരവുമാണ്.”- അദ്ദേഹം കുറിയ്ക്കുന്നു.

”ഞാന്‍ എഐ ലാബുകളില്‍ നിന്നുള്ള ജോലിയില്‍ നിന്നും ഒരു ഇടവേള എടുക്കുകയാണ്. എന്റെ കുടുംബത്തോടൊപ്പം സ്വന്തം നാടായ വിയറ്റ്‌നാമിലേക്ക് പോകുന്നു,അവിടെ വെച്ച് പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനും എന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടെത്താനും ഞാന്‍ ശ്രമിക്കും. ഞാന്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുവരെ വിട.”- ഫാം കുറിച്ചു.

ഫാമിന്റെ പോസ്റ്റിന് വലിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ”ഇത് വല്ലാതെ സ്പര്‍ശിച്ചു. മുന്‍നിര സ്ഥാപനങ്ങളിലെ ജോലി സമ്മര്‍ദ്ദം തമാശയല്ല. സ്വന്തം ആരോഗ്യം നോക്കുക. ജോലി എന്നും അവിടെയുണ്ടാകും, പക്ഷേ നിങ്ങള്‍ ഉണ്ടായില്ലെങ്കില്‍ പിന്നെ അതില്‍ അര്‍ത്ഥമില്ല.” – ഒരാള്‍ ഇങ്ങനെ കുറിച്ചു.

”എഐ മേഖലയിലെ അമിതമായ വളര്‍ച്ച കാരണം 2026 ഡെവലപ്പര്‍മാരുടെ തളര്‍ച്ചയുടെ (burnout) വര്‍ഷമായിരിക്കുമെന്ന് ലിങ്ക്ഡ്ഇന്നില്‍ ആളുകള്‍ പ്രവചിക്കുന്നുണ്ട്. ജീവിതത്തില്‍ ബാലന്‍സ് വളരെ പ്രധാനമാണ്.” – മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.