സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരെ കൂട്ടാൻ തെരുവ് നായയെ ഉപയോഗിച്ച് ക്രൂരമായ ‘100 ദിവസത്തെ നായ ബിരിയാണി ചലഞ്ച്’ നടത്തിയ പഞ്ചാബ് സ്വദേശിയായ ഇൻഫ്ലുവൻസർക്കെതിരെ വ്യാപക പ്രതിഷേധം. നായയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതും അതിനെ താലോലിക്കുന്നതുമായ വീഡിയോകൾ പങ്കുവെച്ചിരുന്ന ഇയാൾ, 100 ദിവസം കഴിയുമ്പോൾ ഈ നായയെ കൊന്ന് ബിരിയാണി വെച്ച് കഴിക്കുമെന്നായിരുന്നു നിരന്തരം അവകാശപ്പെട്ടിരുന്നത്.
ആദ്യ ദിവസം മുതൽ തന്നെ ഇയാളുടെ വീഡിയോകൾക്കെതിരെ മൃഗസ്നേഹികൾ രംഗത്തെത്തിയിരുന്നു. എന്നാൽ വിമർശനങ്ങളെ അവഗണിച്ച് ഇയാൾ വീഡിയോകൾ തുടരുകയായിരുന്നു. ചലഞ്ച് തുടങ്ങിയ സമയത്ത് ചെറിയൊരു നായ്ക്കുട്ടിയായിരുന്ന ‘ജിമ്മി’ എന്ന് പേരുള്ള ഈ നായ, 92-ാം ദിവസത്തെ വീഡിയോയിൽ വളർന്ന് വലുതായിരുന്നു. 100 ദിവസം തികയുമ്പോൾ നായയെ കൊല്ലുമെന്ന ഭീഷണി തുടർന്നത് സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായി.
രക്ഷാപ്രവർത്തനം
ചലഞ്ച് ഭയാനകമായ അന്ത്യത്തിലേക്ക് എത്തുന്നതിന് മുൻപ് തന്നെ മൃഗക്ഷേമ പ്രവർത്തകരും വളർത്തുമൃഗ സ്നേഹികളും ഇടപെട്ടു. യുവാവിന്റെ ലൊക്കേഷൻ കണ്ടെത്തിയ സംഘം അവിടെയെത്തി അയാളെ തടഞ്ഞു. ഉടൻ തന്നെ ചലഞ്ച് അവസാനിപ്പിക്കാൻ അവർ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് യുവാവ് പരസ്യമായി മാപ്പപേക്ഷിച്ചു. തന്റെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ജിമ്മി സുരക്ഷിതനാണ്
രക്ഷാപ്രവർത്തകർ പങ്കുവെച്ച വീഡിയോകളിൽ, ജിമ്മി ഇപ്പോൾ സുരക്ഷിതനാണെന്ന് അവർ സ്ഥിരീകരിച്ചു. നായ തങ്ങളുടെ സംരക്ഷണത്തിലാണെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ ജിമ്മിയുടെ ദൃശ്യങ്ങളും അവർ പുറത്തുവിട്ടു.
കാഴ്ചക്കാരെ കൂട്ടാൻ ഏതറ്റം വരെയും പോകുന്ന ഇത്തരം കണ്ടന്റ് ക്രിയേറ്റർമാർക്കെതിരെ കർശന നടപടി വേണമെന്നും മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയാൻ ശക്തമായ നിയമങ്ങൾ വേണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യമുയരുന്നുണ്ട്. ജിമ്മി സുരക്ഷിതനാണെങ്കിലും, പ്രശസ്തിക്ക് വേണ്ടി ഇത്തരം നിലവാരമില്ലാത്ത പ്രവർത്തികൾ ചെയ്യുന്നത് സമൂഹത്തിന് ഭീഷണിയാണെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.




