Featured Sports

അഭിഷേക് ശർമയെ ഗ്രൗണ്ടിൽ കിട്ടണമെന്ന് പാക്ക് ക്യാപ്റ്റന്‍, ‘താരിഖിന്റെ ബൗളിങ്‌ ആക്ഷനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അനാവശ്യം’

കൊളംബോ: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക്‌ ശര്‍മയെ ഗ്രൗണ്ടില്‍ നേരിടാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണു താനെന്ന്‌ പാകിസ്‌താന്‍ ക്രിക്കറ്റ്‌ ടീം നായകന്‍ സല്‍മാന്‍ ആഗ. ഇന്നു നടക്കുന്ന മത്സരത്തിനു മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആഗ.

ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന് വിശ്രമത്തിലുള്ള അഭിഷേക് ടീമിനൊപ്പം കൊളംബോയിൽ എത്തിയിട്ടുണ്ടെങ്കിലും ‍ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ താരം കളിക്കാൻ ഇറങ്ങുമോയെന്നു വ്യക്തമല്ല. അഭിഷേക് ഇറങ്ങിയില്ലെങ്കിൽ സഞ്ജു സാംസൺ– ഇഷാൻ കിഷൻ സഖ്യമായിരിക്കും പാക്കിസ്ഥാനെതിരെയും ഇന്നിങ്സ് ഓപ്പൺ ചെയ്യുക. അതേസമയം അഭിഷേക് കളിക്കുമെന്നാണു പ്രതീക്ഷയെന്ന് സൽമാൻ ആഗ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ താരങ്ങളുമായി ഹസ്‌തദാനം ഉണ്ടാകുമോയെന്ന ചോദ്യത്തോടു പ്രതികരിക്കാന്‍ പാക്‌ നായകന്‍ തയാറായില്ല. ”മത്സരത്തില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്‌പിരിറ്റ്‌ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. മറ്റു കാര്യങ്ങള്‍ പിന്നീട്‌ മനസ്സിലാകും.” ആഗ പ്രതികരിച്ചു.

ഉസ്‌മാന്‍ താരിഖിന്റെ ബൗളിങ്‌ ആക്ഷനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും ആഗ വ്യക്‌തമാക്കി. താരിഖിന്റെ ആക്ഷനെക്കുറിച്ച് ആളുകൾ എന്തു പറയുന്നു എന്നതു ഞങ്ങൾക്കു ബാധകമല്ല. അദ്ദേഹം രണ്ടു തവണ അതു തെളിയിച്ചതാണ്. പിന്നെന്തിനാണ് ഇത്രയും ചർച്ചയെന്നു മനസ്സിലാകുന്നില്ല.’’– സൽമാൻ ആഗ വ്യക്തമാക്കി.

ഉസ്‌മാന്‍ താരിഖിനെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ എങ്ങനെ നേരിടുമെന്നറിയാന്‍ ആരാധകര്‍ കാത്തിരിക്കുന്നുണ്ട്‌. ആക്ഷന്‍ തുടങ്ങിയ ശേഷം കുറച്ചു നേരം പന്ത്‌ പിടിച്ച ശേഷം പന്തെറിയുന്ന ആക്ഷനാണു ബാറ്റര്‍മാരെ വിഷമത്തിലാക്കുന്നത്‌. അതേസമയം താരിഖ് പന്ത് ‘എറിയുന്നതാണെന്ന്’ ആരോപണവും നിലനിൽക്കുന്നുണ്ട്. മുന്‍ ഇന്ത്യൻ താരം ആർ. അശ്വിൻ താരിഖിനെ പരസ്യമായി പിന്തുണച്ചിരുന്നു.